
ദില്ലി: ഇന്ത്യൻ ഹോക്കി ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒളിംപ്യൻ പി.ആർ. ശ്രീജേഷ്. മികച്ച പ്രകടനം നടത്തിയിട്ടും ജൂനിയർ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് വിദേശ പരിശീലകനെ നിയമിക്കാനാണെന്ന് ശ്രീജേഷ് വെളിപ്പെടുത്തി. തന്നെ പുകച്ചുപുറത്താക്കുകയായിരുന്നുവെന്നും ഹോക്കി ഇന്ത്യയുടെ നടപടിയിലെ യുക്തി ചോദ്യം ചെയ്യുന്നതായും ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ടൂർണമെന്റുകളിൽ നിന്നായി അഞ്ച് മെഡലുകളാണ് ഇന്ത്യൻ ജൂനിയർ ടീം സ്വന്തമാക്കിയത്. ജൂനിയർ ഏഷ്യ കപ്പിൽ സ്വർണം, സുൽത്താൻ ഓഫ് ജോഹർ കപ്പിലും ജൂനിയർ ലോകകപ്പിലും വെങ്കലം എന്നിവ ഇതിൽ ഉൾപ്പെടുന്നു. "മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകരെ മാറ്റുന്നത് സാധാരണമാണ്. എന്നാൽ മികച്ച രീതിയിൽ മുന്നോട്ടുപോകുമ്പോൾ ഒരു വിദേശിക്ക് വേണ്ടി വഴിമാറേണ്ടി വരുന്നത് ആദ്യത്തെ അനുഭവമാണ്"- ശ്രീജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സീനിയർ ടീം പരിശീലകന്റെ താല്പര്യപ്രകാരമാണ് ജൂനിയർ തലത്തിലും വിദേശിയെ നിയമിക്കാൻ ഹോക്കി ഇന്ത്യ പ്രസിഡന്റ് തീരുമാനിച്ചതെന്ന് ശ്രീജേഷ് ആരോപിക്കുന്നു. "ഇന്ത്യൻ ഹോക്കിയെ വളർത്താൻ ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ?" എന്ന ചോദ്യമുയർത്തിയ അദ്ദേഹം, മികച്ച മുൻ താരങ്ങൾ രാജ്യത്തുണ്ടായിട്ടും നാല് ദേശീയ ടീമുകളിലും വിദേശികളെ നിയമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു.
2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ശ്രീജേഷിനെപ്പോലുള്ളവർ പരിശീലക രംഗത്തേക്ക് വരണമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാർച്ചിൽ ആവശ്യപ്പെട്ടിരുന്നു. കായിക മന്ത്രാലയത്തിന്റെ ഈ നിലപാടിന് വിരുദ്ധമായാണ് ഹോക്കി ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നത്. യുവതാരങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന ശ്രീജേഷിനെ മാറ്റിയത് ഇന്ത്യൻ ഹോക്കിയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.
