
റായ്പൂർ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെഞ്ചുറി നേടിയിട്ടും ഹെൽമെറ്റ് പോലും അഴിക്കാതെ ക്രീസിൽ നിന്ന വിരാട് കോലിയുടെ ശാന്തത ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു. എന്നാൽ, തന്റെ മൗനത്തിന് പിന്നിലെ വികാരമെന്താണെന്ന് മത്സരശേഷം കോലി തന്നെ വെളിപ്പെടുത്തി. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന് പ്ലേ ഓഫ് ഉറപ്പാക്കാൻ ആവശ്യമായ രണ്ട് പോയിന്റുകൾക്കായിരുന്നു താൻ വില കൽപ്പിച്ചതെന്ന് കോലി പറഞ്ഞു.
"ടീമിന് ഈ വിജയവും അതിലൂടെ ലഭിച്ച രണ്ട് പോയിന്റുകളും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് സെഞ്ചുറി ആഘോഷിക്കാതിരുന്നത്. ടീമിന് മികച്ച തുടക്കം നൽകുക എന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാൻ ക്രീസിൽ കൂടുതൽ സമയം ചെലവഴിച്ചാൽ അത് ടീമിന്റെ വിജയസാധ്യത വർധിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിനെ വിജയതീരത്ത് എത്തിക്കുന്നതിനായിരുന്നു എന്റെ മുൻഗണന"- സമ്മാനദാന ചടങ്ങിൽ കോലി വ്യക്തമാക്കി.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ തന്നെ വേട്ടയാടിയിരുന്നതായും കോലി തുറന്നുപറഞ്ഞു. കഴിഞ്ഞ കളികളിൽ പന്ത് നന്നായി ബാറ്റിൽ തട്ടുന്നുണ്ടായിരുന്നെങ്കിലും അത് വലിയ സ്കോറുകളാക്കി മാറ്റാൻ കഴിയാത്തത് തന്നെ അസ്വസ്ഥനാക്കിയിരുന്നു. കൊൽക്കത്തയ്ക്കെതിരെ ആദ്യ റണ്ണെടുത്തപ്പോൾ തന്നെ സെഞ്ചുറി നേടിയ ആവേശത്തിൽ കോലി ആഹ്ലാദപ്രകടനം നടത്തിയത് ഈ സമ്മർദ്ദം മൂലമായിരുന്നു.
കൊൽക്കത്ത ഉയർത്തിയ 193 റൺസ് പിന്തുടർന്ന ആർസിബിക്കായി 105 റൺസുമായി പുറത്താകാതെ നിന്ന കോലി ടീമിന് ആറ് വിക്കറ്റ് ജയമാണ് സമ്മാനിച്ചത്. ഇതോടെ ആർസിബിയുടെ പ്ലേ ഓഫ് സാധ്യതകളും ഏതാണ്ട് ഉറപ്പായി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സ്വന്തം റെക്കോർഡ് ഈ പ്രകടനത്തോടെ കോലി ഒരിക്കൽ കൂടി തിരുത്തിയെഴുതി.
