

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുഹമ്മദൻസിനെ നേരിടും. വൈകിട്ട് അഞ്ചു മണിക്കാണ് കിക്കോഫ്. തുടർച്ചയായ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 11 കളികളിൽനിന്ന് മൂന്നു ജയമടക്കം 11 പോയിന്റുള്ള ടീം പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
സീസണിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മുഹമ്മദൻസ് കടന്നുപോകുന്നത്. പത്തു മത്സരങ്ങളിൽനിന്ന് വെറും മൂന്നു പോയിന്റ് മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഈ സീസൺ മുതൽ പട്ടികയിൽ അവസാനമെത്തുന്ന ടീമിനെ ഐ ലീഗിലേക്ക് തരംതാഴ്ത്തുമെന്ന് (Relegation) എഐഎഫ്എഫ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, ഇന്നത്തെ മത്സരം മുഹമ്മദൻസിന് നിർണ്ണായകമാണ്. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയില്ലെങ്കിൽ അടുത്ത സീസണിൽ അവർക്ക് ഐഎസ്എല്ലിൽനിന്ന് പുറത്തുപോകേണ്ടി വരും.
മുൻ പരിശീലകൻ ഡേവിഡ് കറ്റാലയ്ക്ക് കീഴിൽ തുടർച്ചയായ തോൽവികൾ വഴങ്ങി തരംതാഴ്ത്തൽ ഭീഷണി നേരിട്ട ഘട്ടത്തിലാണ് ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വുഡ് ടീമിന്റെ ചുമതലയേറ്റത്. വുഡ് എത്തിയതോടെ ടീം പഴയ കരുത്തിലേക്ക് മടങ്ങിത്തുടങ്ങി. വിക്ടർ ബെർത്തോമ്യു, മത്തിയാസ് ഹെർണാണ്ടസ് എന്നിവരുടെ തകർപ്പൻ ഫോമും നിഹാൽ സുധീഷ്, വിപിൻ മോഹനൻ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനവുമാണ് ടീമിന്റെ കരുത്ത്. കിരീടപ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചെങ്കിലും വരാനിരിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് അന്തസ്സോടെ സീസൺ പൂർത്തിയാക്കാനാണ് മഞ്ഞപ്പടയുടെ നീക്കം.