
കൊച്ചി: 'ജോസഫി'ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ഉയിർ' ടീസർ പുറത്തിറങ്ങി. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നീതി തേടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസർ, ഒരു കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധത്തെക്കുറിച്ചും സൂചന നൽകുന്നു. ടെലിവിഷൻ താരവും ഗായകനുമായ നിഖിൽ കെ. മേനോനും, പോലീസ് ഉദ്യോഗസ്ഥനും 'ഇലവീഴാപൂഞ്ചിറ'യുടെ സഹ തിരക്കഥാകൃത്തുമായ ഷാജി മാറാടും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ആഖ്യാനവും ചേരുന്നതാണ് ചിത്രത്തിന്റെ തിരക്കഥ.
റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷ് ചിത്രത്തിൽ മുഴുനീള പോലീസ് വേഷത്തിലെത്തുന്നു. വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ സയാമി ഖേറും മഹേഷ് ഷെട്ടിയും ചിത്രത്തിൽ നിർണ്ണായകമായ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. കൂർഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, വരികൾ: ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ. 'നീതി വ്യക്തിപരമാകുമ്പോൾ' എന്ന ആശയത്തെ മുൻനിർത്തി ഒരുങ്ങുന്ന ചിത്രം തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷ.
പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രൊമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ. മേനോൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വി.എഫ്.എക്സ്: ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
