
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെയും രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഘടകകക്ഷികള്‍ ഇടപെട്ടതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നാകുമെന്ന് നേരത്തെ തന്നെ ധാരണയുള്ളതാണ്. എന്നാല്‍, ഇന്ന ആള് വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പ് തന്നെ ലീഗ് അടക്കമുള്ള കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജനാധിപത്യത്തിന് ചേരുന്നതല്ല. ആര് വന്നാലും സ്വീകരിക്കാന്‍ തയ്യാറാകുക എന്നതായിരുന്നു ഘടകകക്ഷികളുടെ മര്യാദ. ചില സമുദായ താല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ് ഇത്തരം ഇടപെടലുകള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും ഫ്ലെക്സ് പോസ്റ്ററുകളും പ്രകടനങ്ങളും ഇപ്പോഴും തുടരുന്നത് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗിന് അടക്കം എന്ത് കാര്യം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാന്‍ഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നില്‍ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആരെയും പിന്താങ്ങണമെന്നോ എതിര്‍ക്കണമെന്നോ എന്നതില്‍ ഘടകകക്ഷികള്‍ക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റര്‍ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേടിയ 102 സീറ്റിന്റെ മേന്മ ഈ തര്‍ക്കങ്ങളിലൂടെ നശിപ്പിച്ചു. നിലവിലെ ജനവികാരം കണക്കിലെടുത്താല്‍ ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ മുന്നണിക്ക് 30 സീറ്റ് പോലും ലഭിക്കില്ലെന്ന് സുകുമാരന്‍ നായര്‍ പരിഹസിച്ചു. വിജയലഹരിയില്‍ ഭരണസ്തംഭനം ഉണ്ടായതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. 'ഇവിടെ ഇപ്പോള്‍ ഒരു ഭരണം ഉണ്ടോ? സ്കൂളുകള്‍ തുറക്കാന്‍ പോകുന്നു, മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്തണം. ഇതൊന്നും പരിഹരിക്കാന്‍ ആളില്ല. ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുകയാണെന്ന്' അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചും അദ്ദേഹം സുപ്രധാനമായ നിലപാട് വ്യക്തമാക്കി. ഒരു പ്രത്യേക വിഭാഗം മാത്രം ഒരു വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസം ജനകീയമാകണമെങ്കില്‍ കോണ്‍ഗ്രസ് ആ വകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് തന്നെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യണമെന്നത് എന്‍എസ്എസിന്റെ പഴയ നിലപാടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രമേശ് ചെന്നിത്തലയോട് വ്യക്തിപരമായ സൗഹൃദമാണുള്ളതെന്നും ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താല്‍പ്പര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്‍പ് ചെന്നിത്തലയ്ക്ക് വേണ്ടി 'താക്കോല്‍ സ്ഥാനം' ആവശ്യപ്പെട്ടത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്‍എസ്എസ് ഇപ്പോഴും സമദൂരം പാലിക്കുന്നുണ്ടെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സംഘടന ഇടപെടില്ലെന്നും എന്നാല്‍ ഘടകകക്ഷികളുടെ തെറ്റായ പ്രവണതകളെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ കാലതാമസം അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് എന്‍എസ്എസിന്റെ നിലപാട്.
