
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകവെ, നടന്‍ സിദ്ദിഖിന്‍റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മലയാള മനോരമ പത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയെ നമുക്ക് കണ്ടെത്താം' എന്ന പസിലിൽ വി.ഡി. സതീശന്റെ പേര് വട്ടമിട്ട് അടയാളപ്പെടുത്തിയാണ് താരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. സതീശനായി സിദ്ദിഖ് നടത്തുന്ന രണ്ടാമത്തെ പരസ്യ പിന്തുണയാണിത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഒളിഞ്ഞിരിക്കുന്ന മനോരമയുടെ വേറിട്ട പസിൽ ഇന്ന് വായനക്കാർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഈ പസിലിൽ നിന്ന് വി.ഡി. സതീശന്റെ പേര് മാത്രം കണ്ടെത്തി അടയാളപ്പെടുത്തിയ ചിത്രം പങ്കുവെച്ച സിദ്ദിഖിന്റെ പോസ്റ്റിന് മിനിറ്റുകൾക്കകം 17,000-ൽ അധികം ലൈക്കുകളാണ് ലഭിച്ചത്. വി ഡി സതീശനെ പിന്തുണച്ചുകൊണ്ട് സിദ്ദിഖ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ആ കുറിപ്പ് ഇതായിരുന്നു
സിദ്ദിഖിന്‍റെ കുറിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാന കാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും.
ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.
എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.
V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. V D സതീശൻ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവു..!!
