
തൊടുപുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ നിര്‍ണ്ണായക നിലപാടുമായി കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. നിലവില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ നിന്നുതന്നെ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന നിലപാടാണ് ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
അധികാരമേറ്റ ശേഷം ഒരു ഉപതിരഞ്ഞെടുപ്പ് കൂടി നടത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന രാഷ്ട്രീയ തന്ത്രമാണ് ജോസഫ് വിഭാഗം ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. നിലവില്‍ എം.എല്‍.എ അല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കി പിന്നീട് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയില്ലെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകമായി ആരുടെയും പേര് തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ പുകയുന്ന കടുത്ത അതൃപ്തിയുടെ ഭാഗമായാണ് ജോസഫ് വിഭാഗത്തിന്റെ ഈ പ്രതികരണം. മുസ്ലിം ലീഗ്, ആര്.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വന്‍ വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിലുള്ള ഈ മെല്ലെപ്പോക്ക് അണികളില്‍ വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് ഘടകകക്ഷികള്‍ ഒരേപോലെ ചൂണ്ടിക്കാട്ടുന്നു.
ഭരണസിരാകേന്ദ്രത്തില്‍ തീരുമാനം വൈകുന്നതിനെതിരെ താഴെത്തട്ടിലും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം ബെന്നി ബഹനാന് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴും, കേരളത്തിലെ മുന്നണി ബന്ധങ്ങളെ ബാധിക്കാത്ത രീതിയില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. നിലവില്‍ നിയമസഭാംഗങ്ങളായ വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പി.ജെ. ജോസഫിന്റെ ഈ നിലപാട് ഗുണകരമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
