'Come poets shut up eat my words, and taste my mouth in your ear.' – Allen Ginsberg To advertise here, ര ണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ സമൂഹത്തിൽ രൂപപ്പെട്ട നവസാമൂഹികക്രമം 'അമേരിക്കൻ (American Dream) സ്വപ്നം' ആന്തരവത്ക്കരിച്ചതായിരുന്നു. എന്നാൽ ഈ സ്വപ്നത്തിന്റെ വിത്തുകൾ ആദ്യകാല യൂറോപ്യൻ കുടിയേറ്റകാലത്തുതന്നെ വിതയ്ക്കപ്പെട്ടതായിരുന്നു എന്നു കാണാം. കാലക്രമേണ വ്യക്തിവാദത്തിലൂന്നിയുള്ള വിജയസങ്കൽപങ്ങൾ കഠിനമായ സാമൂഹ്യ സമ്മർദങ്ങൾക്കും ഉത്ക്കണ്ഠകൾക്കും കാരണമായി. തദ്ദേശീയരായ റെഡ് ഇന്ത്യൻ വിഭാഗങ്ങളും ആഫ്രിക്കൻ വംശജരും കുടിയേറ്റക്കാരും കൂടുതൽ പാർശ്വവത്ക്കരിക്കപ്പെട്ടു. വാണിജ്യതാത്പര്യങ്ങളെമാത്രം കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചുള്ള സാമൂഹ്യവ്യവഹാരങ്ങളും ജീവിതശൈലിയും ഊട്ടിയുറപ്പിക്കപ്പെട്ടതോടെ വ്യവസ്ഥയോടുള്ള കീഴ്പ്പെടലും മാനവികബോധത്തിന്റെ ശോഷണവും സംജാതമായി. മധ്യവർഗത്തിന്റെ വളർച്ചയും ഉപഭോക്തൃ സമൂഹത്തിന്റെ രൂപപ്പെടലും ശക്തമായി. അതോടൊപ്പം തന്നെ നിലവിലുള്ള സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളോട് സമരസപ്പെടാതെ അതിനെതിരെ നിലകൊള്ളുന്ന, പ്രതിസംസ്കാരത്തിന്റെ തീവ്രസ്പന്ദനങ്ങൾ ഉള്ളിൽ പേറുന്ന മനുഷ്യക്കൂട്ടായ്മകളും രൂപംകൊള്ളുന്നുണ്ടായിരുന്നു. അവർ മുഖ്യധാരയുമായി നിതാന്ത സംഘർഷത്തിലായി. പ്രാന്തവത്കൃത ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊണ്ടുള്ള സാമൂഹ്യമൂല്യങ്ങളുടെ പുനർനിർവചനം അവർ ലക്ഷ്യമിട്ടു. അങ്ങനെ ആ കാലഘട്ടത്തിൽ ഉദയംകൊണ്ട പ്രതിസംസ്ക്കാരത്തിന്റെ ഉറച്ച സ്വരമായിരുന്നു കവി അലൻ ഗിൻഡ്ബെർഗിന്റേത്. അദ്ദേഹം അമേരിക്കൻ മൂല്യവ്യവസ്ഥയോട് സന്ധിയില്ലാതെ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. ജാക്ക് കെറുവാക്ക്, വില്യം എസ് ബറോസ് തുടങ്ങിയ എഴുത്തുകാരായ സുഹൃത്തുക്കൾക്കൊപ്പം മുഖ്യധാരമൂല്യങ്ങളെ അട്ടിമറിക്കുന്ന