
തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ആകാംക്ഷകള്‍ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കെ അടുത്ത മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. പത്തു ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഡല്‍ഹിയിലെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിരാമമിട്ട് ഇന്ന് രാത്രിയോടെ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് പല കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളും വി ഡി സതീശനെ ഉടന്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന തരത്തില്‍ പോസ്റ്റുകളും കാര്‍ഡുകളും ഷെയര്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അവസാനവട്ട ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാല്‍, വിഡി സതീശന്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാന നിമിഷം വരെ സജീവമായി ചര്‍ച്ചയിലുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയിലാകും നിര്‍ണായക തീരുമാനമെടുക്കുക. ഒരു പേര് മാത്രം തീരുമാനിച്ചാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്കെത്തുന്നതെന്നാണ് സൂചന. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് നീണ്ടുപോയതോടെ സംസ്ഥാന ഭരണസംവിധാനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. കേരളത്തിനൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാരുകള്‍ അധികാരമേറ്റ് ഭരണം തുടങ്ങിയിട്ടും, കേരളത്തില്‍ ആര് നയിക്കുമെന്ന കാര്യത്തില്‍ ധാരണയാകാത്തത് സഖ്യകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, വി ഡി സതീശന് തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാല്‍ എന്ത് ചെയ്യണം എന്നതില്‍ തീരുമാനമായില്ല. ഒടുക്കം കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പ്രഖ്യാപനം വൈകുന്നതിനെതിരെ ആര്‍എസ്പിയും രംഗത്തെത്തി. 'നാളെയും ഒന്നിച്ച് പോകേണ്ടതുകൊണ്ട് നല്ല നാടന്‍ ഭാഷയില്‍ മറുപടി പറയുന്നില്ല' എന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ രൂക്ഷമായ പ്രതികരണം. മുസ്ലിം ലീഗും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡ് തീരുമാനം ഡല്‍ഹിയില്‍ പ്രഖ്യാപിക്കുന്നതിനൊപ്പം തിരുവനന്തപുരത്തും ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. നിലവില്‍ ദീപാദാസ് മുന്‍ഷിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും വസതികളില്‍ അണികള്‍ തടിച്ചുകൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ കെ.സി. വേണുഗോപാലിന്റെ വസതിക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മാത്രം ചിത്രമുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നത് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. മൂന്ന് പ്രമുഖ നേതാക്കളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രത്യേക ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അനിശ്ചിതത്വങ്ങളുടെ മുള്‍മുനയില്‍ നില്ക്കുന്ന കേരളത്തിന് ഇന്ന് രാത്രിയോടെ പുതിയൊരു നായകനെ ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്കുന്ന സൂചന.

കേരളത്തില്‍ രൂപപ്പെട്ട പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പ്രഖ്യാപനം കാത്ത് ഇന്ദിരഭവനില്‍ തുടരുകയാണ് അദ്ദേഹം. ഏതാനും പ്രവര്‍ത്തകരും നേതാക്കളും ഇന്ദിര ഭവനില്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും സുഹൃത്തുക്കളും പ്രഖ്യാപനം കാത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂര്‍ണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
