മുംബൈ: മഹാരാഷ്ട്രയിൽ വിവാദമായ അശോക് ഖരാത് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് എൻസിപി വനിതാ നേതാവ് രൂപാലി ചകങ്കർ പ്രത്യേക അന്വേഷണസംഘത്തിന്(എസ്ഐടി) മുന്നിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ചോദ്യംചെയ്യലിനായി നാസിക്കിലെ പോലീസ് അക്കാദമിയിൽ ഹാജരാകാനായിരുന്നു എസ്ഐടി രൂപാലിക്ക് നൽകിയ സമൻസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച രൂപാലി, കൂടുതൽ സമയം ആവശ്യപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. To advertise here, താൻ ഒരുസ്ത്രീയാണെന്നും നാസിക്കിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്നുമാണ് രൂപാലി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതെന്നാണ് വിവരം. നാസിക്കിന് പകരം ചോദ്യംചെയ്യൽ പൂണെയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രൂപാലി നിലവിൽ പൂണെയിലെ വസതിയിൽ ഇല്ലെന്നും ഒരുപക്ഷേ, നാസിക്കിലേക്ക് തിരിച്ചിട്ടുണ്ടാകുമെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. സ്വയംപ്രഖ്യാപിത ആൾദൈവവും വിഐപി ജ്യോത്സ്യനുമായ അശോക് ഖരാത് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്ര വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രൂപാലിയും വിവാദങ്ങളിൽ ഉൾപ്പെട്ടത്. ഖരാത്തിന്റെ അറസ്റ്റിന് പിന്നാലെ രൂപാലിയും ഖരാത്തും ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാത്രമല്ല, ഖരാത്തിന്റെ നേതൃത്വത്തിലുള്ള ചില ട്രസ്റ്റുകളിൽ രൂപാലിയും പങ്കാളിയാണെന്നും ആരോപണമുയർന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ രൂപാലി ചകങ്കൻ വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. രണ്ടുദിവസം മുൻപ് എൻസിപി മഹിളാവിഭാഗം അധ്യക്ഷ പദവിയും ഒഴിഞ്ഞു. അശോക് ഖരാത്തുമായി തനിക്ക് ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും തെറ്റായി ഒന്നുംചെയ്തിട്ടില്ലെന്നുമായിരുന്നു രൂപാലിയുടെ പ്രതികരണം. അന്വേഷണത്തിൽ സത്യം വ്യക്തമാകും. ഒരു തെളിവുമില്ലാതെ തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും രൂപാലി പറഞ്ഞിരുന്നു. എസ്ഐടി അന്വേഷിക്കുന്നത്... 'ക്യാപ്റ്റൻ' എന്നറിയപ്പെടുന്ന അശോക് ഖരാത്തുമായി രൂപാലിക്ക് എത്രകാലമായി ബന്ധമുണ്ട്, ഔദ്യോഗിക പദവി ദുരുപയോഗംചെയ്ത് ഇവർ എന്തെങ്കിലും സഹായംചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് എസ്ഐടി അന്വേഷിക്കുന്നത്. ഖരാത്തുമായി ബന്ധപ്പെട്ട കമ്പനികളിലോ സ്വത്തുക്കളിലോ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോ, ഇരകളായ സ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിലാണ്. വീഡിയോ പ്രചരിപ്പിച്ചാൽ കേസ്... സ്ത്രീകൾക്കൊപ്പമുള്ള അശോക് ഖരാത്തിന്റെ അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്്. അശോക് ഖരാത്തിന്റെ അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചതിന് ഇതുവരെ 74 പേർക്കെതിരേയാണ് സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അശോക് ഖരാത്തിനെ പോലീസ് അറസ്റ്റ്ചെയ്തത്. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ തെളിവുകൾ ലഭിച്ചു. ഏകദേശം 58-സ്ത്രീകളുമായുള്ള അശ്ലീലവീഡിയോകളാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. ഹിപ്നോട്ടിസമെന്ന് പറഞ്ഞ് ലഹരിമരുന്ന് നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് 35-കാരി അശോക് ഖരാത്തിനെതിരേ പരാതി നൽകിയിരുന്നത്. തന്റെ വിശ്വാസത്തെ ഇയാൾ ചൂഷണംചെയ്തെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകളെ പ്രതി ലൈംഗികമായി ദുരുപയോഗംചെയ്തെന്ന് കണ്ടെത്തിയത്. അശോക് ഖരാത്ത് റിട്ട. മർച്ചന്റ് നേവി ഓഫീസറാണ്. വിഐപി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി, 'ക്യാപ്റ്റൻ' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ പ്രശ്നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി. ഭർത്താവ് മരിക്കുമെന്നും മന്ത്രവാദംചെയ്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയുടെ കൈയിൽനിന്ന് നിരവധി സ്വകാര്യവീഡിയോകളടങ്ങിയ പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തു. ഏകദേശം 58-ഓളം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ ദൃശ്യങ്ങളാണ് ഈ പെൻഡ്രൈവിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. നാസിക്കിലെ സമ്പന്നർ താമസിക്കുന്ന കാനഡ കോർണർ മേഖലയിലാണ് അശോക് ഖരാത്ത് താമസിച്ചിരുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും ഉൾപ്പെടെ ഇയാൾക്ക് ഉന്നത രാഷ്ട്രീയനേതാക്കളുമായി ബന്ധങ്ങളുണ്ടെന്നും ആരോപണമുണ്ട്. മിർഗാവിൽ അശോക് ഖരാത്ത് സ്വന്തമായി ഒരു ക്ഷേത്രവും സ്ഥാപിച്ചിരുന്നു. ഇവിടെ ഒരു ആഡംബര വസതിയും പണിതു. സെലിബ്രിറ്റികളും രാഷ്ട്രീയനേതാക്കളും ബിസിനസുകാരും ഉൾപ്പെടെ പ്രമുഖരായ പലരും ഇവിടെ സന്ദർശകരായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. Content Highlights: NCP leader Rupali Chakankar requested more time for SIT questioning., The SIT had summoned her to the Nashik Police Academy., The summons is linked to the controversial Ashok Kharat case in Maharashtra. Published: 30 Mar 2026, 04:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
