
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതിയ നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യവില വർധിക്കുമോ എന്ന ആശങ്കയിലായിരുന്ന ഉപഭോക്താക്കൾക്ക് ആശ്വാസം. വിപണിയിലുള്ള ജവാൻ, ക്ലാസിക്, കടുവ, ഗ്യാലക്സി, സീസർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കൊന്നും നിലവിൽ വില കൂടില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നികുതി വിപണിയിൽ വരാനിരിക്കുന്ന, വീര്യം കുറഞ്ഞ പുതിയ ഇനം മദ്യങ്ങൾക്കാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നികുതി പ്രഖ്യാപനത്തിന് പിന്നാലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ എത്തുന്ന ഉപഭോക്താക്കൾക്കിടയിൽ വലിയ തോതിൽ സംശയങ്ങൾ ഉയർന്നിരുന്നു. നിലവിലുള്ള ബ്രാൻഡുകൾക്ക് കൂടുതൽ പണം നൽകേണ്ടി വരുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നാണ് ജീവനക്കാരുടെ മറുപടി. നിലവിൽ വിപണിയിലുള്ള ഒരു കുപ്പി മദ്യത്തിന് പോലും വില കൂട്ടിയിട്ടില്ല. എന്നാൽ വിപണിയിലേക്ക് പുതുതായി എത്താനിരിക്കുന്ന ചില പ്രത്യേക വിഭാഗം മദ്യങ്ങൾക്ക് കാര്യമായി വില കൂടും.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022–2023 ലെ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭേദഗതി പ്രകാരം 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള, ബീയറും വൈനും ഒഴികെയുള്ള മദ്യ ഉത്പന്നങ്ങളെ 'ലോ ആൽക്കഹോളിക് ബീവറേജ്' എന്ന പ്രത്യേക വിഭാഗമായാണ് പരിഗണിക്കുന്നത്.
ഇവയുടെ നികുതിഘടനയിൽ വ്യക്തത വരുത്തുന്നതിനായി കേരള പൊതുവിൽക്കന നികുതി നിയമപ്രകാരം അനുയോജ്യമായ വ്ൽപ്പന നികുതി നിരക്ക് നിശ്ചയിക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള ഉത്പന്നങ്ങൾക്ക് 120 ശതമാനവും, 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമായിരിക്കും പുതിയ വ്ൽപ്പന നികുതി നിരക്ക്.
അതേസമയം, സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന പഴവർഗങ്ങൾക്ക് മികച്ച മൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യനിർമാണത്തിനും വിൽപ്പനയ്ക്കും തുടക്കം കുറിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. കർഷകരെ മാത്രം ലക്ഷ്യമിട്ടായിരുന്നതിനാലാണ് അന്ന് കുറഞ്ഞ നികുതി നിശ്ചയിച്ചിരുന്നത്.
എന്നാൽ യു.ഡി.എഫ് സർക്കാർ ബജറ്റിലൂടെ പുതിയ നികുതി നിശ്ചയിച്ച് ഉറപ്പിച്ചതോടെ, പ്രമുഖ മദ്യക്കമ്പനികൾക്കും വീര്യം കുറഞ്ഞ മദ്യം നിർമിച്ച് വിൽക്കാൻ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഈ തീരുമാനത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും അഴിമതി മണക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ഈ ആക്ഷേപങ്ങളോട് മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
