
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് അന്തിമ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രാഹുല്‍ ഗാന്ധി വ്യക്തിപരമായി ഫോണില്‍ വിളിച്ച് തീരുമാനമറിയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിന് ശേഷമായിരിക്കും തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
അന്തിമ തീരുമാനം കൈക്കൊണ്ട രാഹുല്‍ ഗാന്ധിമല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്കിടയില്‍ മൂന്ന് നേതാക്കളെയും ബന്ധപ്പെട്ടിരുന്നില്ല. ഖാര്‍ഗെയുടെ വസതിയില്‍ യോഗം നടക്കുമ്പോള്‍ കെ.സി. വേണുഗോപാല്‍ അവിടെയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം ലോധി റോഡിലെ തന്റെ വസതിയില്‍ തന്നെ തങ്ങി. കേരളത്തിലുള്ള സതീശനോ ചെന്നിത്തലയ്ക്കോ ഇന്നലെ രാത്രി വൈകിയും ഹൈക്കമാന്‍ഡില്‍ നിന്ന് വിളിയെത്തിയില്ല. ഈ സാഹചര്യത്തിലാണ് നേതാക്കളെ നേരിട്ട് വിളിച്ച് വിശ്വസിപ്പിക്കാനുള്ള ചുമതല രാഹുല്‍ തന്നെ ഏറ്റെടുത്തത്.
തീരുമാനമെടുത്തിട്ടും ശുഭദിനമല്ലെന്ന കാരണത്താല്‍ ഇന്നലത്തെ പ്രഖ്യാപനം മാറ്റിവെച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ എ.ഐ.സി.സി വൃത്തങ്ങള്‍ പൂര്‍ണ്ണമായും തള്ളി. പൊതുവേ ശുഭകാര്യങ്ങള്‍ക്കായി പലരും തിരഞ്ഞെടുക്കാത്ത 13-ാം തീയതി (ബുധനാഴ്ച) ആയതിനാലാണ് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയതെന്ന വാദത്തില്‍ കഴമ്പില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ശാസ്ത്രീയമായ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടി ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
കേവലം തീയതിയുടെ പ്രശ്നമല്ല, മറിച്ച് എല്ലാ വശങ്ങളും പരിശോധിച്ചുള്ള കൃത്യമായ രാഷ്ട്രീയ തീരുമാനത്തിനാണ് ഹൈക്കമാന്‍ഡ് സമയം എടുത്തത്. അര്‍ദ്ധരാത്രിയിലെ പ്രഖ്യാപനം ഒഴിവാക്കി പകല്‍ വെളിച്ചത്തില്‍ അന്തസ്സോടെ മുഖ്യമന്ത്രിയെ അവതരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി താല്പര്യപ്പെട്ടത്. ഇത് അണികള്‍ക്കും ഘടകകക്ഷികള്‍ക്കും നല്കുന്ന സന്ദേശം വളരെ വലുതാണ്. അതിനിടെ ഭൂരിപക്ഷം കിട്ടി ഒന്‍പതാം ദിവസമായിരുന്നു ബുധനാഴ്ച. 13-ാം തീയതിയ്ക്കൊപ്പം ഒന്പതിന്റെ പേരു ദോഷവും കോണ്‍ഗ്രസ് ഹൈക്കമാണ്ട് പരിഗണിച്ചെന്ന വാദവും ഉയര്‍ന്നിരുന്നു. ഏതായാലും ജനപഥിലെ പത്താം നമ്പര്‍ വസതയിലാണ് സോണിയാ ഗാന്ധിയുടെ താമസം. പത്താം നമ്പര്‍ വീട്ടില്‍ നിന്നും പത്താം ദിവസത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയിരിക്കുന്നു. പത്തിന്റെ ഭാഗ്യം കേരളത്തില്‍ ഭരണ തുടര്‍ച്ചയ്ക്ക് അടക്കം സാധ്യതയൊരുക്കുമെന്നും കരുതുന്നവരുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് മുന്‍തൂക്കമുണ്ടെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോഴും, സോണിയ ഗാന്ധിയുടെയും എ.കെ. ആന്റണിയുടെയും പിന്തുണയുള്ള ചെന്നിത്തലയ്ക്കും ജനപിന്തുണയുള്ള വി.ഡി. സതീശനും പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിളി ആര്‍ക്കാണോ ആദ്യം വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി. മുസ്ലീം ലീഗ് അധ്യക്ഷനെ ഖാര്‍ഗെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിക്കും.
തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ എം.എല്‍.എമാരെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും. അതിന് മുന്നോടിയായി മൂന്ന് പ്രമുഖ നേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ച് സമവായത്തില്‍ എത്തിക്കും. ഗ്രൂപ്പ് വൈരാഗ്യം മറന്ന് പുതിയ മുഖ്യമന്ത്രിയെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമായിരിക്കും രാഹുല്‍ നല്‍കുക.
ഇന്നലെ നടന്ന ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച അതീവ രഹസ്യമായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ പേര് പുറത്തുപോകാതിരിക്കാന്‍ ഹൈക്കമാന്‍ഡ് വലിയ ജാഗ്രതയാണ് പുലര്‍ത്തിയത്. അതുകൊണ്ടാണ് കേരളത്തിലെ നേതാക്കള്‍ക്ക് പോലും ഇന്നലെ രാത്രി വരെ കൃത്യമായ സൂചന ലഭിക്കാതിരുന്നത്. ഹൈക്കമാന്‍ഡിന്റെ അധികാരവും ആജ്ഞാശക്തിയും ഉറപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടന്നത്.
രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നേതാക്കളുമായി സംസാരിക്കുന്നത് പാര്‍ട്ടിയിലെ അച്ചടക്കം നിലനിര്‍ത്താന്‍ സഹായിക്കും. പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രഖ്യാപനം വരുമ്പോള്‍ ആരും പരസ്യ പ്രതിഷേധത്തിന് മുതിരാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. വി.ഡി. സതീശന് പക്ഷവും ചെന്നിത്തല പക്ഷവും വലിയ പ്രതീക്ഷയോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്.
ഡല്‍ഹിയില്‍ കെ.സി. വേണുഗോപാല്‍ പുലര്‍ത്തുന്ന നിശബ്ദതയും ശ്രദ്ധേയമാണ്. ഹൈക്കമാന്‍ഡ് ദൂതയായ ദീപാ ദാസ് മുന്‍ഷി ഇതിനകം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രഖ്യാപനം വരുമ്പോള്‍ അത് ഗ്രൂപ്പ് അതിപ്രസരമില്ലാത്ത പുതിയൊരു കോണ്‍ഗ്രസ് ശൈലിയുടെ തുടക്കമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. സാമ്പത്തിക പ്രതിസന്ധിയും മറ്റ് ഭരണപരമായ വെല്ലുവിളികളും നിലനില്‍ക്കുന്നതിനാല്‍ സത്യപ്രതിജ്ഞാ നടപടികള്‍ വേഗത്തിലാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്ത് ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ആര് എത്തും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിളി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമോ എന്ന് ഉടന്‍ വ്യക്തമാകും.
