
ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ശ്രീലങ്ക എക്കെതിരെയുള്ള നിർണായക മത്സരത്തിൽ ഇന്ത്യ എക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ഒരു ഘട്ടത്തിൽ തകർച്ചയെ നേരിട്ടെങ്കിലും മധ്യനിരയിൽ പൊരുതിയ സൂര്യാൻഷ് ഷെഡ്ജെയുടെയും (72) വിപ്രജ് നിഗമിന്റെയും (51) അർധസെഞ്ചുറികളുടെ കരുത്തിൽ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. എട്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രീലങ്ക എക്കായി മുഹമ്മദ് ഷിറാസും വിജയ്കാന്ത് വിയാസ്കാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. കൗമാര താരം വൈഭവ് സൂര്യവംശി 14 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 21 റൺസെടുത്ത് വേഗത്തിൽ മടങ്ങി. ഗുണശേഖര എറിഞ്ഞ രണ്ടാം ഓവറിൽ തകർപ്പൻ അടികളോടെ തുടങ്ങിയ വൈഭവ്, നാലാം ഓവറിൽ സഹൻ അരച്ചിഗെയുടെ പന്തിൽ വാനുജ സഹന് ക്യാച്ച് നൽകിയാണ് പുറത്തായത്. പിന്നാലെ വന്ന പ്രഭ്സിമ്രാൻ സിംഗും (11) നിരാശപ്പെടുത്തി. തുടർന്ന് ഒത്തുചേർന്ന റുതുരാജ് ഗെയ്ക്വാദ് - തിലക് വർമ സഖ്യം പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 100 കടക്കും മുൻപേ ക്യാപ്റ്റൻ തിലക് വർമ (23) പുറത്തായി
സ്കോർ 111ൽ നിൽക്കെ റുതുരാജും (37) മടങ്ങിയതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലായി. പിന്നീട് വന്ന നിഷാന്ത് സിന്ധു (6), ആയുഷ് ബദോനി (15), അനുകുൽ റോയ് (8) എന്നിവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 143 റൺസിന് 7 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഏഴു വിക്കറ്റുകൾ നഷ്ടമായി തകർന്ന ഇന്ത്യയെ എട്ടാം വിക്കറ്റിൽ ഒന്നിച്ച സൂര്യാൻഷ് ഷെഡ്ജെയും വിപ്രജ് നിഗമും ചേർന്നാണ് രക്ഷപെടുത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഷെഡ്ജെ 66 പന്തിൽ 72 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. മികച്ച പിന്തുണ നൽകിയ വിപ്രജ് നിഗം 49 പന്തിൽ 51 റൺസും നേടി.
അഫ്ഗാനിസ്ഥാനെതിരെയുള്ള കഴിഞ്ഞ മത്സരം തോറ്റ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങിയത്. യാഷ് താക്കൂറും അനുകൂൽ റോയിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യ എക്ക് ഫൈനൽ ഉറപ്പിക്കാൻ ഇന്ന് ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമാണ്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എക്കെതിരെ ഒരു മത്സരം കൂടി ഇന്ത്യക്ക് ബാക്കിയുണ്ട്.
