ഇരിട്ടി: മാക്കൂട്ടം ചുരംപാതയുടെ നവീകരണം അന്തിമഘട്ടത്തിലേക്ക് കടക്കവേ റോഡിൽ അപകടവും പതിവാകുന്നു. ചുരംപാതയിൽ 16.5 കിലോമീറ്റർ വരുന്ന മാക്കൂട്ടം മുതൽ പെരുമ്പാടിവരെയുള്ള ഭാഗമാണ് അപകടമേഖല. റോഡിന്റെ ആറുകിലോമീറ്റർ ഭാഗം നവീകരണം പൂർത്തിയായി. അവശേഷിക്കുന്ന ഒൻപത് കിലോമീറ്റർ ഭാഗം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതും ആശ്വാസകരമായ നടപടിയാണെങ്കിലും തുടർച്ചയായുണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങൾ യാത്രക്കാരെ ഭയപ്പെടുത്തുന്നു. റോഡിന്റെ ഘടന മനസ്സിലാക്കാതെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് അപകടങ്ങൾക്കുള്ള ഒരു കാരണം. നവീകരണത്തോടൊപ്പം റോഡിന്റെ രൂപരേഖയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. To advertise here, വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരുവശവും വലിയ താഴ്ചയാണ്. വീതി കുറഞ്ഞ റോഡിൽ ഇരുഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങൾ വരുമ്പോൾ തടസ്സങ്ങളില്ലാതെ മറികടക്കാൻ കഴിയാത്തതാണ് പ്രശ്നം. ചെറിയൊരു അശ്രദ്ധയുണ്ടായാൽ തന്നെ വാഹനങ്ങൾ കൊല്ലിയിലേക്ക് മറിയുന്ന അവസ്ഥയാണ്. ഇത്തരം അപകടങ്ങൾ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാസംവിധാനങ്ങൾ പരിമിതമാണ്. റോഡിന്റെ അപകട സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളും കുറവാണ്. 15-ഓളം വലിയ വളവുകൾ ചുരംപാതയിൽ ഉണ്ട്. ഇവിടങ്ങളിലൊന്നും അപകടസൂചനാ മുന്നറിയിപ്പുകൾ ഒന്നും ഇല്ല. കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണവേലികളും പൂർണമായും തകർന്നു. റോഡ് നവീകരണത്തോടൊപ്പം ഇവ നന്നാക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളിലെ വെളിച്ചക്കുറവും പ്രയാസം ഉണ്ടാക്കുന്നു. ഇതുമൂലം അപകടങ്ങൾ സംഭവിച്ചാൽ പുറംലോകം അറിയുന്നതിനും തടസ്സമുണ്ടാക്കുന്നു. അപകടത്തിൽപ്പെടുന്നവരെ പെട്ടെന്ന് ആസ്പത്രിയിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും മേഖലയിൽ ഇല്ല. വിരാജ് പേട്ടയിൽനിന്നും ഇരിട്ടിയിൽനിന്നും അഗ്നിരക്ഷാസേന എത്തി വേണം പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിക്കാൻ. അപകടത്തിൽപ്പെട്ടയാൾ വാഹനത്തിനുള്ളിൽ കിടന്നത് 24 മണിക്കൂർ : കഴിഞ്ഞ ദിവസം ചുരംപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കണ്ണൂർ മുണ്ടയാട് സ്വദേശിയായ കെ.എൻ. ബാലകൃഷ്ണൻ മരിക്കാനിടയായ സംഭവം ചുരംപാത വഴി നിത്യവും യാത്രചെയ്യുന്നവരെ ഭയപ്പെടുത്തുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ 24 മണിക്കൂർ റോഡരികിൽ കിടന്നിട്ടും കണ്ടെത്താൻ കഴിയാഞ്ഞതാണ് ബാലകൃഷ്ണനെ മരണത്തിലേക്ക് നയിച്ചത്. തിങ്കഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് ബാലകൃഷ്ണൻ ഓടിച്ച കാർ ചുരംപാതയിലെ മേമനക്കൊല്ലിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞത്. ഒരു പകൽ മുഴുവൻ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കാർ മറിഞ്ഞുകിടക്കുന്നതും അതിനുള്ളിൽ ഒരാൾ ഉള്ളതും മനസ്സിലാകുന്നത്. ചുരംപാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ പിറകിൽ വരുന്ന വാഹനങ്ങളാണ് അവരുടെ രക്ഷകരായി മാറാറുള്ളത്. മറ്റ് വാഹനങ്ങൾ ഒരേ ദിശയിൽ നിന്നോ എതിൽ ദിശയിൽ നിന്നോ വരാത്ത സമയത്താണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് മനസ്സിലാകുന്നത്. മരം വീഴ്ച : ചുരം പാതയിലെ മറ്റൊരു ഭീഷണി മരം വീഴ്ചയാണ്. കഴിഞ്ഞ വർഷം കാലവർഷം തുടങ്ങിയ ശേഷം 50-ലധികം കൂറ്റൻ മരങ്ങളാണ് പാതയിലേക്ക് നിലം പൊത്തിയത്. വലിയ അപകടങ്ങൾ ഉണ്ടായില്ലെങ്കിലും മണിക്കൂറുകളോളമാണ് ഗതാഗതം മുടങ്ങിയത്. രാത്രിയാത്രക്കാരാണ് ഇത്തരം സന്ദർഭങ്ങളിൽ മണിക്കൂറുകളോളം പെരുവഴിയിലാകുന്നത്. വീരാജ്പേട്ടയിൽനിന്നോ ഇരിട്ടിയിൽ നിന്നോ അഗ്നിരക്ഷാസേന എത്തി വേണം മരം മുറിച്ചുമാറ്റി ഗതാഗത സ്തംഭനം ഒഴിവാക്കാൻ. ചുരംപാതയെ അപകടരഹിത പാതയാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും മടിക്കേരി ജില്ലാ ഭരണകൂടത്തിൽ നിന്നും അനുകൂലസമീപനം ഉണ്ടാകുന്നില്ല. Published: 14 May 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
