
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടന് വിജയ് വിവാദക്കുരുക്കില്‍. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാര്‍ട്ടിയുടെ ഉപദേശകനുമായ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 'ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി' (ഒ.എസ്.ഡി) ആയി നിയമിക്കാനുള്ള നീക്കമാണ് വന്‍ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമന ഉത്തരവ് പിന്‍വലിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഗ് ബോസ് താരവും നടിയുമായ ജൂലി രംഗത്തെത്തി.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓരോ ഘട്ടത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് റിക്കി രാധന്‍ പണ്ഡിറ്റ്. 'തമിഴക വെട്രി കഴകം' എന്ന പാര്‍ട്ടിക്ക് പേരിട്ടത് മുതല്‍ സത്യപ്രതിജ്ഞാ സമയം നിശ്ചയിച്ചത് വരെ ഇദ്ദേഹമായിരുന്നു. ആദ്യം വൈകിട്ട് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ജ്യോതിഷപരമായ കാരണങ്ങളാല്‍ രാവിലെ പത്തിലേക്ക് മാറ്റിയതും ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഇത്രയും സ്വാധീനമുള്ള ഒരാള്‍ക്ക് ഔദ്യോഗിക പദവി നല്‍കാനുള്ള നീക്കത്തെ 'ആദ്യത്തെ ഔദ്യോഗിക അഴിമതി' എന്നാണ് നടി ജൂലി വിശേഷിപ്പിച്ചത്.
'അണ്ണാ...സൂപ്പര്‍, നിങ്ങള്‍ ആദ്യത്തെ ഔദ്യോഗിക അഴിമതി നടത്തിക്കഴിഞ്ഞു. അഭിനന്ദനങ്ങള്‍. ഞങ്ങള്‍ പെരിയാര്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നവരും സനാതന ധര്‍മ്മങ്ങള്‍ എതിര്‍ക്കുന്നവരുമാണ്. എന്നാലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നതോ പ്രാര്‍ത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ ദൈവത്തെ മുന്‍നിര്‍ത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക പദവി ഒരു ജ്യോത്സ്യന് നല്‍കുന്നത് വഴി നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. അത് നിങ്ങളുടെ ഇഷ്ടം. എന്നാല്‍ അദ്ദേഹത്തിനുള്ള ശമ്പളം എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ?'- വീഡിയോയില്‍ ജൂലി പറഞ്ഞു. വീഡിയോയ്ക്കൊപ്പം ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ചേര്‍ത്തിട്ടുണ്ട്.
വ്യക്തിപരമായ വിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ദൈവത്തെ മുന്‍നിര്‍ത്തി കാണിക്കുന്ന ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്നുവെന്നും ജൂലി പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക പദവി ഒരു ജ്യോത്സ്യന് നല്‍കുന്നത് വഴി വിജയ് സ്വന്തം വിശ്വാസത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങളിലൂടെ അദ്ദേഹത്തിന് നല്കുന്ന ശമ്പളം സാധാരണക്കാരന്റെ നികുതിപ്പണമല്ലേ എന്ന് ജൂലി ചോദിച്ചു. ജനങ്ങളുടെ പണം ദുര്‍വിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലം മുതല്ക്കേ വിജയ്യുടെ രാഷ്ട്രീയ നിലപാടുകളെ ജൂലി എതിര്‍ത്തിരുന്നു. അധികാരത്തിലെത്തി വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇത്തരം ഒരു നിയമനം നടത്തിയത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശകരുടെ പക്ഷം. ജൂലിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വിജയ് അനുകൂലികളും പ്രതികൂലികളും തമ്മില്‍ വലിയ വാക്പോര് തന്നെ നടക്കുന്നുണ്ട്.
നടന് വിജയകാന്തിന്റെ ഭാര്യയും വിരുദാചലം എം.എല്‍.എയുമായ പ്രേമലത വിജയകാന്തും ഈ വിഷയത്തില്‍ വിജയ്ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് ജ്യോതിഷിക്ക് നല്കിയ സര്‍ക്കാര്‍ നിയമനം വിജയ് പിന്‍വലിച്ചത്. ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഉണ്ടായ ഈ ജ്യോത്സന് വിവാദം വരും ദിവസങ്ങളില്‍ വിജയ് സര്‍ക്കാരിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