ബീറ്റ് ജനറേഷൻ എന്ന സാഹിത്യപ്രസ്ഥത്തിന് ഗിൻസ്ബെർഗ് രൂപം കൊടുത്തു. ഗിൻസ്ബെർഗ് 1956 ലെഴുതിയ 'ഹൗൾ' എന്ന കവിത ബീറ്റ് ജനറേഷൻ കാവ്യസങ്കൽപങ്ങളുടെ മകുടോദാഹരണമാണ്. അശ്ലീലമെന്ന് ആരോപിക്കപ്പെട്ടതിനാൽ ഈ കവിതയെപ്രതി കവിക്ക് കോടതി വിചാരണ നേരിടേണ്ടി വന്നു. സാമൂഹ്യവിലക്കുകളെ വെല്ലുവിളിക്കുന്ന, ആവിഷ്കാര സ്വാതന്ത്യത്തിനുവേണ്ടി ശക്തിയുക്തം നിലകൊള്ളുന്ന ഒരു ഐക്കണായി ഗിൻസ്ബെർഗ് മാറിയത് ഈ കേസിൽ അദ്ദേഹം വിജയിച്ചതോടെയാണ്. ഭാവനയുടെയും ചിന്തയുടെയും സ്വച്ഛന്ദപ്രവാഹത്തിനും അവയുടെ നൈസർഗ്ഗികമായ ആവിഷ്കാരത്തിനും ബീറ്റ് ജനറേഷൻ എഴുത്തുകാർ നൽകി. അവരുടെ രചനാപ്രക്രിയാരീതിയെ 'First thought, best thought' ജാക്ക് കെറുവാക്ക് വിശേഷിപ്പിച്ചത്. അവർ ബൗദ്ധികവും സൗന്ദര്യാത്മകവും ആത്മീയവുമായ അനുഭവങ്ങളിലും അനുഭൂതികളിലും ആറാടി. അപാരമ്പര്യത്തിന്റെ നവചേതന അവരിൽ തുടിച്ചു. സമൂഹത്തിൽ പൊതുവെ വിലക്കപ്പെട്ടതെന്നു കരുതിയിരുന്ന എല്ലാത്തിനെയും അവർ ആശ്ശേഷിച്ചു. ലഹരിയോടുള്ള തീവ്രാഭിനിവേശവും വിമതലൈംഗികതയോടുള്ള ചായ്വും അവർ മറയില്ലാതെ ആവിഷ്ക്കരിച്ചു. ബൊഹീമിയൻ കൂട്ടായ്മകളിലൂടെ ഒട്ടനവധി അമേരിക്കൻ നഗരങ്ങളിലേക്ക് പടർന്ന ഈ പ്രതിസംസ്ക്കാര സ്പന്ദനങ്ങളാണ് 1960 കളിൽ ഉടലെടുത്ത ഹിപ്പി സംസ്ക്കാരത്തിന്റെ അസ്ഥിവാരമിട്ടത്. ബോബ് ഡിലന്റെ ഫോക്ക് ശൈലിയിലുള്ള ആദ്യകാലഗാനങ്ങളും ഹിപ്പികൾക്ക് ഏറെ പ്രിയങ്കരങ്ങളായിരുന്നു. എന്നാൽ അവരിൽ നിന്നും സ്വയം അകലം പാലിച്ച അദ്ദേഹം അക്കാലത്ത് സ്വയം ഒരു ബീറ്റ് കലകാരനായാണ് കരുതിയിരുന്നത്. സമൂഹത്തിന്റെ വിഭിന്ന മണ്ഡലങ്ങളിലും സാഹിത്യസംവേദനശീലങ്ങളിലും ബീറ്റ്നിക് കവികളും എഴുത്തുകാരും സൃഷ്ടിച്ച പ്രതിസംസ്ക്കാരത്തിന്റെ അലയൊലികൾ താത്ക്കാലികമായിരുന്നില്ല. സ്വയം അന്യരായി കണ്ട അവർ ലഹരിയുപയോഗം, ധ്യാനം, ലൈംഗിക സ്വാതന്ത്ര്യം എന്നിവയ്ക്ക് ഊന്നൽ നൽകി. അത്തരം അനുഭവങ്ങളെ യാതൊരു വിധ ആന്തരിക നിരോധത്തിനും വഴങ്ങാത്തവിധം സ്വാഭാവികമായ ആശയപ്രകാശനത്തിനു വിധേയമാക്കുക എന്നതായിരുന്നു ഗിൻസ്ബെർഗും മറ്റു ബീറ്റ് എഴുത്തുകാരും ലക്ഷ്യമിട്ടത്. 