മാതൃഭൂമി സാഹിത്യപുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ നടത്തിയ പ്രസംഗം കാലത്തെയും ഓർമ്മകളെയും കോർത്തിണക്കുന്ന ഒന്നായി മാറി. ശാരീരിക അസ്വസ്ഥതകൾക്കിടയിലും താൻ കടന്നുപോന്ന വഴികളെയും കണ്ടുമുട്ടിയ മനുഷ്യരെയും സാഹിത്യപരമായ നൈരന്തര്യത്തിന്റെ ചരടിൽ കോർത്താണ് അദ്ദേഹം സദസ്സിനോട് സംവദിച്ചത്. To advertise here, ‘ഇന്നലെ ഉറക്കം കിട്ടിയില്ല, ക്ഷീണം. പുറമേ, വളരെ കനത്ത മെഡിക്കേഷനിലൂടെ കടന്നുപോവുകയാണ്. എങ്കിലും ഇപ്പോൾ, ഇവിടെ. ഇപ്പോൾ -വളരെ രസാവഹമായൊരുവാക്കാണ് ഇപ്പോൾ. ‘ഇപ്പോൾ’ എന്നുച്ചരിച്ചുകഴിയുമ്പോഴേക്കും അത് ഭൂതമായി മാറിക്കഴിഞ്ഞു, അത് കടന്നുപോയിക്കഴിഞ്ഞു. ഭൂതത്തിലെ പല സ്ഥലകാലങ്ങളിൽനിന്ന് പല നൈരന്തര്യങ്ങൾ ഉണ്ടാകുന്നു. പക്ഷേ, ചിലപ്പോൾ അത് അറിയില്ല. അവസാനിക്കുമ്പോഴേ അറിയൂ, അതൊരു നൈരന്തര്യമായിരുന്നുവെന്ന്. മാതൃഭൂമി ‘സൂര്യവംശം’ പ്രസിദ്ധീകരിക്കുന്ന കാലത്ത് എനിക്കൊരു ലക്കോട്ട് കിട്ടി. തുറന്നുനോക്കിയപ്പോൾ, കുറച്ച് ഫ്രഞ്ച് കവിതകളുടെ വിവർത്തനമാണ്. അതോടൊപ്പം ഒരു കുറിപ്പുണ്ടായിരുന്നു: ‘സൂര്യവംശത്തിലൂടെ മലയാളത്തിന്റെ മഹാകവിയായ നിനക്ക്’- എം. മുകുന്ദൻ. ഇപ്പോൾ ആ മുകുന്ദൻ എനിക്ക് പുരസ്കാരം സമ്മാനിക്കുന്നു. അതാണ് പറഞ്ഞത്, ഭൂതത്തിൽനിന്നുള്ള തുടർച്ച എന്ന്. വർഷങ്ങൾക്കുമുൻപ് ബെംഗളൂരുവിൽ വെച്ച് ചില ചെറുപ്പക്കാർ കാണാൻ വന്നു. അവർ സുഭാഷ് ചന്ദ്രനെ വിളിച്ചു. അന്നാണ് വ്യക്തിപരമായി സുഭാഷിനോട് ആദ്യമായി സംസാരിച്ചത്. പിൽക്കാലത്ത് സുഭാഷുമായി പല കാര്യങ്ങളിലും സംഭാഷണമുണ്ടായത് പ്രൊഫഷണലായിട്ടായിരുന്നു. ഇപ്പോൾ ഇവിടെ വന്നാണ് സുഭാഷിനെ ആദ്യമായി കാണുന്നത്. വ്യക്തിപരമായി സംസാരിക്കുന്നത്; ഇത്രയും വർഷങ്ങൾക്കുശേഷം. അതാണ് നൈരന്തര്യം എന്നുപറഞ്ഞത്. ‘കയറിന്റെ അറ്റം’ എന്ന കഥയിലെ ഡിലൻ തോമസിന്റെ പന്തിനെക്കുറിച്ച് പലരും പറഞ്ഞു. കളിക്കുമ്പോൾ ഞാൻ മുകളിലോട്ട് എറിഞ്ഞ പന്ത് ഇനിയും ചുവട്ടിൽ വീണിട്ടില്ല. പക്ഷേ, ഇപ്പോൾ അതെന്റെ കൈയിലാണ്. ഈ പുരസ്കാരം ആ പന്താണ്. എല്ലാവർക്കും നന്ദി’ -പുരസ്കാരം സ്വീകരിച്ചുകൊണ്ട് മേതിൽ രാധാകൃഷ്ണൻ പറഞ്ഞു. ഈ വലിയ ആൾക്കൂട്ടത്തെക്കുറിച്ച് ചിന്തിക്കുക- മേതിലിനോട് എം