നെയ്യാറ്റിൻകര : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നെയ്യാറിലെ ഈരാറ്റിൻപുറത്ത് നിർമാണം തുടങ്ങിയ റോക്ക് പാർക്ക് പദ്ധതി നിശ്ചലാവസ്ഥയിൽ. സ്വാഭാവിക പാറക്കെട്ടുകളുള്ള ഇവിടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടാണ് പദ്ധതിക്കു തുടക്കമിട്ടത്. ആകെ രണ്ട് കെട്ടിടങ്ങൾ മാത്രം നിർമിച്ചു. റോക്ക് പാർക്കും തൂക്കുപാലവുമെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതായാണ് ആക്ഷേപം. To advertise here, കെ.ആൻസലൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് ഈരാറ്റിൻപുറത്തെ ടൂറിസം സാധ്യതകൾ കണ്ടെത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോക്ക് പാർക്ക്, തൂക്കുപാലം പദ്ധതി രൂപരേഖ തയ്യാറാക്കിയത്. പദ്ധതിയുടെ തുടക്കമായി സഞ്ചാരികൾക്കായി വിശ്രമിക്കാനുള്ള മന്ദിരവും ശൗചാലയവും നിർമിച്ചു. തുടർന്ന് പദ്ധതിക്ക് യാതൊരു മുന്നേറ്റവും ഉണ്ടായിട്ടില്ല. തദ്ദേശീയരായവരും അല്ലാത്തവരുമായ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. സഞ്ചാരികളെ കാത്തിരിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ്. ഈരാറ്റിൻപുറത്ത് നിരവധി വികസനപ്രശ്നങ്ങളാണ് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നത്. റോഡ് നവീകരിച്ചില്ല, റോക്ക് പാർക്കിനും നടപടിയില്ല വിനോദസഞ്ചാരകേന്ദ്രമായാൽ ഇവിടേക്ക് വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് നല്ല റോഡില്ല. മാമ്പഴക്കരയിൽനിന്ന് വള്ളക്കടവ് വരെ ടാർ ചെയ്തിട്ടുണ്ട്. എന്നാൽ, വള്ളക്കടവ് മുതൽ ടൂറിസം കേന്ദ്രം വരെയുള്ള റോഡ് ഇതുവരെ ടാറിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെയാണ് സഞ്ചാരികൾ വാഹനങ്ങളിലെത്താൻ. റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ യാതൊരു പദ്ധതിയും നടപ്പാക്കുന്നില്ലെന്നാണ് സഞ്ചാരികളുടെ പരാതി. നെയ്യാറിലെ സ്വാഭാവിക പാറക്കെട്ടുകളിൽ ശില്പിമാരെ ഉപയോഗപ്പെടുത്തിയാണ് റോക്ക് പാർക്ക് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. നെയ്യാറിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയുന്ന സമയത്തെല്ലാം സഞ്ചാരികളെ റോക്ക് പാർക്കിലേക്ക് കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ, റോക്ക് പാർക്ക് യാഥാർഥ്യമായില്ലെങ്കിലും ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്കു കുറവില്ല. ഭക്ഷണവും തെരുവുവിളക്കുകളുമില്ല ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ലഘുഭക്ഷണംപോലും കഴിക്കാൻ സൗകര്യമില്ല. ഇതിനായി കുടുംബശ്രീപോലുള്ള സ്ഥാപനങ്ങളെക്കൊണ്ട് ലഘുഭക്ഷണകേന്ദ്രം ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. ഈരാറ്റിൻപുറത്തേക്കുള്ള വഴികളിൽ തെരുവുവിളക്കുകൾ കത്തുന്നില്ല. മാത്രമല്ല, നെയ്യാറിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സഞ്ചാരികൾക്കു വഴികാട്ടിയായി സ്ഥാപിച്ച വിളക്കുകളും കത്തുന്നില്ല. സഞ്ചാരികളെത്തുന്നത് കണക്കിലെടുത്ത് ഇവിടെ സി.സി.ടി.വി. സ്ഥാപിക്കണമെന്നും സുരക്ഷയ്ക്കായി പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്നും ഇളവനിക്കര സാം ആവശ്യപ്പെട്ടു.
