
കൊച്ചി: സി.എം.ആര്.എല്‍. എക്സാലോജിക് ദുരൂഹ പണമിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന. തിരുവനന്തപുരത്തെ പിണറായി വിജയന്റെയും വീണയുടെയും വസതികളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും വിശദമായ വിശകലനം പൂര്‍ത്തിയായ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) കര്‍ശന വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസ് ആയതിനാല്‍, ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി. കടക്കാനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.
കേസിലെ പ്രധാന കണ്ണിയായ വീണയ്ക്കൊപ്പം സി.എം.ആര്.എല്‍. കമ്പനി എം.ഡി. എസ്.എന്‍. ശശിധരന് കര്‍ത്താ, മകന് ശരണ്‍ എസ്. കര്‍ത്താ, കമ്പനിയിലെ സാമ്പത്തിക-ഐ.ടി. വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇ.ഡി. ഒരേസമയം ചോദ്യം ചെയ്യും. വീണയുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താന്‍ ഇവരെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ.ഡി. ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകളില് നിന്ന് അന്വേഷണസംഘത്തിന് പല നിര്‍ണ്ണായക വിവരങ്ങളും ലഭ്യമായിരുന്നില്ല. ഡിജിറ്റല്‍ ലോക്കറുകളുടെ പാസ്വേഡുകള് ഉള്‍പ്പെടെയുള്ളവ തുറന്ന് പരിശോധിക്കുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് നോട്ടീസ് നല്കി വിളിച്ചുവരുത്തുന്നത്. വീണയുടെ നീക്കങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. പിണറായി വിജയനും നിയമ വിദഗ്ധരുമായി ചര്‍ച്ച തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി സി.എം.ആര്.എല്ലുമായി ബന്ധപ്പെട്ട 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങള്‍ ഇതിനകം തന്നെ ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ശശിധരന് കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും കമ്പനി ഉന്നതരുടെയും അക്കൗണ്ടുകളാണ് ഇതില്‍ ഭൂരിഭാഗവും. എന്നാല്‍, ഈ കൂട്ടത്തില്‍ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുന്നുവെന്നത് ഇ.ഡി. വൃത്തങ്ങള്‍ നല്കുന്ന വലിയ സൂചനയാണ്. ഇതിനുപുറമേ വീണയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്.
സി.എം.ആര്.എല്‍. കമ്പനിയില്‍ ആദായനികുതി വകുപ്പ് 2019 ജനുവരിയില്‍ നടത്തിയ പരിശോധനയിലാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കമ്പനി രേഖകളില്‍ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകള്‍ അന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു പ്രധാന പങ്ക് എക്സാലോജിക്കിന്റെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതായാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. യാതൊരുവിധ ഐ.ടി. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കാതെയാണ് സി.എം.ആര്.എല്‍. എക്സാലോജിക്കിന് 2.78 കോടി രൂപയുടെ വ്യാജ പെയ്മെന്റുകള്‍ നല്‍കിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതിനുപുറമേ, ശശിധരന് കര്‍ത്തയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള 'എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയില്‍ നിന്നും എക്സാലോജിക്കിലേക്ക് വന്‍തോതില്‍ പണമെത്തിയതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്സാലോജിക് കമ്പനിക്ക് ഈ സ്ഥാപനം 50 ലക്ഷം രൂപ വായ്പയായി നല്‍കിയിരുന്നു. കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നടത്തിയ ഈ ഇടപാടുകള്‍ക്ക് പിന്നില്‍ കൃത്യമായ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കക്ഷികളെ നേരിട്ട് ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇ.ഡി. ഒരുങ്ങുന്നത്.
