
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്തത് പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഭരണപരമായ നേതൃത്വമില്ലാത്തത് വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ താളംതെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, അടിയന്തരമായി തീര്‍പ്പാക്കേണ്ട പല കാര്യങ്ങളും മന്ത്രിയുടെ അഭാവത്തില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. മന്ത്രിതലത്തില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തത് ഫലപ്രഖ്യാപന പ്രക്രിയയെ ബാധിച്ചിട്ടുണ്ട്.
അധ്യയനവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവതാളത്തിലാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനും മന്ത്രിതലത്തിലുള്ള നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കാന്‍ വൈകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കേന്ദ്ര സര്‍ക്കാര്‍ എസ്.എസ്.കെ ഫണ്ട് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, അധ്യാപക പരിശീലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് മന്ത്രിയുടെ സജീവ ഇടപെടല്‍ ആവശ്യമാണ്. ഭരണനേതൃത്വമില്ലാത്തതിനാല് ഈ മേഖല ഇപ്പോള്‍ പൂര്‍ണ്ണമായും നിശ്ചലമായിരിക്കുകയാണ്.
മികച്ച മുന്നൊരുക്കങ്ങളിലൂടെ കഴിഞ്ഞ കാലങ്ങളില്‍ കുതിപ്പ് നടത്തിയ പൊതുവിദ്യാഭ്യാസ മേഖലയെ ഇത്തരത്തില്‍ അനാഥമാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
