
ചെന്നൈ: ക്രിക്കറ്റ് മൈതാനത്ത് സിക്സറുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന മലയാളി താരം സഞ്ജു സാംസണെ മാത്രമെ ആരാധകര്‍ക്ക് അറിയു. എന്നാല്‍ സഞ്ജുവില്‍ ഒരു കലാകാരന് കൂടിയുണ്ടെന്ന് പറയുകയാണ് ഭാര്യ ചാരുലത. ചെന്നൈ സൂപ്പര്‍ കിങ്സിനുവേണ്ടി രണ്ടു സെഞ്ചുറികള്‍ നേടിയ, മികച്ച പ്രകടനങ്ങള്‍ കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ താരത്തിന്റെ കലാപരമായ കഴിവാണ് ചാരുലത പരിചയപ്പെടുത്തുന്നത്. ക്യാന്‍വാസില്‍ നിറങ്ങള്‍ ചാലിച്ച സഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സഞ്ജുവിന്റെ ഭാര്യ ചാരുലതയാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം വരച്ച് നിറം ചാലിച്ച ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ഹലോ, ആര്‍ട്ടിസ്റ്റ് സാംസണെ എല്ലാവരും പരിചയപ്പെടൂ' എന്ന സ്നേഹപൂര്‍വ്വമായ അടിക്കുറിപ്പോടെയാണ് സഞ്ജു വരച്ച പെയിന്റിങ് ചാരുലത പങ്കുവെച്ചത്. രാത്രിയുടെ പശ്ചാത്തലത്തില്‍ മലനിരകള്‍ക്കും ശാന്തമായ ജലാശയത്തിനും മുകളില്‍ വെട്ടിത്തിളങ്ങുന്ന നിലാവിനെയാണ് സഞ്ജു ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിലെ നിലാവിന്റെ ഭംഗിയെ ചാരുലത പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീഷെയര്‍ ചെയ്തുകൊണ്ട് സഞ്ജു രസകരമായ മറുപടിയും നല്കി. 'അതെ, ഇത് എന്റെ ആദ്യ പെയിന്റിങ്ങാണ്. ലേലം ഉടന്‍ ആരംഭിക്കും' എന്നായിരുന്നു തമാശരൂപേണ സഞ്ജു കുറിച്ചത്.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ബാറ്റിംഗില്‍ മികച്ച ഫോമിലുള്ള താരം ഈ സീസണില്‍ ഇതിനോടകം രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സ് നേടിയ സഞ്ജു, ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ നിലവില്‍ ഏഴാം സ്ഥാനത്തുണ്ട്. ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ ഇടംപിടിച്ച താരം സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്.തുടക്കത്തില്‍ ചില പരാജയങ്ങള്‍ നേരിട്ടെങ്കിലും, സഞ്ജുവിന്റെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ കൂടി വിജയിച്ചാല്‍ ടീമിന് പ്ലേഓഫിലേക്ക് കടക്കാന്‍ സാധിക്കും. മെയ് 15-ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത പോരാട്ടം. മൈതാനത്തെ കരുത്തുറ്റ ബാറ്റിംഗിനൊപ്പം സഞ്ജുവിന്റെ ഈ പുതിയ ചിത്രരചനാ വൈഭവം കൂടി പുറത്തുവന്നത് ആരാധകര്‍ക്ക് ഇരട്ടി മധുരമായിരിക്കുകയാണ്.