1950 കളിലെ പ്രതിസംസ്ക്കാര പ്രസ്ഥാനത്തിന്റെ ആശയധാരയുടെ വേരുകളുടെ ഉറവിടം തേടിച്ചെന്നാലെത്തുന്നത് മഹാകവി വാൾട്ട് വിറ്റ്മാനിലാണ്. കാലഘട്ടത്തിന്റെ ചൈതന്യവും( Zeitgeist) തനതുസാംസ്കാരികസത്തയും മേളിക്കുന്ന ഒരമേരിക്കൻ കവിയെ കണ്ടെത്താനുള്ള ചിന്തകനായ റാൽഫ് വാൽഡൊ എമേഴ്സന്റെ അന്വേഷണം ചെന്നെത്തിയതും വിറ്റ്മാനിലായിരുന്നു. പിന്നീട് എമേഴ്സന്റെ ട്രാൻസെൻഡെന്റലിസ്റ്റ് ആത്മീയാശയങ്ങൾക്കൊപ്പം ശരീരത്തെയും തൃഷ്ണകളെയും കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകൾ കൂടി ഉൾക്കൊളളിച്ചുള്ള ചിന്താപദ്ധതിക്ക് വിറ്റ്മാൻ തുടക്കമിട്ടു. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാന്തസ്സ്, പ്രകൃതിയുമായുള്ള സഹജീവനം എന്നിവയുമായി ബന്ധപ്പെട്ട എമേഴ്സന്റെ സങ്കല്പനങ്ങളും അതിൽ ഉൾച്ചേർത്തിരുന്നു. ശരീരത്തിന്റെ രാഷ്ട്രീയം, വിമത ലൈംഗികത തുടങ്ങിയവയെക്കുറിച്ചുള്ള വാൾട്ട് വിറ്റ്മാന്റെ അന്വേഷണങ്ങൾ ബീറ്റ് ജനറേഷന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട നിലപാടുകൾക്ക് അടിത്തറപാകി. അദ്ദേഹത്തെ തന്റ്റെ ആത്മീയ മാർഗദർശിയായിട്ടാണ് ഗിൻസ്ബെർഗ് കണ്ടത്. വിറ്റ്മാന്റെ ശൈലീപരമായ സ്വാധീനം 'ഹൗൾ' പോലുള്ള കവിതകളിൽ പ്രകടമാണ്. 'എ സൂപ്പർമാർക്കറ്റ് ഇൻ കാലിഫോർണിയ' എന്ന കവിതയിലും വിറ്റ്മാന്റെ സ്വാധീനം തെളിഞ്ഞു കാണാം. അദ്ദേഹം അമേരിക്കൻ സ്വത്വത്തെ തുറന്നാവിഷ്ക്കരിക്കുന്ന ഒരു കാവ്യപാരമ്പര്യവും ശൈലിയും സൃഷ്ടിച്ചു. തന്റെ കാലത്തെയും ദേശത്തെയും പ്രതിനിധാനം ചെയ്യാൻ കെൽപുള്ള രൂപകങ്ങളും ബിംബാവലികളും വിറ്റ്മാൻ മെനഞ്ഞെ ടുക്കയുണ്ടായി. വിറ്റ്മാൻ ഗിൻസ്ബർഗിനെയും ജാക്ക് കെറുവാക്കിനെയും ജീവിതത്തിലും കവിതയിലും അഗാധമായി സ്വാധീനിച്ചു. വിറ്റ്മാന്റെ അമേരിക്കൻ ദർശനം ഒരേ സമയം വിമർശനാത്മകവും ശുഭാപ്തി വിശ്വാസം