കോൺക്രീറ്റ് ഭിത്തിക്ക് ഉറപ്പില്ലായിരുന്നെന്ന് റിപ്പോർട്ട് To advertise here, പുനലൂർ :നെല്ലിപ്പള്ളിയിൽ ചൊവ്വാഴ്ച കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സ്ഥലത്ത് ഇനിയും മണ്ണിടിച്ചിലിനു സാധ്യത. 25 മീറ്ററോളം നീളത്തിൽ മതിലിടിഞ്ഞ സ്ഥലത്ത് ഏതുസമയവും വീഴാവുന്ന നിലയിലാണ് മൺതിട്ട. സ്വകാര്യഭൂമിയുടെ കോൺക്രീറ്റ് മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. ഇത് സർവീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. ഭൂമിയുടെ സംരക്ഷണത്തിനായി നിർമിച്ച ഈ മതിലിന് വേണ്ടത്ര ഉറപ്പില്ലായിരുന്നെന്നും പാർശ്വിക താങ്ങ് (ലാറ്ററൽ സപ്പോർട്ട്) നൽകാതെയാണ് ഇവിടെ മണ്ണെടുത്തതെന്നും കളക്ടർക്ക് സമർപ്പിക്കാനായി റവന്യൂ അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കുന്നിൻചരിവിലുള്ള ഭൂമിയിൽ നാലുവർഷം മുൻപ് 'എൽ' ആകൃതിയിൽ നിർമിച്ച കോൺക്രീറ്റ് മതിലാണിത്. മഴ പെയ്താൽ മുകൾഭാഗത്തുനിന്ന് മതിലിന്റെ ഭാഗത്തുകൂടി താഴേക്ക് വെള്ളം ഒഴുകിയിരുന്നതായി പറയുന്നു. ഇവിടമാണ് തകർന്നുവീണത്. മതിൽ പുനർനിർമിച്ച് ബലപ്പെടുത്തിയില്ലെങ്കിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് റവന്യൂ അധികൃതർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പുരയിടത്തിനു മുകൾഭാഗത്തായി വേറെയും വീടുകളുണ്ട്. നെല്ലിപ്പള്ളിയിൽ നേരത്തേയും ഇത്തരത്തിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ദുരന്തമുണ്ടായതിനു നേരേ എതിർഭാഗത്തായി കല്ലടയാറിനോടു ചേർന്ന് പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ, നിർമാണത്തിലിരുന്ന കൂറ്റൻ ഗാബിയൻഭിത്തി ആറ്റിലേക്ക് പതിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് 2022 ജൂലായിലായിരുന്നു ഇത്. കോടികൾ മുടക്കിയാണ് പിന്നീട് ഭിത്തി പുനർനിർമിച്ചത്. Published: 14 May 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
