മങ്കട : മിന്നൽപ്പിണരിൽ മരണം കവർന്നെടുത്ത പ്രിയപ്പെട്ടവർക്ക് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴിയേകി നാട്. ചൊവ്വാഴ്ച വൈകീട്ട് വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിൽ ഇടിമിന്നലേറ്റ് മരിച്ചവരെ നൊമ്പരപ്പെയ്ത്തിനിടെ നാട്ടുകാരും ബന്ധുക്കളുംചേർന്ന് യാത്രയാക്കി. വെള്ളില ടസ്കർ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. രാവിലെ മുതൽ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഓഡിറ്റോറിയത്തിനു മുന്നിലെ ചെറിയ പന്തലിനടിയിൽ തിങ്ങിനിറഞ്ഞിരുന്നു. രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം 11.20-ന് മൃതദേഹങ്ങൾ ഓഡിറ്റോറിയത്തിലേക്കെത്തിച്ചു. ആദ്യം റഹീസിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് ഓഡിറ്റോറിയത്തിന് മുന്നിലെ മൊബൈൽ മോർച്ചറിയിലേക്ക് മാറ്റി. To advertise here, പിന്നാലെ ബഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ മൃതദേഹങ്ങളും. ഈ കാഴ്ച കാണാനാവാതെ പലരും വിങ്ങിപ്പൊട്ടി. സങ്കടഭാരത്തിൽ ചിലർ തളർന്നുവീണു. മരിച്ചവരുടെ നല്ലതിനുവേണ്ടി, കൂടിനിന്നവർ ഖുർആൻ പാരായണം നടത്തി. ഉച്ചയ്ക്ക് 1.15-ഓടെ മൃതദേഹങ്ങൾ നാലുപേരുടെയും വീടുകളിലേക്ക് എത്തിച്ചു. അന്ത്യനിദ്രയിലും ഒരുമിച്ച് എപ്പോഴും ഒരുമിച്ചു നടന്നിരുന്ന പ്രിയസുഹൃത്തുക്കളായിരുന്നു നാലുപേരും. അന്ത്യനിദ്രയിലും അവർ ഒത്തുകൂടി, മലയിൽ ജുമാമസ്ജിദിലെ ഒരേ കബറിസ്ഥാനിൽ. ഉച്ചയ്ക്ക് 1.45-ന് വീടുകളിൽനിന്ന് മൃതദേഹങ്ങൾ പള്ളിയിലെത്തിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് മയ്യിത്ത് നമസ്കാരം നിർവഹിച്ചു. പിന്നീട് മതിലിനോടുചേർന്ന ഭാഗത്ത് അടുത്തടുത്തായി ഒരുക്കിയ നാല് കുഴികളിലായി കബറടക്കി. പോസ്റ്റുമോർട്ടം നടപടികൾ അതിവേഗം മങ്കട വെള്ളിലയിൽ മലമുകളിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ ഇടിമിന്നലേറ്റുമരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ ഏഴരയോടെ തന്നെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം തുടങ്ങി. രാവിലെ ഒൻപതരയോടെ എല്ലാ നടപടികളും പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. കറുത്താൻ കുത്ത് ഫഹദിന്റെ(20) പോസ്റ്റുമോർട്ടമാണ് ആദ്യം പൂർത്തിയാക്കിയത്. പിന്നീട് ബഹാസ്, സിയാദ്, റഹീസ് എന്നിവരുടെ ദേഹപരിശോധനയും പൂർത്തിയാക്കി. ശേഷം ഫഹദിന്റെ മൃതദേഹം ആശുപത്രിയിൽത്തന്നെ കുളിപ്പിച്ച് നാട്ടിലേക്കുകൊണ്ടുപോയി. മറ്റുരണ്ടുപേരുടെ മൃതദേഹം മഞ്ചേരി 22-ാം മൈലിലെ സാന്ത്വനസദനത്തിൽനിന്ന് കുളിപ്പിച്ചശേഷം വെള്ളിലയിലേക്ക് കൊണ്ടുപോയി. മെഡിക്കൽകോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഷേഖ് സക്കീർ ഹുസൈൻ, ഡോ. ജിജു, ഡോ. രഹ്നാസ് എന്നിവരുടെ നേതൃത്വത്തിൽ ഒരേസമയം നാല് ടേബിളുകളിലായാണ് പോസ്റ്റുമോർട്ടം നടത്തിയത്. റവന്യൂ, പോലീസ് സംഘമെത്തി ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. ഏറനാട് തഹസിൽദാർ ആർ.എസ്. ഫൈസൽ, ഡെപ്യൂട്ടി തഹസിൽദാർ എം. അബ്ദുൽ അസീസ്, പെരിന്തൽമണ്ണ തഹസിൽദാർ എം.കെ. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ റഫീഖ്, മങ്കട വില്ലേജ് ഓഫിസർ രാജീവ്, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ്, എസ്.ഐ. അഖിൽരാജ്, നിയുക്ത മഞ്ചേരി എം.എൽ.