നിറഞ്ഞതുമായിരുന്നു. എന്നാൽ ബീറ്റ് കവികൾ വിനാശത്തിന്റെ വക്കിലെത്തിയെന്ന് അവർ കരുതുന്ന സമൂഹത്തിൽ തങ്ങളുടേതായ ഒരു ആദർശതുരുത്ത് സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ എമേഴ്സൻ, തോറോ തുടങ്ങിയ ചിന്തകരുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു വിറ്റ്മാനെപ്പോലെ ഗിൻസ്ബെർഗും. മേൽപ്പറഞ്ഞ ട്രാൻസെൻഡെന്റെലിസ്റ്റ് ചിന്തകരും ബിറ്റ്നിക് എഴുത്തുകാരും സാഹിത്യ- സാംസ്കാരിക മേഖലകളിൽ ശൈലിയിലും ഉള്ളടക്കത്തിലും പുലർത്തിയിരുന്ന സാമ്യത ശ്രദ്ധേയമാണ്. സ്നേഹത്താൽ പ്രചോദിതമായിരുന്ന നഷ്ടരാജ്യത്തെക്കുറിച്ചുള്ള (Lost America) അതികാല്പനികവത്ക്കരിക്കപ്പെട്ട കാഴ്ച്ചപ്പാട് അങ്ങനെ രൂപപ്പെട്ടതാണ്. ബീറ്റ് ജനറേഷന്റെ പൊതു സാമൂഹ്യ- സാംസ്കാരിക നിലപാടുകൾ രൂപപ്പെടുത്തുന്നതിനായി ഗിൻസ്ബെർഗ് രാഷ്ട്രീയവും സാമൂഹ്യപരവുമായ തന്റെ ആദർശവാദം ജാക്ക് കെറുവാക്ക്, ഫ്രാങ്ക് സ്നിഡർ എന്നിവരുമായി പങ്കിട്ടിരുന്നു. മൂവരും ചേർന്ന് സാൻഫ്രാൻസിസ്കൊയിൽ നടത്തിയ കാവ്യാവതരണത്തോടെയാണ് ബീറ്റ് പ്രസ്ഥാനം ജനകീയമായത്. ഗിൻസ്ബെർഗിന്റെ വിഖ്യാതകവിതയായ 'ഹൗൾ ആദ്യമായി പൊതുവിടത്തിൽ അവതരിപ്പിക്കപ്പെട്ടത് അന്നായിരുന്നു. വിറ്റ്മാനെപ്പോലെ ഗിൻസ്ബെർഗും നിലവിലുള്ള സാമൂഹ്യമൂല്യങ്ങൾക്കെതിരെ എന്നപോലെ വ്യവസ്ഥപിതമായ കാവ്യശാസ്ത്രങ്ങൾക്കെതിരെയും കലാപം നടത്തി. കവിതയിലെ ആന്തരിക സവിശേഷതകളെ കേന്ദ്രീകരിച്ചുള്ള നവവിമർശന(New criticism)ത്തിനെതിരായി നിലയുറപ്പിച്ച കവി ആധുനികമനുഷ്യന്റെ ഏകാന്തതയെയും അന്യവത്ക്കരണത്തെയും ഇഷ്ടവിഷയങ്ങളായി സ്വീകരിച്ചു. സാമൂഹ്യപരമായ അന്യവത്ക്കരണത്തിനു കാരണം തന്റെ സമൂഹത്തിന്റെ നിർവികാരതയും ഹൃദയശൂന്യതയുമാണെന്ന് വിശ്വസിച്ചു. ഗിൻസ്ബെർഗിന്റെ വിഖ്യാത കവിതയായ 'ഹൗളി'ൽ ഇതു പ്രകടമായിത്തന്നെ കാണാം. 'ഹാളി'ന്റെ അവതാരികയിൽ കവി വില്യം കാർലോസ് വില്യംസ് ഇങ്ങനെ കുറിച്ചു: നാം അന്ധരാണ്. നാം നമ്മുടെ അന്ധജീവിതം അന്ധതയിൽ ജീവിച്ചുതീർക്കുന്നു. കവികൾ തുലഞ്ഞവരെങ്കിലും അന്ധരല്ല; അവർ കാണുന്നത് മാലാഖമാരുടെ കണ്ണുകൾ കൊണ്ടാണ്. 