മുകുന്ദൻ ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് മേതിൽ പറഞ്ഞു. പക്ഷേ, ഉറങ്ങണം. ഇനിയും ഉറങ്ങാനാവാതെ കിടക്കുമ്പോൾ ഞങ്ങളെക്കുറിച്ച്, മാതൃഭൂമിയെക്കുറിച്ച്, പുരസ്കാരത്തെക്കുറിച്ച്, മേതിലിനെ കാണാൻവന്ന ഈ വലിയ ആൾക്കൂട്ടത്തെക്കുറിച്ച് ചിന്തിക്കുക -മേതിൽ രാധാകൃഷ്ണന് മാതൃഭൂമി സാഹിത്യപുരസ്കാരം സമർപ്പിച്ചുകൊണ്ട് എം. മുകുന്ദന്റെ വാക്കുകൾ. ഈ തിരഞ്ഞെടുപ്പുകാലത്ത് എഴുത്തുകാരെ കേൾക്കാൻവേണ്ടി ഇത്രവലിയ സദസ്സ് ഇവിടെ ഒത്തുചേർന്നത് അദ്‌ഭുതകരമാണ്. അത് നമുക്ക് അക്ഷരങ്ങളിലുള്ള വിശ്വാസം കൂടുതൽ ദൃഢമാക്കുന്നു. ചിന്തിപ്പിക്കുന്ന, സ്വപ്നംകാണാൻ പ്രേരിപ്പിക്കുന്ന പുസ്തകങ്ങളാണ് നല്ലപുസ്തകങ്ങൾ. അതിവേഗത്തിൽ വായിച്ചുപോകാവുന്നവയല്ല, മെല്ലെമെല്ലെ, സൂക്ഷ്മമായി വായിക്കാവുന്നവയാണ് അവ. -മുകുന്ദൻ പറഞ്ഞു. ‘‘2007-ൽ എം.ടി.യിൽനിന്ന് മാതൃഭൂമിപുരസ്കാരം ഏറ്റുവാങ്ങിയ മുഹൂർത്തമാണ് ഓർമ്മയിലെത്തുന്നത്. ഇന്ന് ഞാൻ മേതിലിന് കൊടുക്കുകയാണ്. പുരസ്കാരം വാങ്ങുന്നതുപോലെത്തന്നെ സന്തോഷകരമാണ് കൊടുക്കുന്നതും എന്ന് ഞാൻ മനസ്സിലാക്കുന്നു. എഴുത്തുകാരൻ മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിന്ന്. പാശ്ചാത്യനാടുകളിൽ, പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ പലതിലും ‘ഹ്യൂമൺ റിട്ടൺ’ എന്ന് സാക്ഷ്യപ്പെടുത്തുന്ന ലോഗോ കാണാം. മനുഷ്യൻ എഴുതിയതാണ് എന്ന് സാക്ഷ്യപ്പെടുത്തേണ്ട സ്ഥിതി. മാതൃഭൂമിയിൽ മേതിലിന്റെ അഭിമുഖം വായിച്ച് കണ്ണുനിറഞ്ഞുപോയി. മകളുടെ മരണം, മേതിലിന്റെ രൂപം, മേതിലിന്റെ വാക്കുകൾ -എല്ലാം ചേർത്തുവെച്ചപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി. പണ്ട്, അൽബേർ കാമുവിന്റെയും സാർത്രിന്റെയുമൊക്കെ വലിയ സംവാദംനടക്കുന്ന കാലത്ത്, കരഞ്ഞിട്ടുണ്ട്. അന്ന് കരഞ്ഞത് കണ്ണുകൾകൊണ്ടല്ല, മസ്തിഷ്കംകൊണ്ടായിരുന്നു. പക്ഷേ, മേതിലുമായുള്ള അഭിമുഖം വായിച്ചപ്പോൾ കണ്ണുകൾത്തന്നെ കരഞ്ഞു -മുകുന്ദൻ പറഞ്ഞു.

ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല; ഈ പുരസ്കാരം ആകാശത്തേക്കെറിഞ്ഞ പന്തുപോലെ എന്റെ കൈയിലെത്തി- മേതിൽ
M
MathrubhumiSource Link
about 2 months ago