ചെർക്കള : നാടിന്റെ വികസനവും യാത്രക്കാരുടെ സൗകര്യവും ലക്ഷ്യമിട്ട് പണിത ചെർക്കള ബസ്സ്റ്റാൻഡ് നോക്കുകുത്തിയായി തുടരുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. ചെർക്കള സ്റ്റാൻഡ് ബസുകളുടെ വരവ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. സ്റ്റാൻഡിൽ കയറിയിരുന്ന ചില സ്വകാര്യ ബസുകൾകൂടി കൈയൊഴിഞ്ഞതോടെ ബസ്സ്റ്റാൻഡ് പൂർണായും ശ്മശാനമൂകതയിലാണ്. ദേശീയപാതയിൽ മേൽപ്പാലം നിർമാണം നടക്കുന്ന ചെർക്കള ടൗണിൽ ശക്തമായ വെയിലിൽ പൊടിശല്യത്താൽ പൊറുതിമുട്ടിയാണ് പാതയോരത്ത് യാത്രക്കാർ ബസ് കാത്ത് നിർക്കുന്നത്. To advertise here, ബസ്സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സമരത്തിന്റെ ആദ്യഘട്ടമെന്നനിലയിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി ആറിന് സായാഹ്ന ധർണ നടത്തും. ബദിയഡുക്ക, കുറ്റിക്കോൽ, മുള്ളേരിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഏറെസമയം ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ടിവരുന്നു. ശൗചാലയംപോലുമില്ലാത്തിടത്ത് ഏറെ സമയം കാത്തുനിൽക്കേണ്ടിവരുന്നത് യാത്രക്കാരിൽ കടുത്ത പ്രയാസവും പ്രതിഷേധവുമുണ്ടാക്കുന്നുണ്ട്. ബസ്സ്റ്റാൻഡിനോട് ചേർന്ന് എല്ലാവിധ സൗകര്യത്തോടെയും മത്സ്യ മാർക്കറ്റ് ഒരുക്കിയിരുന്നെങ്കിലും ആളുകൾ സ്റ്റാൻഡിൽ എത്തുന്നത് നിലച്ചതോടെ മത്സ്യ വിൽപ്പന ചെർക്കള ടൗണിൽ പാതയോരത്തേക്ക് മാറ്റിയിരിക്കുന്നു. ചെർക്കളം അബ്ദുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ 2007-ലാണ് ബിഒടി അടിസ്ഥാനത്തിൽ സംസ്ഥാനത്തുതന്നെ ആദ്യമായി എല്ലാവിധ സൗകര്യങ്ങളോടുംകൂടി ചെർക്കളയിൽ ബസ്സ്റ്റാൻഡ് പണിതത്. ബസ്സ്റ്റാൻഡിൽ മാത്രം മുപ്പതോളം കടമുറികളുണ്ട്. കടമുറികൾക്ക് ഭീമമായ വാടകയാണ് നൽകിവരുന്നത്. യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തുന്നത്. ബസുകൾ സ്റ്റാൻഡിൽ കയറാതെവന്നതൊടെ വ്യാപാരവും പൂർണമായും നിലച്ചു. വാടക നൽകാൻപോലും വ്യാപാരികൾക്ക് കഴിയുന്നില്ല. ചെർക്കള സ്റ്റാൻഡിലേക്കുള്ള റോഡ് ഏറെ ഭാഗവും തകർന്നുകിടക്കുന്നു. തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്റ്റാൻഡിലേക്ക് കയറാത്ത ബസുകൾ പലതവണ തടഞ്ഞിരുന്നു. കളക്ടർക്കും ബന്ധപ്പെട്ടവർക്കും ഇതുസംബന്ധിച്ച് വ്യാപാരികൾ നിവേദനവും നൽകിയിരുന്നു. സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ ഉൾപ്പെടെയുള്ളവരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവയ്ക്ക് ദിവസങ്ങൾ മാത്രമായിരുന്നു ആയുസുണ്ടായിരുന്നത്. അധികൃതരുടെ കടുത്ത അവഗണനയ്ക്കെതിരേ ശക്തമായ ബഹുജന പ്രക്ഷോഭത്തിനാണ് സിപിഎം ഒരുങ്ങുന്നത്. സിപിഎം ചെങ്കള ലോക്കൽ കമ്മിറ്റി യോഗത്തിൽ എ. നാരായണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി.എം.എ. കരീം, കെ.എ. മുഹമ്മദ് ഹനീഫ, പി. ശിവപ്രസാദ്, എ.ആർ. ധന്യവാദ്, കെ.വി. ബാലരാജൻ എന്നിവർ സംസാരിച്ചു.