'ഹൗൾ' എന്ന കവിത വിമോചനത്തിന്റെ കാവ്യരൂപകമാണെന്നു പറയാം. മനോരോഗികൾ, സ്വവർഗപ്രേമികൾ വീടില്ലാത്തവർ, മയക്കുമരുന്നിന് അടിമകളായവർ- ഇങ്ങനെയുള്ള പാർശ്വവത്കൃതമനുഷ്യരുടെയും സ്വരമാണ് ഈ കവിതയിൽ ഉയർന്നു കേൾക്കുന്നത്. Best minds destroyed by madness എന്ന ആദ്യവരിയിൽത്തന്നെ സുബോധം/ ഭ്രാന്ത് എന്നിവയെക്കുറിച്ചുള്ള ഉറച്ചുപോയ സാമൂഹികധാരണകളെ കവി ഇളക്കിമറിച്ചിടുന്നു. 'നോർമൽ' എന്ന് പൊതുവെ സമൂഹത്തിൽ വ്യവഹരിക്കപ്പെടുന്നതെല്ലാം വ്യവസ്ഥിതിയോടു വിധേയപ്പെട്ട ഒരു കീഴ്നിലയാകുമ്പോൾ ഭ്രാന്ത് ഉച്ഛ്യംഖലമായ ഒരു മനോനിലയാണെന്നു വരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കാവ്യലോകത്തെ ഏറ്റവും ഗാഢമായി സ്വാധീനിച്ച കവിതകളിലൊന്നാണ് 'ഹൗൾ', ഏറ്റവും വിവാദജനകവും. മാനസിക ചികിത്സാ കേന്ദ്രത്തിൽ കഴിയേണ്ടി വന്ന തന്റെ സുഹൃത്തായ കാൾ സോളമന് സമർപ്പിക്കപ്പെട്ട കവിതയാണിത്. ഭ്രാന്തിനാൽ തകർക്കപ്പെട്ട തന്റെ തലമുറയിലെ പ്രതിഭാശാലികളെക്കുറിച്ചുള പ്രലപനമാണ് ഇതെന്നും പറയാം. ഇവിടെ ഭ്രാന്ത് എന്നത് ഫുക്കോ നിരീക്ഷിക്കുന്നതുപോലെ ഒരു സാമൂഹിക നിർമിതിയായി മാറുന്നുണ്ട്. ഭ്രാന്ത് ആരോപിക്കപ്പെടുന്നതോടെ അവർ മുഖ്യധാരാസംവാദങ്ങളിൽ നിന്ന് അതിസമർത്ഥമായി പുറന്തള്ളപ്പെടും. അതിനുവേണ്ട വിമതശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ഒരു മർദകോപാധികൂടിയാണത്. മുത്തലാളിത്തത്തിന്റെയും വ്യവസായവത്ക്കരത്തിന്റെയും രാക്ഷസരൂപമാണ് 'ഹൗളി'ൽ ചിത്രീകരിക്കപ്പെടുന്ന മൊളോച്ച്. മൊളോച്ചിനെ ആരാധിക്കുന്നത് ബീഭത്സമായ ഒരു ബലിയർപ്പിക്കലിലൂടെയാണ്. ഭാതികതയിൽ അമിതമായി കേന്ദ്രീകരിച്ച സാമൂഹികക്രമം എൽപ്പിക്കുന്ന സമ്മർദങ്ങൾ മൊളോച്ചിനു മുമ്പിൽ സ്വയം ബലിയായിത്തീരാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു. 