
റായ്പൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന നിർണ്ണായക പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൽ അഴിച്ചുപണി വേണമെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ബൗളിംഗിൽ കൂടുതൽ കരുത്താരെ ഉൾപ്പെടുത്തണമെന്നാണ് സഹീറിന്റെ പക്ഷം.
റായ്പൂരിലെ പിച്ചിൽ പന്തിന് അപ്രതീക്ഷിതമായി ബൗൺസ് ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഫാസ്റ്റ് ബൗളർമാർക്ക് ഇത് അനുകൂലമായേക്കാം. ഈ സാഹചര്യത്തിൽ റൊമാരിയോ ഷെപ്പേർഡ്, ജേക്കബ് ബെഥൽ എന്നിവരിൽ ഒരാളെ മാറ്റിനിർത്തി ഒരു സ്പെഷ്യലിസ്റ്റ് പേസറെ ഉൾപ്പെടുത്തണമെന്ന് സഹീർ നിർദേശിച്ചു. ജേക്കബ് ഡഫിയെപ്പോലൊരു ബൗളറെ കൊണ്ടുവരുന്നത് ആർസിബിയുടെ ബൗളിംഗ് നിരയെ കൂടുതൽ ശക്തമാക്കും.
സ്പിന്നർ സുയാഷ് ശർമ്മയുടെ മോശം ഫോമും സഹീർ ഖാൻ ചൂണ്ടിക്കാട്ടി. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 7 വിക്കറ്റ് മാത്രമാണ് സുയാഷ് വീഴ്ത്തിയത്, ഇക്കോണമി റേറ്റാകട്ടെ 8.57, റായ്പൂരിലെ പിച്ച് സ്പിന്നർമാരെ കാര്യമായി തുണയ്ക്കാത്തതിനാൽ സുയാഷിന് പകരം വെങ്കിടേഷ് അയ്യറെ ബാറ്റിംഗ് നിരയിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ അവസാന പന്തിൽ രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയം സ്വന്തമാക്കിയാണ് രജത് പാട്ടിദാർ നയിക്കുന്ന ആർസിബി വരുന്നത്. 39 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന ടീമിനെ 46 പന്തിൽ 73 റൺസ് നേടിയ ക്രുണാൽ പാണ്ഡ്യയാണ് കരകയറ്റിയത്. ഭുവനേശ്വർ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ 166 റൺസിൽ ഒതുക്കാൻ സഹായിച്ചത്. ഇന്ന് കൊൽക്കത്തയ്ക്കെതിരെ ഇറങ്ങുമ്പോൾ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തുക എന്ന ലക്ഷ്യവും ആർസിബിക്കുണ്ട്.
