

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെയും ചെന്നൈ സൂപ്പർ കിങ്സിലെയും കരുത്തുറ്റ സാന്നിധ്യമായി മാറുന്നതിന് മുൻപ് ക്യാപ്റ്റൻ എം.എസ്. ധോണിയെ ചൊടിപ്പിച്ച അനുഭവം തുറന്നുപറഞ്ഞ് ആർ. അശ്വിൻ. ജിയോ ഹോട്ട്സ്റ്റാറിലെ 'ദി രവിചന്ദ്രൻ അശ്വിൻ എക്സ്പീരിയൻസ്' എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ കരിയറിന്റെ തുടക്കത്തിൽ ചെന്നൈ ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ ശ്രമിക്കുന്ന കാലത്താണ് ധോണിയുടെ വിക്കറ്റ് ആഘോഷിച്ചതിന് അശ്വിന് പഴി കേൾക്കേണ്ടി വന്നത്.
2009-ലെ ചലഞ്ചർ ട്രോഫി ഫൈനലിൽ ധോണി നയിച്ച ഇന്ത്യ ബ്ലൂവിനെതിരെ കളിക്കുമ്പോഴായിരുന്നു സംഭവം. ധോണിയുടെ വിക്കറ്റെടുത്ത അശ്വിൻ അത് അതിരുകടന്ന രീതിയിൽ ആഘോഷിച്ചു. "എന്തിനാണ് ഇത്രയധികം ആഘോഷിക്കുന്നത്?" എന്ന് ധോണി അന്ന് നീരസത്തോടെ ചോദിച്ചതായി അശ്വിൻ ഓർക്കുന്നു. "നിങ്ങളുടെ വിക്കറ്റ് നേടുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഇതിലൂടെ ചെന്നൈ ടീമിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അടുത്ത വർഷം എനിക്ക് ആ അവസരം ലഭിച്ചു" അശ്വിൻ പറഞ്ഞു. 11 റൺസിന് ഒരു വിക്കറ്റ് എന്ന മികച്ച സ്പെൽ എറിഞ്ഞ അശ്വിൻ ഇന്ത്യ ബ്ലൂവിനെ 84 റൺസിന് തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
2008-ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയെങ്കിലും ഇതിഹാസ താരം മുത്തയ്യ മുരളീധരൻ ടീമിലുള്ളതിനാൽ അശ്വിന് ആദ്യ സീസണിൽ അവസരങ്ങൾ ലഭിച്ചില്ല. 2009-ൽ കേപ് ടൗണിൽ സച്ചിൻ തെണ്ടുൽക്കറുടെ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അരങ്ങേറ്റം. ചലഞ്ചർ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ 2010 മുതൽ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായി അശ്വിൻ മാറി.
പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ശേഷം 2025 സീസണിൽ 9.75 കോടി രൂപയ്ക്കാണ് അശ്വിൻ തന്റെ തട്ടകമായ ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകൾ നേടിയിട്ടുള്ള അശ്വിൻ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അഞ്ചാമത്തെ താരമാണ്. 2010, 2011 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ ചെന്നൈ ടീമിലും 2010, 2014 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലും അശ്വിൻ നിർണായക സാന്നിധ്യമായിരുന്നു.