'നോർമൽ' സമൂഹത്തിൽ 'മിസ്ഫിറ്റാ'യ വിവിധ കഥപാത്രങ്ങളുടെ സ്വരം 'ഹൗളി'ൽ കേൾക്കാം. സാമൂഹ്യസ്വീകാര്യതയില്ലാത്ത മാനസികരോഗികളും ലഹരിയ്ക്കടിമപ്പെട്ടവരും അവരിലുൾപ്പെടുന്നു. അമൂർത്തസങ്കൽപങ്ങൾക്കുപരിയായി തൊട്ടു നിൽക്കുന്ന യാഥാർത്ഥ്യങ്ങളെ പ്രദേശിക ഭാഷാവഴക്കങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന രീതി കാർലോസ് വില്യംസിനുണ്ടായിരുന്നു. സമൂഹത്തിലെ തൊഴിലാളികളുൾപ്പടെയുള്ള സാധാരണ മനഷ്യരുടെ നിത്യവ്യവഹാരഭാഷയാണ് വിറ്റ്മാൻ കവിതയിലുപയോഗിച്ചത്. ഈ രീതികൾ ഗിൻസ്ബെർഗും പിന്തുടർന്നിട്ടുണ്ട്. ഇതേ കാവ്യരീതികളവലംബിച്ച്, എന്നാൽ കുറേക്കൂടി വ്യതിരിക്തശൈലിയിൽ ഗിൻസ്ബെർഗ് രചിച്ച കവിതയാണ് 'സൺഫ്ളവർ സൂത്ര'. സങ്കീർണമായ ആശയങ്ങളെ അഭിവ്യഞ്ജിപ്പിക്കാൻ ലളിതമായതും ദൈനംദിനജീവിതത്തിന്റെ ഭാഗമായതുമായ ഭാഷ വിറ്റ്മാനെപ്പോലെ അവരും ഉപയോഗിച്ചു. വിറ്റ്മാന്റെ ലോകവീക്ഷണം പിന്തുടരുന്നതും വികസിപ്പിക്കുന്നതും ബീറ്റ് ജനറേഷൻ കൃതികളിൽ ദൃശ്യമാണ്. വിറ്റ്മാനാകട്ടെ നിതൃജീവിതത്തിലെ സംഭവങ്ങളിലും, വസ്തുക്കളിലും, സ്ഥലങ്ങളിലും ഒരു തരം ആത്മീയ ഹർഷമനുഭവിക്കുമായിരുന്നു. ആത്മാവിഷ്ക്കാരം പോലെ തന്നെ പ്രധാനമായിരുന്നു പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കൽ. ഗിൻസ്ബെർഗിലും മറ്റ് ബീറ്റ് കവികളിലും ഈ സവിശേഷത കാണാവുന്നതാണ്. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തും അതിനു മുമ്പുമായിരുന്നു വിറ്റ്മാന്റെ സർഗജീവിതം. രണ്ടാം ലോകയുദ്ധത്തിനു ശേഷം ശക്തമായ ഭീഷണി നിലനിൽക്കുന്ന കാലത്താണ് ഗിൻസ്ബെർഗ് കവിതയിൽ സജീവമായത്. ലഹരിയുപയോഗത്തെ തുടർന്ന് എട്ടുമാസക്കാലം മാനസികാരോഗ്യകേന്ദ്രത്തിലാക്കപ്പെട്ട ഗിൻസ്ബെർഗ് തന്റെ സൈക്കഡലിക് അനുഭൂതികളെക്കറിച്ച് കവിതകളെഴുതിയിട്ടുണ്ട്. LSD യുടെ സ്വാധീനത്തിലെഴുതിയ കവിതയാണ് 'ലൈസർജിക് ആസിഡ്. അത്തരത്തിലുള്ള മറ്റൊരു കവിതയാണ് 'മെസ്കലിൻ'. ആമസോണിലെ ഗോത്രജനത ചെടികളിൽ നിന്നും വാറ്റിയെടുക്കുന്ന അയവാസ്ക്ക എന്ന ആത്മീയ വീഞ്ഞു തന്നിലുണ്ടാക്കിയ വെളിപാടിന്റെ അനന്തര