കരുനാഗപ്പള്ളി: ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയായിരുന്ന അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തി. To advertise here, അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ പുതിയകാവ് പെട്രോൾ പമ്പിന് സമീപത്തും പ്രതികൾ ഗൂഢാലോചന നടത്തിയ കൊട്ടാരക്കര വാളകത്തെ ക്വാറിയിലുമാണ് പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തിയത്. രണ്ട് സംഘങ്ങളായി വേർതിരിച്ചാണ് പ്രതികളെ തെളിവെടുപ്പിനുകൊണ്ടുവന്നത്. കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), കുലശേഖരപുരം പുന്നക്കുളം കറവൻതറ കിഴക്കതിൽ ആഷിക് (27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (30), തേവലക്കര തടത്തിൽവീട്ടിൽ ഷിനു പീറ്റർ (31) എന്നിവരെ വ്യാഴാഴ്ച രാവിലെ ഏഴിനാണ് പുതിയകാവിലെത്തിച്ച് തെളിവെടുത്തത്. മറ്റു പ്രതികളായ പുലിയൂർ വഞ്ചി വടക്ക് റഹിം മൻസിൽ മുഹമ്മദ് ഫൈസൽ ഖാൻ (29), കടത്തൂർ ഫാത്തിമ മൻസിൽ അലി ഉമ്മർ (24), കുലശേഖരപുരം കൊല്ലന്റയ്യത്തുവീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരെ കഴിഞ്ഞദിവസം വൈകീട്ടാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇവർ കൊലപാതകത്തിന് സഹായം ചെയ്തവരും കൂടെനിന്നവരുമാണ്. കൃത്യം നടത്തിയത് എങ്ങനെയാണെന്ന് പ്രതികൾ പോലീസിന് വിശദീകരിച്ചുകൊടുത്തു. മാർച്ച് 14-ന് ഉച്ചയ്ക്ക് 11 മണി കഴിഞ്ഞാണ് ദേശീയപാതയിൽ പുതിയകാവ് പെട്രോൾ പമ്പിന് സമീപത്തുവെച്ച് അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സായുധപോലീസിന്റെയുൾപ്പെടെ അകമ്പടിയോടെ ശക്തമായ പോലീസ് സന്നാഹത്തിൽ കരുനാഗപ്പള്ളി എ.സി.പി. സി. ജോണിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ജോസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ അന്വേഷണസംഘവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സി.ഐ. എസ്.ബി. പ്രവീൺ, എസ്.ഐ. വേണുഗോപാൽ, സി.പി.ഒ. അനിതാതങ്കച്ചി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗൂഢാലോചന നടന്നത് ക്വാറിയിൽവെച്ച് അലുവ അതുലിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് കൊട്ടാരക്കര വെളിയത്തുള്ള ഒരു ക്വാറിയിൽവെച്ചാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവിടെയും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഗൂഢാലോചനയും മറ്റും കണ്ടെത്താതിരിക്കാൻ സമീപത്തെ സി.സി.ടി.വി.കൾ പ്രതികൾ നശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജിം സന്തോഷിനെ വധിക്കാനെത്തിയ സംഘം അതിനുമുൻപ് ഷിനു പീറ്ററെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. ഗുണ്ടാസംഘം ഷിനു പീറ്ററെ തേടിയെത്തിയെങ്കിലും അയാൾ സ്ഥലത്തുണ്ടായിരുന്നില്ല. അതേദിവസംതന്നെ ജിം സന്തോഷിനെ വധിച്ചശേഷം തിരികെപ്പോയ സംഘം വവ്വാക്കാവിൽവെച്ച് അനീറിനുനേരേയും ആക്രമണം നടത്തിയിരുന്നു. ജിം സന്തോഷ് കൊലപാതകത്തിൽ അതുലും സംഘവും ജയിലിലായെങ്കിലും ഇവർ പുറത്തിറങ്ങിയാൽ തങ്ങൾക്കുനേരേ ആക്രമണം ഉണ്ടാകുമെന്ന ചിന്തയാണ് ഇപ്പോഴത്തെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. Content Highlights: Police conducted evidence collection at the crime scene and conspiracy location., The murder was linked to previous gang rivalries involving Gym Santhosh., 10 suspects were brought for evidence collection under heavy police security., Evidence of CCTV destruction at the conspiracy site has been recovered. Published: 27 Mar 2026, 08:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
