
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബിനീഷ് കോടിയേരിക്ക് പാര്‍ട്ടി അംഗത്വം നല്കുന്ന കാര്യം സംസ്ഥാന നേതൃത്വം പ്രത്യേകമായി പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണ് എം.വി. ഗോവിന്ദന് കര്‍ശന നിലപാടെടുത്തത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി മറുപടി നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിനീഷ് കോടിയേരി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് ചൂണ്ടിക്കാണിച്ചായിരുന്നു എം.വി. ഗോവിന്ദന്റെ കടന്നാക്രമണം. ബിനീഷിന് പാര്‍ട്ടി അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുന്നവര്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അദ്ദേഹം സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ എന്ന് ഗോവിന്ദന് ചോദിച്ചു. അത്തരം കാര്യങ്ങള്‍ കൂടി കൃത്യമായി പരിശോധിച്ച വേണം ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാനെന്നായിരുന്നു അദ്ദേഹത്തിന്റെ ഒളിയമ്പ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ, വിപ്ലവ ഗായകന് പുഷ്പനെ കാണാന്‍ കോടിയേരി ബാലകൃഷ്ണന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഒരേയൊരു കോടിയേരി' എന്നായിരുന്നു ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. നിലവിലെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമായി ഈ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടതാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.
നേരത്തെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഒരു ബ്രാഞ്ചില്‍ ബിനീഷ് അംഗമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ ശരിയായ രീതിയില്‍ ബിനീഷ് പ്രതിരോധിക്കുന്നുണ്ടായിട്ടും അദ്ദേഹത്തെ സജീവമാക്കാതെ മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്തിനെന്ന് ജില്ലാ കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നിരുന്നു. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയായിരുന്ന കാലത്ത് സംഘടനയെ ദീര്‍ഘവീക്ഷണത്തോടെ നയിച്ചതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയുന്നില്ലെന്ന കടുത്ത വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിയിലേക്ക് ബിനീഷിനെ ക്ഷണിക്കുകയും, തലസ്ഥാനത്തെ ഒരു പ്രധാന നേതാവ് ബിനീഷിനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തപ്പോള്‍ 'ഇവരോടൊക്കെയാണോ സൗഹൃദം' എന്ന് ചോദിച്ച് ജില്ലാ നേതൃത്വം ഇടപെട്ട് ബിനീഷിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ബിനീഷ് സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഔദ്യോഗികമായി അദ്ദേഹത്തെ സി.പി.എം ക്ഷണിച്ചിരുന്നില്ല. ഈ അവഗണനകള്‍ക്കെതിരെയാണ് ജില്ലാ കമ്മിറ്റിയില്‍ വലിയ രീതിയില്‍ വിമര്‍ശനമുണ്ടായത്.
ബിനീഷ് വിഷയത്തിന് പുറമെ, പരാജയത്തിന് ശേഷമുള്ള തിരുത്തല്‍ നടപടികളുടെ ഭാഗമായി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തില്‍ യാതൊരുവിധ പുനഃപരിശോധനയുമില്ലെന്ന് എം.വി. ഗോവിന്ദന് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഈ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റ് ബ്യൂറോയുടെയും (പി.ബി) കൃത്യമായ അംഗീകാരം വാങ്ങിയിരുന്നതാണെന്നും പാര്‍ട്ടി യോഗങ്ങളില്‍ ഇതേച്ചൊല്ലി കടുത്ത വിമര്‍ശനമുണ്ടായി എന്ന വാര്‍ത്തകളെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു. സെക്രട്ടറി എന്ന നിലയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഞങ്ങളെയല്ലാതെ പിന്നെ ആരെയാണ് വിമര്‍ശിക്കുക' എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.
കഴിഞ്ഞ തവണ 99 സീറ്റുകളുമായി ഭരണം നിലനിര്‍ത്തിയ എല്‍ഡിഎഫിന് ഇത്തവണ വെറും 35 സീറ്റുകള്‍ മാത്രമാണ് നിയമസഭയില്‍ ലഭിച്ചത്. കണ്ണൂരിലെ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളടക്കം തകര്‍ന്നടിഞ്ഞത് നേതൃത്വത്തെ വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടായത് തീര്‍ത്തും പ്രതീക്ഷിക്കാത്ത കടുത്ത തിരിച്ചടിയാണെന്നും ശക്തികേന്ദ്രങ്ങളില്‍ നിന്ന് വോട്ടുകള്‍ ചോര്‍ന്നത് ഗൗരവത്തോടെ കാണുന്നുവെന്നും എം.വി. ഗോവിന്ദന് സമ്മതിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്ക് ശേഷം തിരുത്തല്‍ പ്രക്രിയകള്‍ നടന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമായില്ലെന്ന ആത്മവിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഈ പശ്ചാത്തലത്തില്‍, പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കണ്ടെത്താനും ജനപിന്തുണ വീണ്ടെടുക്കാനുമായി സി.പി.എം താഴെത്തട്ടിലുള്ള കമ്മിറ്റികളിലെ പരിശോധന ആരംഭിച്ചിരിക്കുകയാണ്. ഏരിയ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചുള്ള ഈ പ്രത്യേക വിലയിരുത്തലുകള്‍ വഴി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെയും മുന്നണിയെയും ദിശാബോധത്തോടെ തിരികെ കൊണ്ടുവരുമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ബിനീഷ് കോടിയേരിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളിലും പാര്‍ട്ടിയെ വേട്ടയാടുമെന്ന് ഉറപ്പാണ്.