ഫലങ്ങളാണ് 'ദ റിപ്ലെ', 'ദി എൻഡ്, മാജിക് സാംസ് തുടങ്ങിയ കവിതകളെന്ന് കവി തുറന്നു പറഞ്ഞിട്ടുണ്ട്. അത്തരം കവിതകളിൽപ്പോലും ദൈവികതയെയും മാനവികതയെയുംകുറിച്ചുള്ള തത്വചിന്താപരമായ ചോദ്യങ്ങളുയർത്തുന്നുണ്ട് കവി. ടിബറ്റിലൂടെയും സിക്കിമിലൂടെയുമൊക്കെയുള്ള തന്റെ ബുദ്ധിസ്റ്റ് യാത്രാപഥങ്ങൾ അവയിൽ പശ്ചാത്തലമായി വർത്തിക്കുന്നുണ്ട്. ചോഗ്യം ത്രുംഗ്പയെപ്പോലുള്ള ആത്മീയ ഗുരുക്കന്മാരുടെ കീഴിൽ അദ്ദേഹം പരീശീലനം നേടിയിരുന്നു. ദൈനംദിന ജീവിതത്തിന്റെ സാധാരണതത്വങ്ങളിൽപോലും ദൈവികത ദർശിക്കേണ്ടതുണ്ടെന്ന് വിറ്റ്മാനെപ്പോലെ ഗിൻസ്ബെർഗും വിശ്വസിച്ചിരുന്നു. ഉപഭോഗതൃഷ്ണ കൊടുമ്പിരിക്കൊളളുന്ന അമേരിക്കൻ സമൂഹത്തെ മരണാസന്നമായ ഒന്നായി പലപ്പോഴും കണ്ട കവി, അത്തരം സന്ദർഭങ്ങളിൽ ആത്മീയമായ ഉണർവിന്റെ പ്രസക്തിയെക്കുറിച്ച് ഓർമിപ്പിക്കുന്നുമുണ്ട്. അദ്ദേഹം ആത്മീയ കാവ്യശാസ്ത്രം (Spiritual Poetics) എന്ന ചിന്ത മുന്നോട്ടുവെക്കുകയും തത് വിഷയത്തിൽ വിപുലമായ സംവാദങ്ങൾ നടത്തുകയും ചെയ്തു. മറ്റൊരു വിഖ്യാതകവിതയായ 'കാദിഷ് തന്റെ മാതാവ് നയോമി ഗിൻസ്ബെർഗിന്റെ വിയോഗത്തെതുടർന്ന് എഴുതിയ വിലാപകാവ്യമാണ്. റഷ്യയിൽ നിന്നുള്ള കുടിയേറ്റം മുതൽ അവർ കടന്നുപോയ മനോവിഭ്രാന്തികളുടെ ദുരിതകാലം ഇതിൽ പ്രതിപാദിക്കുന്നു. ഭൗതികമായ കാഴ്ച്ചപ്പാടുകളെയും അമൂർത്ത സങ്കല്പങ്ങളെയും നിരാകരിച്ച് ബോധത്തിന്റെ നിറവിനെയും മൂർത്തമായ ആശയങ്ങളയും ദാർശനികതലത്തിൽ സമീപിക്കുവാൻ ഗിൻസ്ബെർഗിനും മറ്റു ബീറ്റ് കവികൾക്ക് പ്രേരണയായത് വില്യം ബ്ലേയ്ക്കിന്റെ കാവ്യദർശനമായിരുന്നു. പരിചിതാനുഭവങ്ങളിൽ അസാധാരണത്വം ദർശിക്കുന്നതും അവയെ ഉൾക്കാഴ്ചയുടെ കാവ്യാനുഭവമാക്കി മാറ്റുന്നതുമായ ബ്ലേയ്ക്കിന്റെ സവിശേഷരീതി ഗിൻസ് ബെർഗിൽ സ്വാധീനം ചെലുത്തുകയുണ്ടായിട്ടുണ്ട്. 