
ബീജിംഗ്: ആഗോള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക ഉച്ചകോടി ബീജിംഗില്‍ നടന്നു. ചുവപ്പ് പരവതാനിയും സൈനിക അകമ്പടിയും നല്കി രാജകീയമായ വരവേല്‍പ്പാണ് ട്രംപിന് ചൈന നല്‍കിയതെങ്കിലും, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അതിശക്തമായ മുന്നറിയിപ്പാണ് ഷി ജിന്‍പിങ്ങ് നല്‍കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള 'തൂസിഡൈഡീസ് ട്രാപ്പ്' പരാമര്‍ശിച്ചായിരുന്നു ഷിയുടെ വാക്കുകള്‍.
പുരാതന ഗ്രീക്ക് ചരിത്രകാരനായ തൂസിഡൈഡീസിന്റെ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രയോഗം. നിലവിലുള്ള ഒരു വന്‍ശക്തിയെ (അമേരിക്ക) വളര്‍ന്നുവരുന്ന മറ്റൊരു ശക്തി (ചൈന) വെല്ലുവിളിക്കുമ്പോള്‍ അനിവാര്യമായി ഉണ്ടാകാവുന്ന യുദ്ധസാഹചര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 'ലോകം ഒരു പുതിയ വഴിത്തിരിവിലാണ്. ഈ കെണിയില്‍ വീഴാതെ പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ?' എന്ന് ഷി ട്രംപിനോട് ചോദിച്ചു.
രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തായ്വാന് വിഷയത്തെക്കുറിച്ച് ഷി ജിന്‍പിങ്ങ് അതീവ ഗൗരവത്തോടെ സംസാരിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തായ്വാന് വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടാകുമെന്നും അത് ബന്ധത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിക്കൊണ്ടുപോകുമെന്നും ഷി മുന്നറിയിപ്പ് നല്കി.
തായ്വാന് വിഷയത്തിലെ ഗൗരവകരമായ മുന്നറിയിപ്പുകള്‍ക്കിടയിലും ട്രംപ് തന്റെ സ്വഭാവശൈലിയിലുള്ള പ്രതികരണമാണ് നടത്തിയത്. തനിക്ക് ലഭിച്ച രാജകീയ സ്വീകരണത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. 'ഇതൊരു വലിയ ബഹുമതിയാണ്. നമ്മള് തമ്മിലുള്ള ബന്ധം എന്നത്തേക്കാളും മികച്ചതാകും,' എന്ന് ട്രംപ് ഷിയോട് പറഞ്ഞു. ട്രംപിനൊപ്പം പ്രമുഖ അമേരിക്കന്‍ ബിസിനസ് നേതാക്കളായ എലോണ്‍ മസ്ക് (ട്സ്ല), ടിം കുക്ക് (ആപ്പിള്‍), ജെന്സന് ഹുവാങ് എന്നിവരും ബീജിംഗിലെത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മസ്ക് 'അത്ഭുതകരം' എന്നാണ് പ്രതികരിച്ചത്. കൂടിക്കാഴ്ചയില്‍ പല നല്ല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരിയില്‍ തുടങ്ങിയ ഇറാന് യുദ്ധം അവസാനിപ്പിക്കാന്‍ ഷി ഇടപെടണമെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വ്യാപാരം & എ.ഐ: വ്യാപാര നികുതികളില്‍ ഇളവ് നല്‍കണമെന്നും അമേരിക്കന്‍ നിര്‍മ്മിത എ.ഐ ചിപ്പുകള്‍ ചൈനയ്ക്ക് ലഭ്യമാക്കണമെന്നുമാണ് ഷി ജിന്‍പിങ്ങിന്റെ പ്രധാന ആവശ്യം. തിരക്കേറിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.
ഇറാന് യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ട്രംപും ഷിയും നേരിട്ട് ചര്‍ച്ച നടത്തുന്നത് എന്നത് ഈ ഉച്ചകോടിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
