
തൊടുപുഴ: കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ഘടകകക്ഷികളും രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയര്മാന് പി.ജെ. ജോസഫ് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്ക് തിരിക്കും മുന്‍പ് തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദവികള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ജോസഫ് വിഭാഗം സ്വീകരിക്കുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യം മുന്നണിയില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചതുകൊണ്ടാണ് ഘടകകക്ഷികള്‍ പ്രതികരിച്ചത്. അത് മുന്നണിയുടെ ജനാധിപത്യ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പ്രഖ്യാപനം അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തത്വത്തില്‍ തീരുമാനിച്ചെങ്കിലും വി.ഡി. സതീശനായി മുസ്ലിം ലീഗ് നടത്തുന്ന കടുത്ത സമ്മര്‍ദ്ദമാണ് ഹൈക്കമാന്‍ഡിനെ കുഴപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ ലീഗ് നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശനെ തന്നെ നായകസ്ഥാനത്ത് എത്തിക്കണമെന്ന വാശിയിലാണ് ലീഗ്.
വേണുഗോപാലിനെ പ്രഖ്യാപിച്ചാല്‍ ഒരു പ്രധാന ഘടകകക്ഷിയുടെ ഭാഗത്തുനിന്ന് പരസ്യമായ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൂടി വന്നതോടെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന മറ്റ് നാലിടങ്ങളിലും പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റിട്ടും കേരളത്തില്‍ മാത്രം തീരുമാനം നീളുന്നത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
ലീഗിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഫോര്‍മുലയ്ക്കായി ഡല്‍ഹിയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടയിലാണ് രണ്ട് മന്ത്രിസ്ഥാനം എന്ന അവകാശവാദവുമായി പി.ജെ. ജോസഫും രംഗത്തെത്തിയിരിക്കുന്നത്.
