
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ് തരംഗം വീശിയടിക്കുകയും ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതിന് പിന്നാലെ പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയില്‍ വന്‍ പൊട്ടിത്തെറി. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമാവുകയും ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ രംഗത്തുവരികയും ചെയ്തതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെ എഐഎഡിഎംകെയില്‍ സമാന്തര യോഗങ്ങള്‍ നടന്നത് തമിഴകത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നതിന്റെ സൂചനയാണ്.
എടപ്പാടി പളനിസ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളായ സി.വി. ഷണ്മുഖവും എസ്.പി. വേലുമണിയും എംഎല്‍എമാരുടെ രഹസ്യയോഗം വിളിച്ചുചേര്‍ത്തതാണ് ഇപിഎസ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ള 47 എംഎല്‍എമാരില്‍ 36 പേരും ഷണ്മുഖത്തിനൊപ്പം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ്യെയും ടിവികെയെയും പിന്തുണയ്ക്കാന്‍ ഈ വിമത വിഭാഗം ആലോചിക്കുന്നതായും സൂചനയുണ്ട്. ഇപിഎസിന്റെ ശക്തികേന്ദ്രമായ കൊങ്കു മണ്ഡലത്തില്‍ നിന്നുള്ള ശക്തനായ നേതാവ് എസ്.പി. വേലുമണി കൂടി വിമത പക്ഷത്തോടൊപ്പം ചേര്‍ന്നത് പളനിസ്വാമിയുടെ നില പരിതാപകരമാക്കിയിട്ടുണ്ട്.
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേരിട്ട കനത്ത തോല്‍വികളാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിനെതിരെ തിരിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. ഇപിഎസിന്റെ കീഴില്‍ പാര്‍ട്ടിക്ക് അസ്തിത്വം നഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷ പദവി പോലും നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും വിമതര്‍ ആരോപിക്കുന്നു. എടപ്പാടി പളനിസ്വാമി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും സി.വി. ഷണ്മുഖത്തെ പാര്‍ട്ടി തലപ്പത്തോ പ്രതിപക്ഷ നേതാവ് സ്ഥാനത്തോ പ്രതിഷ്ഠിക്കണമെന്നുമാണ് വിമതരുടെ പ്രധാന ആവശ്യം. അധികാരം ഒരാളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്നെ ഈ ഭിന്നത പ്രകടമായിരുന്നു. എടപ്പാടി പളനിസ്വാമിക്കൊപ്പം 11 എംഎല്‍എമാര്‍ മാത്രം എത്തിയപ്പോള്‍ ബാക്കിയുള്ള 36 പേരും ഷണ്മുഖത്തിനൊപ്പമാണ് സഭയിലെത്തിയത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരണമെന്ന ആവശ്യവും വിമതര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഡിഎംകെ സഖ്യം വിട്ട് കോണ്‍ഗ്രസും മറ്റ് ഇടത് പാര്‍ട്ടികളും ടിവികെയെ പിന്തുണച്ചതിന് പിന്നാലെ എഐഎഡിഎംകെയിലെ ഒരു വിഭാഗം കൂടി വിജയ്യെ അനുകൂലിച്ചാല്‍ തമിഴ് രാഷ്ട്രീയത്തില്‍ ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചുള്ള പഴയ ദ്വന്ദം എന്നെന്നേക്കുമായി അവസാനിക്കും.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വെറും 47 സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇതോടെ നിയമസഭയിലെ പ്രതിപക്ഷ പാര്‍ട്ടി എന്ന പദവിയും അവര്‍ക്ക് നഷ്ടമായി. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളും സഖ്യ തീരുമാനങ്ങളിലെ പാളിച്ചകളും കാരണം സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ ഇപിഎസിനോട് കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായാണ് അഞ്ച് വര്‍ഷത്തിലധികം എഐഎഡിഎംകെ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ചേരിപ്പോര് ഒരു പുതിയ നേതൃത്വത്തിന് വഴിവെക്കുമോ അതോ മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഈ അപ്രതീക്ഷിത നീക്കങ്ങള്‍ എടപ്പാടി പളനിസ്വാമിയുടെ രാഷ്ട്രീയ ഭാവിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
