
കണ്ണൂർ: വീടിനുള്ളിലെ അറ്റാച്ചഡ് ബാത്റൂമിൽ കൊടുംവിഷമുള്ള കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയ ഞെട്ടലിലാണ് ഒരു കുടുംബം. കണ്ണൂർ ഇരിട്ടിയിലെ ചരൾ സ്വദേശിയായ വിജേഷിന്റെ വീട്ടിലാണ് നടുക്കുന്ന ഈ സംഭവം ഉണ്ടായത്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിലെ പറമ്പുകളിലും കാടുകളിലും സാധാരണയായി കണ്ടുവരാറുള്ള രാജവെമ്പാല, എങ്ങനെയാണ് വീടിന്റെ ഉള്ളിലെ ബാത്റൂമിൽ എത്തിയത് എന്ന ആശങ്കയിലാണ് വീട്ടുകാരും പ്രദേശവാസികളും.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് വിജേഷിന്റെ വീട്ടിലെ ബാത്റൂമിനുള്ളിൽ പാമ്പിനെ ആദ്യമായി കാണുന്നത്. പെട്ടെന്ന് തന്നെ വീട്ടുകാർ വിവരം ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം പാമ്പ് പിടുത്ത വിദഗ്ദ്ധനായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി. ഏറെ പ്രയത്നത്തിനൊടുവിൽ അദ്ദേഹം രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി. പിന്നീട് ഇതിനെ ജനവാസമില്ലാത്ത ഉൾവനത്തിലേക്ക് തന്നെ തിരികെ വിട്ടതോടെയാണ് വീട്ടുകാർക്ക് ശ്വാസം നേരെ വീണത്.
സംസ്ഥാനത്ത് മഴക്കാലം ശക്തമായതോടെ പലയിടങ്ങളിലും പാമ്പുകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും, ജനാലകളും വാതിലുകളും കൃത്യമായി അടച്ചിടണമെന്നും വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകുന്നുണ്ട്. എങ്കിലും, അതീവ സുരക്ഷിതമെന്ന് കരുതുന്ന വീടിനുള്ളിൽ പോലും ഇത്രയും വലിയ രാജവെമ്പാലയെ കാണാൻ തുടങ്ങിയത് ചരൾ പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.
