
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ഭീകരകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷന് സിന്ദൂര്‍' ഇപ്പോഴും തുടരുകയാണെന്നും ഭാവിയിലെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം അതീവ ജാഗ്രതയിലാണെന്നും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. നിലവിലെ ശത്രുതയില്‍ താത്കാലിക വിരാമം മാത്രമാണുള്ളത്. രാജ്യം ആവശ്യപ്പെടുകയാണെങ്കില് 'ഓപ്പറേഷന് സിന്ദൂര്‍ 2.0' നടപ്പിലാക്കാന്‍ കരസേന മാത്രമല്ല, വ്യോമസേനയും നാവികസേനയും സംയുക്തമായി സജീവ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഖഡക്വാസ്ല നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍.ഡി.എ) നടന്ന നൂറ്റമ്പതാമത് കോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഓപ്പറേഷന് ആവശ്യമായി വന്നാല്‍ സൈന്യം മാത്രമല്ല വ്യോമസേനയും നാവികസേനയും തയ്യാറാണ്. ഓപ്പറേഷന് സിന്ദൂര്‍ 2.0 ആയി ഇന്ത്യയിലെ മൂന്ന് സേനകളും തയ്യെടുക്കുകയാണ്. നിലവില്‍ മൂന്ന് സേനകളെയും ഒത്തൊരുമിപ്പിച്ചുള്ള പ്രവര്‍ത്തനത്തിനാണ് തയ്യാറെടുക്കുന്നത്. യുദ്ധക്കളം വളരെ സുതാര്യമാണ്. ഓരോ നീക്കവും മറുവശത്ത് അറിയാം. അതിനാല്‍ നമ്മുടെ വിന്യാസം, തൊഴില്‍, അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരുടെ സംരക്ഷണം എന്നിവയില്‍ നാം വളരെ ജാഗ്രത പാലിക്കണം'- ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തമാക്കി ആധുനിക യുദ്ധമുറകള്ക്കനുസരിച്ച് കാര്യക്ഷമതയും പോരാട്ടവീര്യവും വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. ഇന്നത്തെ യുദ്ധക്കളങ്ങള്‍ അത്യന്തം സുതാര്യമാണ്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ കരുത്തില്‍ ഇരുവിഭാഗത്തിന്റെയും ഓരോ നീക്കങ്ങളും 24 മണിക്കൂറും തത്സമയം അറിയാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അതിര്‍ത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും ആസൂത്രണത്തിലും സാധാരണക്കാരുടെ സംരക്ഷണത്തിലും മുന്പത്തേക്കാള് കൂടുതല്‍ ജാഗ്രതയും സുരക്ഷയും ആവശ്യമാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവരസ്രോതസ്സുകളില്‍ വിശ്വസിക്കേണ്ടത് വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും ജനങ്ങള്‍ക്കിടയിലുള്ള ഐക്യമാണ് സൈന്യത്തിന്റെ കരുത്തെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രില്‍ 26-ന് കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷന് സിന്ദൂര്‍' പ്രഖ്യാപിച്ചത്. പാക് പിന്തുണയുള്ള ഭീകരര്‍ പഹല്‍ഗാമിലെ പ്രശസ്തമായ ബൈസരന്‍ താഴ്വരയില് നടത്തിയ വെടിവെപ്പില്‍ 26 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് 2025 മേയ് 7, 8 തീയതികളിലെ രാത്രിയിലാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് വിനാശകരമായ ഓപ്പറേഷന് സിന്ദൂറിന് തുടക്കമിട്ടത്. ഈ സൈനിക നീക്കത്തിലൂടെ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി ഭീകരവാദ ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തെറിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മൂന്ന് സേനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അടുത്ത ഘട്ടത്തിന് രാജ്യം ഇപ്പോള്‍ ഒരുങ്ങുന്നത്.