എ. അഡ്വ. എം. റഹ്‌മത്തുള്ള എന്നിവരും സ്ഥലത്തെത്തി. വിനോദ് പറയുന്നു, ‘ചിലരുടെ ശരീരഭാഗങ്ങൾക്ക് നീലനിറമായിരുന്നു’ വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിലേക്ക് ബുധനാഴ്ചയും വിനോദെത്തി, ഒരു നാട് വിറങ്ങലിച്ച മഹാദുരന്തത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഓർമ്മകളുമായി... അപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യൂ പോയിന്റിലെത്തുന്ന ഓരോ മനുഷ്യരോടും തലേന്നുണ്ടായ കാര്യങ്ങൾ അദ്ദേഹം വിവരിച്ചു. ചൊവ്വാഴ്ച ഉണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടവരിലൊരാളാണ് വിനോദ്. അനുഭവം പങ്കുവെയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു. വ്യൂ പോയിന്റിനു മുകളിൽ ഒരു കിലോമീറ്ററോളം ദൂരത്തായി ഒരു ക്വാറിയുണ്ട്. അവിടെയുള്ള ജോലിക്കാർക്ക് നാലു വർഷത്തോളമായി വൈകുന്നേരങ്ങളിൽ ചായയും കടിയുമുണ്ടാക്കി വിൽക്കുന്നുണ്ട് വിനോദ്. കല്ലിന്റെ പണിക്കാരനായ വിനോദിന് ഭാരമുള്ള പണിയെടുക്കാൻ വയ്യാതായതോടെയാണ് ഭക്ഷണമുണ്ടാക്കി ക്വാറിയിലേക്ക് ബൈക്കിൽ എത്തിക്കുന്നതിലേക്ക് തിരിഞ്ഞത്. സാധാരണയായി വൈകീട്ട് മൂന്നോടെയാണ് ചായയും കടിയുമെത്തിക്കുക. ചൊവ്വാഴ്ച വൈകീട്ട് മഴ പെയ്തതിനാൽ അഞ്ചുമണിയോടെയാണ് ക്വാറിയിലേക്ക് ഇറങ്ങിയത്. അപ്പോഴാണ് വ്യൂ പോയിന്റിൽ ആരൊക്കെയോ വീണുകിടപ്പുണ്ടെന്നു പറഞ്ഞ് ആരോ വിനോദിനെ കൂവി വിളിച്ചത്. ബൈക്ക് നിർത്തി അവിടേക്ക് എത്തിയപ്പോൾ കുറച്ചുപേർ നിലത്തുകിടക്കുന്നത് കണ്ടു. ചിലരുടെ ശരീരഭാഗങ്ങൾക്ക് നീലനിറമുണ്ടായിരുന്നു. വീണുകിടക്കുന്നവരിൽ വീടിനടുത്തുള്ള റോഷനുമുണ്ടായിരുന്നു. പലരും കൊണ്ടുവന്ന വണ്ടികളിലാണ് അപകടത്തിൽപ്പെട്ട ആറുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കിട്ടിയ ഒരാളെക്കൂടി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ബുധനാഴ്ച പൊതുദർശനവേളയിൽ വിനോദ് അവസാനമായി മരിച്ച നാലുപേരെയും കണ്ടു. അയൽവാസികളായ റഹീസിന്റെയും ഫഹദിന്റെയും വീട്ടിലെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കാനും വിനോദ് സമയം കണ്ടെത്തി. റോഷന് നഷ്ടപ്പെട്ടത് ആത്മസുഹൃത്തിനെ... ‘സഹോദരങ്ങളെന്നതിനപ്പുറം സുഹൃത്തുക്കളെപ്പോലെയാണ് ഫഹദും റോഷനും. എല്ലാത്തിനും ഒരുമിച്ചുണ്ടാകും’-ഇടിമിന്നലേറ്റ് മരിച്ച ഫഹദിനെക്കുറിച്ചും പരിക്കേറ്റ് ചികിത്സയിലുള്ള റോഷനെക്കുറിച്ചും അടുത്ത ബന്ധുവായ പി.പി. ഹാഫിദ് പറഞ്ഞു. ഫഹദിന്റെ ഉപ്പയുടെ അനിയന്റെ മകനാണ് കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ ഹാഫിദ്. നല്ല ഫുട്‌ബോൾ കളിക്കാരായിരുന്നു ഫഹദും റോഷനും. ഇരുവരെയുംകുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതും നല്ല വാക്കുകൾ മാത്രം. ആളുകളുമായി നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും. മങ്കട വെള്ളില പള്ളിപ്പറമ്പൻ വീട്ടിലെ നിസാറിന്റെയും ഖദീജയുടെയും മക്കളാണ് ഇരുവരും. ബിസിനസുകാരനാണ് നിസാർ. വളാഞ്ചേരിയിൽ നേഴ്‌സാണ് ഖദീജ. 21-വയസ്സുകാരനായ ഫഹദ് യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. ഗൾഫിൽ മികച്ച ജോലിവേണം എന്നാഗ്രഹിച്ച് മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചു. തുടക്കക്കാരനെന്ന നിലയിൽ എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. അതു മതിയാക്കി നാട്ടിൽ വന്നപ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ മിന്നൽ അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നത്. ഫഹദിനോടൊപ്പം‘കട്ടവൈബാ’യി കൂടെനിൽക്കുന്നയാളാണ് 19-കാരനായ റോഷൻ. പ്ലസ് ടു കഴിഞ്ഞ് ഇന്റീരിയർ ഡിസൈനിങ് കോഴ്‌സ് പഠിച്ചു. പുതിയ കോഴ്‌സുകൾ പഠിക്കാനുള്ള ആലോചന നടക്കുകയാണ്. ചൊവ്വാഴ്ചയുണ്ടായ മിന്നൽ ദുരന്തത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ റോഷൻ.
