
കൊച്ചി: താരജാടകളില്ലാതെ ലളിത ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിനെക്കുറിച്ചുള്ള കഥകൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ 'പാപനാശം' സിനിമയുടെ സെറ്റിൽ പ്രണവിനെ ആദ്യമായി കണ്ട തമിഴ് സാങ്കേതിക പ്രവർത്തകരുടെ അമ്പരപ്പിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടി എസ്തർ അനിൽ. ചിത്രത്തിൽ കമൽഹാസന്റെ മകളായി അഭിനയിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവും ഒപ്പമുണ്ടായിരുന്നു.
"ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലായിരുന്നു. തമിഴ് ക്രൂവിനാണ് കൂടുതൽ ആകാംക്ഷയുണ്ടായിരുന്നത്. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അറിഞ്ഞ അവർ പ്രണവിനെ തിരഞ്ഞു നടന്നു. ടിപ് ടോപ്പായി നടക്കുന്ന ഒരാളെയാണ് അവർ പ്രതീക്ഷിച്ചത്. ഒടുവിൽ ഒരാൾ ചൂണ്ടിക്കാണിച്ചു കൊടുത്തു, 'ദാ ആ നിലത്തിരിക്കുന്ന ആളാണെന്ന്'. മുടിയൊക്കെ നീട്ടി, ഒരു കീറിയ ഷർട്ട് ഒക്കെയിട്ട് നിലത്തിരിക്കുന്ന പ്രണവിനെ കണ്ടപ്പോൾ അവർക്ക് വിശ്വസിക്കാനായില്ല. ഏയ്, ഇതൊന്നും ആയിരിക്കില്ല എന്നാണ് അവർ പറഞ്ഞത്"- ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ എസ്തർ പറഞ്ഞു.
പ്രണവ് അന്ന് ധരിച്ചിരുന്നത് മോഹൻലാലിന്റെ ഷർട്ട് ആയിരുന്നിരിക്കണം എന്നും എസ്തർ സംശയം പറഞ്ഞു. "മിക്ക ദിവസങ്ങളിലും ലാൽ അങ്കിൾ ഇട്ടിരുന്ന വലിയ ഷർട്ടുകളാണ് പ്രണവ് ധരിച്ചിരുന്നത്. നല്ല നീളമുള്ള ഷർട്ട് ആയതുകൊണ്ട് അതിന്റെ അറ്റമൊക്കെ കീറിയിട്ടുണ്ടായിരുന്നു. പ്രണവിന് ഉപയോഗിക്കാൻ ലാൽ അങ്കിൾ ഒരു ജാഗ്വാർ കാർ കൊടുത്തുവിട്ടിരുന്നു. എന്നാൽ അത് ഓടിച്ചിരുന്നത് സംവിധായകൻ ജിത്തു അങ്കിൾ ആയിരുന്നു. അപ്പു ട്രാവലറിനുള്ളിലൊക്കെയായിരുന്നു ഇരുന്നിരുന്നത്. മൊത്തത്തിൽ രസമായിരുന്നു"- താരം കൂട്ടിച്ചേർത്തു.
അന്ന് താൻ ചെറിയ കുട്ടിയായിരുന്നതിനാൽ പ്രണവുമായി അധികം സംസാരിച്ചിരുന്നില്ലെന്നും എസ്തർ പറഞ്ഞു. ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ 'ദൃശ്യം 3' യുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും എസ്തർ വ്യക്തമാക്കി.
