
മലപ്പുറം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിനെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ച ആൾ തന്നെ എത്തുന്നുവെന്നത് ശുഭസൂചനയാണെന്നും തങ്ങൾ വ്യക്തമാക്കി.
സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പിന്റെ പൂർണ രൂപം:
കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി.ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ 'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം.
ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു. ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പും നിർണ്ണായക നീക്കങ്ങളാണ് ദില്ലിയിൽ നടന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അവസാന നിമിഷവും മുസ്ലിം ലീഗിന്റെ നിലപാട് തേടിയിരുന്നു. സതീശന്റെ കാര്യത്തിൽ ലീഗ് തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന ഖർഗെയുടെ ചോദ്യത്തിന്, 'മാറ്റമില്ല' എന്ന ഉറച്ച മറുപടിയാണ് ലീഗ് നൽകിയത്. സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഖർഗെ സംസാരിച്ച ശേഷമാണ് ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്നത്.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമാണ് ദില്ലിയിൽ വിരാമമായത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാ ദാസ് മുൻഷി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ ഉയർന്ന നേതൃതർക്കങ്ങൾക്കും ഇതോടെ പരിസമാപ്തിയായി.