1945 നു ശേഷമുള്ള അമേരിക്കൻ കവിതയിൽ ( post - apocalyptic poetry ) അമേരിക്കൻ സമൂഹത്തിൽ ലോകയുദ്ധാനന്തരമുണ്ടായ ബഹുതല ശൈഥില്യങ്ങൾ ഭാഷാപരവും സാംസ്കാരികവുമായി കൂടുതൽ പ്രതിഫലിപ്പിക്കുന്നത് ഗിൻസ്ബെർഗിന്റെ കവിതകളാണെന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആത്മീയാന്വേഷണവുമായി ഇന്ത്യയിലെത്തിയ ഗിൻസ്ബെർഗ് ബുദ്ധിസത്തിൽ ആകൃഷ്ടനാവുകയും പാശ്ചാത്യലോകത്ത് ബുദ്ധിസ്റ്റ് ധ്യാനമാർഗം പ്രചരിപ്പിക്കുകയും ചെയ്തു. സ്വവർഗാനുരാഗത്തിന്റെയും സിവിൽ -മനുഷ്യാവകാശങ്ങളുടെയും ശക്തനായ വക്താവായിരുന്ന അദ്ദേഹം വിയറ്റ്നാം യുദ്ധത്തിനെതിരായി പ്രതിഷേധമുയർത്തി. പ്ലൂട്ടോണിയം നിർമ്മാണത്തിനെതിരെയും ഭരണകൂട സെൻസർഷിപ്പിനെതിരെയും പരിസ്ഥിതിവിനാശം സൃഷ്ടിക്കുന്ന പദ്ധതികൾക്കെതിരെയും നിലകൊണ്ടു. വിദ്യാർത്ഥികാലഘട്ടത്തിൽ തന്നെ ശക്തമായ രാഷ്ട്രീയ നിലപാടുണ്ടായിരുന്ന ഗിൻസ്ബെർഗ് പിൽക്കാലത്ത് തൊഴിൽ നിയമങ്ങൾ പഠിച്ചിരുന്നു. മുതലാളിത്തത്തിന്റെ തിന്മകളെക്കുറിച്ചുള്ള ബോധ്യങ്ങളിൽനിന്ന് പിന്മാറാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. വിറ്റ്മാനെപ്പോലെ ഭരണകൂട ശക്തികളിൽനിന്നും വിമോചിതമായ അമേരിക്കയെ അലൻ ഗിൻസ്ബെർഗും മറ്റു ബീറ്റ് കവികളും സ്വപ്നം കണ്ടു. ഒരു പക്ഷേ, ബീറ്റ് ജനറേഷൻ കാലത്തേക്കാൾ ആ വിമോചന സ്വപ്നം കൂടുതൽ പ്രസക്തമായിത്തീരുന്ന കാലം ഇതാണെന്ന്, ലോകം യുദ്ധകാലുഷ്യത്തിൽ അമർന്നതിന്റെ കെടുതികൾ അനുഭവിക്കവെ അലൻ ഗിൻസ്ബെർഗിന്റെ ജന്മശതാബ്ദി വർഷത്തിൽ നാം തിരിച്ചറിയുന്നു. Content Highlights: Celebration of Allen Ginsberg's 2026 birth centenary., Analysis of the 'Beat Generation' as a counterculture movement against post-WWII American consumerism., The legal and cultural impact of the poem 'Howl'., Ginsberg's spiritual and artistic lineage from Walt Whitman and William Blake., Examination of Ginsberg's activism regarding civil rights, anti-war, and environmental protection. Published: 14 May 2026, 11:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
