
നാഗ്പുർ: 'നീറ്റ്' പരീക്ഷയിലെ ക്രമക്കേടുകളെയും ചോദ്യപ്പേപ്പർ ചോർച്ചയെയും കുറിച്ചുള്ള വാർത്തകളിൽ മനംനൊന്ത് മധ്യപ്രദേശ് സ്വദേശിയായ വിദ്യാർത്ഥിനി നാഗ്പുരിൽ ജീവനൊടുക്കി. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ മഗനിയ സ്വദേശിയായ ആകാൻക്ഷ ചതുർവേദി (18) ആണ് മരിച്ചത്. നാഗ്പുരിലെ സ്വകാര്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന ആകാൻക്ഷയെ മെയ് 20-നാണ് താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം കുടുംബത്തിന് ലഭിച്ച ആകാൻക്ഷയുടെ ആത്മഹത്യാക്കുറിപ്പ്, ആ പെൺകുട്ടി അനുഭവിച്ച കടുത്ത മാനസിക വിഷമം വ്യക്തമാക്കുന്നതാണ്.
"അമ്മേ, അച്ഛാ... നിങ്ങളുടെ മകൾ നന്നായി പഠിച്ച് ഒരു ഡോക്ടറാകുമെന്ന് നിങ്ങൾക്ക് വലിയ വിശ്വാസമായിരുന്നു. എന്നാൽ ഇനി ഒരിക്കൽക്കൂടി നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യം എനിക്കില്ല."– ആകാൻക്ഷ കത്തിൽ കുറിച്ചു. "ആദ്യ ശ്രമത്തിൽ എനിക്ക് നല്ല മാർക്ക് ലഭിക്കുമായിരുന്നു. എന്നാൽ ഇനിയൊരു പരീക്ഷയിൽ എനിക്ക് നന്നായി ചെയ്യാൻ കഴിയുമെന്ന് ഒരു ഉറപ്പുമില്ല. അമ്മേ, അച്ഛാ എന്നോട് ക്ഷമിക്കൂ. ഞാൻ എല്ലാം നശിപ്പിച്ചു."– കത്തിൽ പറയുന്നു.
ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമാണ് ആകാൻക്ഷ. മകളുടെ വിദ്യാഭ്യാസത്തിനായി അച്ഛൻ കൃഷ്ണകുമാർ ചൗബെ വലിയ സാമ്പത്തിക ബാധ്യതകളാണ് ഏറ്റെടുത്തിരുന്നത്. സ്വന്തമായുള്ള ചെറിയ കൃഷിഭൂമിയിലെ വരുമാനത്തിന് പുറമെ, മകളുടെ കോച്ചിങ് ഫീസിനും വീട്ടുചെലവുകൾക്കുമായി അദ്ദേഹം നാഗ്പുരിൽ പാചകക്കാരനായും ജോലി ചെയ്തിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്തും മറ്റ് ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് ആകാൻക്ഷയെ പഠിപ്പിച്ചിരുന്നത്.
പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ആകാൻക്ഷ വലിയ ആത്മവിശ്വാസത്തിലായിരുന്നെന്ന് അമ്മാവൻ ജഗദീഷ് പ്രസാദ് ചതുർവേദി പറയുന്നു. പരീക്ഷയിൽ 650-ലധികം മാർക്ക് ലഭിക്കുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ പരീക്ഷാ ക്രമക്കേടുകളെയും ചോദ്യപ്പേപ്പർ ചോർച്ചയെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ അവൾ കടുത്ത മാനസികാഘാതത്തിലായി. ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതും പൂർണ്ണമായും നിർത്തി.
കഠിനാധ്വാനം ചെയ്ത് എഴുതിയ പരീക്ഷയ്ക്ക് യാതൊരു വിലയും ഇല്ലാതാകുമോ എന്ന ഭയമാണ് അവളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വർഷങ്ങളോളം കഠിനമായി പരിശ്രമിച്ച് മത്സരാധിഷ്ഠിത പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളിൽ ഇത്തരം പരീക്ഷാ വിവാദങ്ങൾ എത്രത്തോളം കടുത്ത മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. ഡോക്ടറാകാൻ കൊതിച്ച മകളുടെ മരണം മാതാപിതാക്കളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്
