
തിരുവനന്തപുരം: വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് യൂട്യൂബ് ബ്യൂട്ടി വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗ്ലാമി ഗംഗ. പ്രിയ സുഹൃത്തായിരുന്ന വിഷ്ണുവിനെ (അപ്പു) വിവാഹം ചെയ്ത ഗംഗ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അമ്മയുടെയും അനിയത്തിയുടെയും സന്തോഷമാണെന്ന് ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞു. അമ്മയെയും അനിയത്തിയെയും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കണം എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് ഗംഗ പറയുന്നു.
"കല്യാണം കഴിഞ്ഞ് കുറച്ചുദിവസം മാറിനിന്നപ്പോൾ തന്നെ അമ്മയ്ക്ക് വിഷമമായി. ഞാൻ വീട്ടിലില്ലാത്തതിന്റെ ശൂന്യത അമ്മയെ വല്ലാതെ ബാധിച്ചു. വീട്ടിൽ എപ്പോഴും ബഹളമുണ്ടാക്കുന്ന ആൾ ഞാനാണ്, ഞാൻ പോയതോടെ അവിടെ ആകെ മൂകതയാണെന്ന് അമ്മ പറഞ്ഞു. കാറോ വീടോ വേണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഞാനും അത്തരം മോഹങ്ങൾ വെച്ചുപുലർത്തിയിരുന്നില്ല. അതുകൊണ്ടാകാം ദൈവം എനിക്ക് എല്ലാം തന്നത്"– താരം വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നതായി തോന്നുന്നില്ലെന്ന് ഗംഗ പറയുന്നു. നെറ്റിയിലൊരു സിന്ദൂരം വന്നു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. "എന്റെ സങ്കല്പത്തിലുള്ള ഒരാളെ ജീവിതപങ്കാളിയായി കിട്ടുമെന്ന് കരുതിയിരുന്നില്ല. മുൻപത്തെ അനുഭവങ്ങൾ കാരണം നല്ലൊരു പാർട്ണറെ കിട്ടുമെന്ന വിശ്വാസമേ ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തി ജീവിക്കാമെന്നാണ് അന്ന് കരുതിയത്. പക്ഷേ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഇപ്പോൾ വീട്ടുകാരും ഞാനും ഒരുപോലെ ഹാപ്പിയാണ്. ആ സന്തോഷമാണ് എന്റെ ഏറ്റവും വലിയ നേട്ടം"– ഗംഗ കൂട്ടിച്ചേർത്തു.
