മുതുകുളം : മുതുകുളം ഈരയിൽ ദേവീക്ഷേത്രത്തിലെ മീനഭരണി കെട്ടുകാഴ്ച ആസ്വാദകമനസ്സുകൾക്ക് ആഹ്ളാദവും ആവേശവുമായി. ഓണാട്ടുകരയുടെ സാംസ്കാരികത്തനിമയും പൈതൃകവും വിളിച്ചോതുന്ന വൈവിധ്യങ്ങളായ കെട്ടുകാഴ്ചയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ ആയിരങ്ങളാണെത്തിയത്. കെട്ടുകാഴ്ചയോടൊപ്പം ഭക്തർക്ക് ദർശനപുണ്യമേകി കൂട്ടയെഴുന്നള്ളത്തുമുണ്ടായിരുന്നു. To advertise here, വൈകീട്ട് നാലരയോടെ ഇടശ്ശേരി, അറയ്ക്കൽ, ദക്ഷിണ കാളീശ്വരി ദേവസ്ഥാനം, പള്ളിപ്പാട് കോട്ടപ്പുറത്ത്, മുറിയാംമൂട് കാവിൽഭദ്ര എന്നീ ഭഗവതിമാരുടെ കൂട്ടയെഴുന്നള്ളത്ത് കരുണാമുറ്റം മഹാദേവക്ഷേത്രത്തിൽനിന്നു തുടങ്ങി. തുടർന്ന്, എഴുന്നള്ളത്തും നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള കെട്ടുകാഴ്ചകളും പാണ്ഡവർകാവ് ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിൽ എത്തിയപ്പോൾ ഈരയിൽ ദേവിയെത്തി ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. തുടർന്ന്, കെട്ടുകാഴ്ചകൾ ഒരോന്നായി ക്ഷേത്രദർശനത്തിനായി നീങ്ങി. ആനന്ദനൃത്തമാടുന്ന നാട്ടുകാരും താളമേളങ്ങളും നിശ്ചലദൃശ്യങ്ങളും വേഷച്ചമയങ്ങളും കെട്ടുകാഴ്ചയ്ക്കു പകിട്ടേകി. രാത്രി എട്ടോടെ ഒന്നിനുപിറകേ ഒന്നായി കെട്ടുകാഴ്ചകളെ ക്ഷേത്രത്തിലെത്തിച്ച ഭക്തർ ആത്മനിർവൃതിയോടെയാണു മടങ്ങിയത്. രാത്രി 10-നായിരുന്നു ആറാട്ടുബലിയും ആറാട്ടുപുറപ്പാടും. തിരുമുടിയും ഭഗവതിമാരും തെക്കേപുളിങ്കിയിൽ ആറാട്ടുകടവിൽ ആറാടി തുരുത്തിയിൽമുക്ക്, പാണ്ഡവർകാവ് ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറേനട വഴി തിരികെയെത്തിയപ്പോൾ കുലവാഴവെട്ടും വലിയ ഗുരുതിയും നടന്നു. കാർത്തിക ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ 6.30-നു തോറ്റംപാട്ട്, 11-ന് അന്നദാനം, 11.30-ന് സർപ്പബലി, അഞ്ചിന് നാഗസ്വരം, രാത്രി ഏഴിന് ഫ്ളവേഴ്സ് കേരള അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ട്. തുടർന്ന്, തിരുമുടി എഴുന്നള്ളത്തിനുശേഷം നടക്കുന്ന വലിയഗുരുതിയോടെ ഉത്സവത്തിനു കൊടിയിറങ്ങും.
