
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരം പി.ആര്. ശ്രീജേഷും ഹോക്കി ഇന്ത്യയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെതിരെ ശ്രീജേഷ് പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ഹോക്കി ഇന്ത്യയും രംഗത്തെത്തി. വിദേശ പരിശീലകന് വേണ്ടി തന്നെ മാറ്റിനിര്‍ത്തി എന്ന ശ്രീജേഷിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഫെഡറേഷന്റെ നിലപാട്.
തന്റെ കീഴില്‍ ടീം പങ്കെടുത്ത അഞ്ച് ടൂര്‍ണമെന്റുകളിലും മെഡലുകള്‍ നേടിയിട്ടും തന്നെ മാറ്റിയതിലുള്ള അതൃപ്തി ശ്രീജേഷ് സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. ജൂനിയര്‍ ഏഷ്യാ കപ്പിലെ സ്വര്‍ണ്ണവും ജൂനിയര്‍ ലോകകപ്പിലെ വെങ്കലവും ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദേശികളോടുള്ള ഈ അമിത താല്‍പ്പര്യം ദേശീയ പരിശീലകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന് കുറ്റപ്പെടുത്തി. സീനിയര്‍ ടീം പരിശീലകന് ക്രെയ്ഗ് ഫുള്‍ട്ടണ്‍ ജൂനിയര്‍ ടീമിലും വിദേശി വേണമെന്ന് ആവശ്യപ്പെട്ടതായി ഹോക്കി ഇന്ത്യ പ്രസിഡന്റ് തന്നെ അറിയിച്ചുവെന്നും ശ്രീജേഷ് വെളിപ്പെടുത്തി. 'ഇന്ത്യന്‍ പരിശീലകര്‍ക്ക് ഇന്ത്യന്‍ ഹോക്കിയെ വികസിപ്പിക്കാന്‍ കഴിയില്ലേ?' എന്ന അദ്ദേഹത്തിന്റെ ചോദ്യം കായിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 2036 ഒളിമ്പിക്സിനായി തന്നെപ്പോലെയുള്ളവര്‍ മുന്നോട്ട് വരണമെന്ന കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ വാക്കുകള്‍ക്ക് വിരുദ്ധമാണ് ഫെഡറേഷന്റെ ഇപ്പോഴത്തെ സമീപനമെന്നും താരം ആരോപിച്ചു.
ശ്രീജേഷിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചതാണെന്നുമാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം. ജൂനിയര്‍ ടീം പരിശീലകനായുള്ള ശ്രീജേഷിന്റെ കാലാവധി 2025 ഡിസംബറില്‍ അവസാനിച്ചു. തുടര്‍ന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ പരിശീലകനെ കണ്ടെത്തിയത്. 2028-ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള 'ഡെവലപ്മെന്റ് ടീമിനെ' പരിശീലിപ്പിക്കാന്‍ ശ്രീജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഓഫര്‍ അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് ഫെഡറേഷന് വാ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇന്ത്യന്‍ പരിശീലകരെ വളര്‍ത്തിയെടുക്കാനുള്ള സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ശ്രീജേഷിന് പുതിയ ചുമതല വാഗ്ദാനം ചെയ്തതെന്നും ഫെഡറേഷന് വ്യക്തമാക്കി. വിദേശ പരിശീലകന് വേണമെന്ന് ക്രെയ്ഗ് ഫുള്‍ട്ടണ്‍ ആവശ്യപ്പെട്ടുവെന്ന ആരോപണവും ഫെഡറേഷന് നിഷേധിച്ചു.
ഒന്നര വര്‍ഷത്തിനിടെ അഞ്ച് മെഡലുകള്‍ നേടിയിട്ടും തന്നെ തഴഞ്ഞു എന്ന ശ്രീജേഷിന്റെ വികാരപരമായ നിലപാടും, പുതിയ പദവി താരം നിരസിച്ചതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന ഹോക്കി ഇന്ത്യയുടെ വെളിപ്പെടുത്തലും വിഷയത്തെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളും ഒളിമ്പിക് മെഡല്‍ ജേതാവുമായ ശ്രീജേഷ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്ത്യന്‍ കായിക മേഖലയിലെ പരിശീലകരുടെ നിയമന നയങ്ങളെക്കുറിച്ച് വീണ്ടും ഗൗരവമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