അതിനിടെ, തിരുവനന്തപുരത്ത് പിണറായി വിജയന്റെയും വീണാ വിജയന്റെയും വീട്ടില്‍ നടന്ന ഇ.ഡി. റെയ്ഡിന് പിന്നാലെയുണ്ടായ കനത്ത ആക്രമണത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥരുടെ കാറുകള്‍ തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും സി.ആര്.പി.എഫ്. ജവാന്മാരും ഉദ്യോഗസ്ഥരും കടുത്ത സംയമനം പാലിച്ചതിനാലാണ് ക്രമസമാധാന നില പൂര്‍ണ്ണമായി തകരാതിരുന്നതെന്ന് കേന്ദ്ര ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണത്തിന് പിന്നില്‍ അന്വേഷണം അട്ടിമറിക്കാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമമുണ്ടോയെന്നും ഇ.ഡി. പരിശോധിക്കുന്നുണ്ട്.
സി.എം.ആര്.എല്‍. കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയവരുടെ ഡയറിയിലെ പട്ടികയില്‍ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടെങ്കിലും, അവരിലേക്ക് ഉടന്‍ അന്വേഷണം വ്യാപിപ്പിക്കില്ലെന്നാണ് ഇ.ഡി. നല്കുന്ന സൂചന. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും (എസ്.എഫ്.ഐ.ഒ.) നേരത്തെ തന്നെ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, തട്ടിയെടുത്ത ഈ പണം ഏതൊക്കെ വിദേശ-ആഭ്യന്തര വഴികളിലേക്ക് പോയി എന്ന കാര്യത്തിലാണ് ഇ.ഡി.യുടെ പ്രാഥമിക പരിശോധന. ഈ നിര്‍ണ്ണായക കേസ് പൂര്‍ണ്ണമായി അവസാനിപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ.
അതേസമയം, കേസില്‍ ഇ.ഡി. അന്വേഷണം തുടരാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതിനെതിരേ സി.എം.ആര്.എല്‍. ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി ഇ.ഡി.യുടെ അന്വേഷണനടപടികള്‍ എത്രയും വേഗം തടയണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച ഈ ഹര്‍ജി പരിഗണിക്കും. സിംഗിള്‍ ബെഞ്ചിന്റെ അനുകൂല ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ വീടുകളില്‍ ഉള്‍പ്പെടെ ഇ.ഡി. ഇരച്ചുകയറി റെയ്ഡ് നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) അന്വേഷണത്തിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് സി.എം.ആര്.എല്‍. അപ്പീലില്‍ വാദിക്കുന്നത്. കേസ് റദ്ദാക്കണമെന്ന തങ്ങളുടെ പ്രധാന ആവശ്യം കണക്കിലെടുക്കാതെ, ഇ.ഡി. നല്കിയ സമന്‍സിനെ മാത്രമാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. കൂടാതെ, പി.എം.എല്‍.എ. പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഫ്.ഐ.ആര്. ആവശ്യമില്ലെന്ന കോടതിയുടെ നിരീക്ഷണവും തെറ്റാണെന്ന് കമ്പനി വാദിക്കുന്നു.
ഹര്‍ജി വിധി പറയാനായി മാറ്റിവെച്ച ശേഷം, പിന്നീട് എസ്.എഫ്.ഐ.ഒ. നല്കിയ പരാതി അടക്കമുള്ള പുതിയ രേഖകള്‍ കോടതി കണക്കിലെടുത്തത് ചട്ടവിരുദ്ധമാണെന്നും അപ്പീലിലുണ്ട്. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലെ വസ്തുതകളെ അക്കമിട്ട് ചോദ്യം ചെയ്യാനുള്ള ന്യായമായ അവസരം തങ്ങള്‍ക്ക് നിഷേധിച്ചതായും സി.എം.ആര്.എല്‍. ആരോപിക്കുന്നു. തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് എടുക്കുന്ന തീരുമാനം ഈ കേസില്‍ നിര്ണ്ണായകമാകുമെങ്കിലും, അതിന് മുന്‍പ് തന്നെ വീണയ്ക്ക് നോട്ടീസ് നല്കി ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് വേഗത്തില്‍ കടക്കാനാണ് ഇ.ഡി.യുടെ നീക്കം.
