സ്പീക്കറുടെ തീരുമാനം നിർണായകമാവും To advertise here, ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ടി.വി.കെ. സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ.യുടെ എം.എൽ.എ.മാർക്കും അനുയായികൾക്കുമെതിരേ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നടപടി തുടങ്ങി. സി.വി. ഷൺമുഖവും എസ്.പി. വേലുമണിയുമുൾപ്പെടെ 29 പേരെ പാർട്ടിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽനിന്ന് നീക്കി. നിയമസഭയിൽ ഏതുവിഭാഗത്തിനാണ് സ്പീക്കർ അംഗീകാരം നൽകുകയെന്നതിനെ ആശ്രയിച്ചിരിക്കും തുടർനടപടികൾ. അണ്ണാ ഡി.എം.കെ.യുടെ എം.എൽ.എ.മാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെ.ക്ക് അനുകൂലമായി വോട്ടുചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് അച്ചടക്കനടപടി. സി.വി. ഷൺമുഖം, എസ്.പി വേലുമണി, സി. വിജയഭാസ്കർ, എം.ആർ. വിജയഭാസ്കർ, ആർ. കാമരാജ്, കെ.പി. അൻപഴകൻ, കെ.സി. വീരമണി തുടങ്ങിയവരെയാണ് പാർട്ടിയിലെ തസ്തികകളിൽനിന്ന് നീക്കിയത്. പകരം എടപ്പാടിപക്ഷത്തുള്ളവരെ നിയമിക്കുകയും ചെയ്തു. അണ്ണാ ഡി.എം.കെ.യുടെ 47 എം.എൽ.എ.മാരിൽ 22 പേർ മാത്രമാണ് എടപ്പാടിയുടെ പക്ഷത്തുള്ളതെന്ന് ബുധനാഴ്ച വിശ്വാസവോട്ടെടുപ്പിലൂടെ വ്യക്തമായിരിക്കുകയാണ്. വരുംദിവസങ്ങളിൽ ഇക്കൂട്ടത്തിൽ കുറച്ചുപേർകൂടി മറുപക്ഷത്തേക്ക് ചാടുമെന്ന് അഭ്യൂഹമുണ്ട്. അത് എടപ്പാടിയെ കൂടുതൽ ദുർബലനാക്കും. വിശ്വാസവോട്ടെടുപ്പ് ചർച്ചാവേളയിൽ രണ്ടുപക്ഷത്തുള്ളവർക്കും നിയമസഭാസ്പീക്കർ സംസാരിക്കാൻ അനുമതി നൽകിയിരുന്നു. വിമതരെ സംസാരിക്കാൻ അനുവദിക്കുന്നതിനെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എതിർത്തെങ്കിലും സ്പീക്കർ വഴങ്ങിയില്ല. രണ്ടായി പിളർന്നുനിൽക്കുന്ന അണ്ണാ ഡി.എം.കെ. നിയമസഭാകക്ഷിയിൽ ഏതു വിഭാഗത്തിന് സ്പീക്കർ അംഗീകാരം നൽകിയാലും അത് നിയമയുദ്ധത്തിന് വഴിവെക്കും. വിമത എം.എൽ.എ.മാർ ഭരണപക്ഷത്തേക്കാണ് മാറുന്നത് എന്നതുകൊണ്ടും അതിൽ ചിലർ മന്ത്രിമാരാകും എന്നതുകൊണ്ടും അവരോടായിരിക്കും സ്പീക്കറുടെ അനുഭാവം. മുൻപ് അണ്ണാ ഡി.എം.കെ.യിലായിരിക്കേ എടപ്പാടിയിൽനിന്ന് അവഹേളനം അനുഭവിക്കേണ്ടിവന്ന സ്പീക്കർ ജെ.സി.ഡി. പ്രഭാകർ തിരിച്ചടിക്കാൻ ഈയവസരം ഉപയോഗപ്പെടുത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. അധികാരമോഹം ഒന്നുകൊണ്ടുമാത്രമാണ് ഏതാനും എം.എൽ.എ.മാർ ഭരണപക്ഷത്തേക്ക് മാറിയതെന്നാണ് എടപ്പാടി പറയുന്നത്. എന്നാൽ, എടപ്പാടിയുടെ അധികാരമോഹമാണ് പ്രശ്നങ്ങൾക്കുകാരണമായതെന്ന് വിമതർ പറയുന്നു. മുഖ്യശത്രുവായ ഡി.എം.കെ.യുമായി ചേർന്ന് മുഖ്യമന്ത്രിയാകാൻ അദ്ദേഹം ശ്രമിച്ചതാണ് തുടക്കം. നിയമസഭാതിരഞ്ഞെടുപ്പിനുമുൻപ് പാർട്ടിയിൽ ഐക്യം കൊണ്ടുവരണമെന്ന ആവശ്യം തള്ളിക്കളഞ്ഞതും എടപ്പാടിയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.
