
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയിയെയും പുതിയ സർക്കാരിനെയും പ്രശംസിച്ച് ഉലകനായകൻ കമൽ ഹാസൻ. സിനിമാ മേഖലയിൽ നിന്ന് ഒരാൾ ഈ ഉന്നത സ്ഥാനത്തെത്തിയത് അഭിമാനകരമാണെന്നും ആർക്കും ഏത് മേഖലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള വിജയിന്റെ കന്നി തീരുമാനത്തെയും കമൽ ഹാസൻ അഭിനന്ദിച്ചു.
തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മൾ വിജയിയെ വെറുമൊരു സിനിമാ താരമായി മാത്രം കാണരുത്. അദ്ദേഹത്തിന് മറ്റ് ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. നമ്മുടെ മേഖലയിൽ നിന്ന് ഒരാൾ അധികാരത്തിൽ വന്നത് അഭിമാനകരമാണ്. തമിഴ്നാട്ടിലെ പുതിയ സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ’– കമൽ പറഞ്ഞു. ക്ഷേത്രങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ പൂട്ടാനുള്ള ഉത്തരവ് സ്വാഗതാർഹം. ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന കാര്യം ഇപ്പോൾ നടപ്പിലാക്കി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം ഭരിച്ചിരുന്ന ദ്രാവിഡ പാർട്ടികളെ അട്ടിമറിച്ചാണ് വിജയിന്റെ ടി.വി.കെ ചരിത്ര വിജയം നേടിയത്. എം.ജി.ആർ, എൻ.ടി.ആർ, ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ നിരയിലേക്കാണ് വിജയും ഇപ്പോൾ എത്തിയിരിക്കുന്നത്. കന്നി അങ്കത്തിൽ 108 സീറ്റുകൾ നേടിയ പാർട്ടി, 234 അംഗ നിയമസഭയിൽ 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തമിഴ് മക്കൾ കാത്തിരുന്ന വിജയിന്റെ സത്യപ്രതിജ്ഞ.
