
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തകര്‍ന്ന സാഹചര്യത്തില്‍, രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത രാഷ്ട്രീയ വഞ്ചനാക്കുറ്റ ആരോപണങ്ങളുമായി ഡിഎംകെ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടുകയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അവരെ തോല്‍പ്പിക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് സഖ്യം തകരാന്‍ കാരണമായതെന്ന് ഡിഎംകെ ഔദ്യോഗികമായി കുറ്റപ്പെടുത്തി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ തുടര്‍ന്നുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തിയെന്നും, രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ അനുഗ്രഹത്തോടെയാണ് ഈ ചതി നടന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി. ഡിഎംകെയുടെ മുഖപത്രമായ 'മുരശൊലി'യിലെ മുഖപ്രസംഗത്തിലും പാര്‍ട്ടിയുടെ ഐടി വിഭാഗത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങളിലുമാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അപക്വതയെയും അവിശ്വസ്തതയെയും കടന്നാക്രമിച്ചുകൊണ്ട് കടുത്ത ഭാഷയിലുള്ള വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ' മുന്നണി യോഗത്തില്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചതിനെ വൈകിവന്ന വിവേകമെന്നാണ് മുഖപത്രം പരിഹസിച്ചത്. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും കോണ്‍ഗ്രസിനെതിരെ തിരിയുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഈ തിരിച്ചറിവുണ്ടായത്. ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം തകര്‍ത്തത് രാഹുല്‍ ഗാന്ധി തന്നെയല്ലേ എന്ന് മുരശൊലി ചോദിക്കുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ വിട്ട് പുതുതായി ഉയര്‍ന്നുവന്ന ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോണ്‍ഗ്രസ്, ഇപ്പോള്‍ ടിവികെ തലവന്‍ വിജയ് 'ഇന്ത്യ' മുന്നണിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഡിഎംകെയെ വീണ്ടും സുഖിപ്പിക്കാന്‍ നോക്കുകയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. ഇതിന് പുറമെ, ഡിഎംകെ ഐടി വിഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ 'രാഷ്ട്രീയ അതിജീവനത്തിനായി തങ്ങള്‍ തോളിലേറ്റിയ കോണ്‍ഗ്രസ്, തിളക്കമുള്ള പുതിയൊരു കളിപ്പാട്ടം (ടിവികെ) കണ്ടപ്പോള്‍ ധൃതിയില്‍ ചാടിപ്പോയെന്നും, രാഹുല്‍ ഗാന്ധി ഇപ്പോഴും വളരാത്ത ഒരു വലിയ തമാശയാണെന്നും' കുറിച്ചു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍ജെഡിയും കേരളത്തില്‍ ഇടതുപക്ഷവും രാഹുലിന്റെ പെരുമാറ്റത്തെയും നിലപാടുകളെയും ഒരുപോലെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. രാജ്യത്ത് ബിജെപി വിരുദ്ധ വികാരത്തേക്കാള്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം മുന്നണി യോഗത്തില്‍ ചര്‍ച്ചയാകാന്‍ കാരണം രാഹുലിന്റെ പക്വതയില്ലായ്മയാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അസംബന്ധമായിരുന്നുവെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നും ഇരുവരും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നുമുള്ള രാഹുലിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് 'ഇന്ത്യ' മുന്നണി യോഗത്തില്‍ തുറന്നടിച്ചിരുന്നു. ബിജെപി വിരുദ്ധത തെളിയിക്കാന്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് അസംബന്ധം വിളിച്ചു പറയുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
'ഇടതുപക്ഷം ഇപ്പോള്‍ ഇടതുപക്ഷമല്ല' എന്ന രാഹുലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ അപക്വതയുടെ ലക്ഷണമാണെന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുല്‍ ഗാന്ധിക്ക് പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മുരശൊലി ചോദിക്കുന്നു. പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് ഒത്താശ പാടുന്ന പണി നിര്‍ത്തി പ്രതിപക്ഷ നേതാവിന്റെ ജോലി മര്യാദയ്ക്ക് ചെയ്യാനാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുന്നത്.
മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളായ അഖിലേഷ് യാദവും തേജസ്വി യാദവും കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി മുഖപ്രസംഗത്തില്‍ പറയുന്നു. ഡിഎംകെയുടെയും ആം ആദ്മിയുടെയും മുന്നണി വിടല്‍ വലിയ തിരിച്ചടിയാണെന്നും സഖ്യത്തിന്റെ ഭാവി പുനഃപരിശോധിക്കണമെന്നുമാണ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്. ബിഹാറില്‍ പല വിഷയങ്ങളിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടോ എന്ന് തേജസ്വി യാദവും സംശയം പ്രകടിപ്പിച്ചു. മുന്നണി കക്ഷികളുടെ വിമര്‍ശനം വിഷം തൊണ്ട തൊടാതെ വിഴുങ്ങിയ ശിവനെപ്പോലെ കോണ്‍ഗ്രസ് സഹിക്കുമെന്ന രാഹുലിന്റെ ഉപമയ്ക്കും ഡിഎംകെ മറുപടി നല്കി. പുരാണത്തില്‍ ശിവന് വിഷം കുടിച്ചത് ലോകത്തെ രക്ഷിക്കാനാണ്, അല്ലാതെ ആ വിഷം ഉണ്ടാക്കിയത് ശിവനല്ല. എന്നാല്‍ 'ഇന്ത്യ' മുന്നണിയില്‍ അമൃതിന് പകരം വിഷം കടഞ്ഞെടുത്തത് ആരാണെന്ന് രാജ്യം കാണുന്നുണ്ടെന്ന് പറഞ്ഞാണ് ഡിഎംകെ മുഖപത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
