
പൂനെ: ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം ക്യുആർ കോഡ് വഴി പണമടച്ച യുവതിക്ക് ജീവനക്കാരന്റെ വക അർദ്ധരാത്രിയിൽ അശ്ലീല സന്ദേശങ്ങൾ. പൂനെയിലെ എഫ്സി റോഡിലുള്ള പ്രശസ്തമായ റെസ്റ്റോറന്റിലാണ് ഞെട്ടിക്കുന്ന സംഭവം. ക്യുആർ കോഡ് വഴി പണമടയ്ക്കുമ്പോൾ ലഭ്യമാകുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ഋഷിക ദത്തയാണ് തനിക്കുണ്ടായ ദുരനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. ഏപ്രിൽ 28-ന് റെസ്റ്റോറന്റിൽ സന്ദർശനം നടത്തിയ അന്ന് രാത്രിയാണ് അജ്ഞാത നമ്പറിൽ നിന്ന് സന്ദേശങ്ങൾ എത്തിയത്. ആരാണെന്ന് തിരക്കിയപ്പോഴാണ് പകൽ ഭക്ഷണം കഴിച്ച ഹോട്ടലിലെ ജീവനക്കാരനാണെന്ന് വ്യക്തമായത്. ബില്ലടയ്ക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ ലഭിച്ച നമ്പറിലൂടെയാണ് ഇയാൾ യുവതിയെ ബന്ധപ്പെട്ടത്. "നമുക്ക് സുഹൃത്തുക്കളാകാം" എന്നാവശ്യപ്പെട്ട ഇയാൾ യുവതിയുടെ പ്രായവും തിരക്കി. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഋഷിക പുറത്തുവിട്ടു.
യുവതിയുടെ പരാതിയെത്തുടർന്ന് ആരോപണവിധേയനായ ജീവനക്കാരനെ പിരിച്ചുവിട്ടതായി റെസ്റ്റോറന്റ് അധികൃതർ അറിയിച്ചു. പരാതി ലഭിച്ച ഏപ്രിൽ 29-ന് തന്നെ നടപടിയെടുത്തതായും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും മാനേജ്മെന്റ് വിശദീകരിച്ചു. എന്നാൽ ജീവനക്കാരനെ പിരിച്ചുവിട്ട രേഖകൾ കാണിക്കാൻ റെസ്റ്റോറന്റ് തയ്യാറായില്ലെന്ന് ഋഷിക ആരോപിച്ചു. സംഭവം പുറത്തുവന്നതോടെ ഡിജിറ്റൽ പേയ്മെന്റുകളിലെ സ്വകാര്യതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡിജിറ്റൽ ഇന്ത്യ'യിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന് പലരും ചോദ്യം ഉന്നയിക്കുന്നു. ക്യുആർ കോഡുകൾ വഴി ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ അപരിചിതർക്ക് ലഭ്യമാകുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. വെറും തമാശയായി ഡിജിറ്റൽ സ്വകാര്യത മാറിയിരിക്കുകയാണെന്നും ശബ്ദമുയർത്തുന്നവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ദുരനുഭവം തുറന്നുപറയാൻ ധൈര്യം കാണിച്ച ഋഷികയെ നിരവധിപേർ അഭിനന്ദിച്ചു.
