ലോസ് ആഞ്ജലീസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ ഉടൻ അമേരിക്കയിൽ നിന്ന് മടങ്ങാൻ ഇറാൻ ടീമിന് നിർദേശം. പരീശീലകൻ ആമിർ ഖലെനോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്സിക്കോയിലാണ്. അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് അധികൃതർ നിർദേശം നൽകിയത്. മറ്റൊരാൾ വഴിയാണ് പരിശീലകൻ ഇക്കാര്യത്തിലുള്ള പ്രതികരണമറിയിച്ചത്. നിർദേശം നൽകിയത് ആരാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹം ഈ നിലപാടിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. To advertise here, കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടൻ തന്നെ വിമാനത്തിൽ കയറാനും മടങ്ങാനുമുള്ള നിർദേശമാണ് ലഭിച്ചത്. ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് ഖലെനോയി പ്രതികരിച്ചു. ഉടൻ തന്നെ മടങ്ങണമെന്ന് അവർ മത്സരശേഷം പറഞ്ഞു. ഞങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ടീം ക്യാമ്പിലേക്ക് മടങ്ങാനും ഞങ്ങളോട് വിമാനത്തിൽ കയറാനും ആവശ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങളെ ആകെ ഉലച്ചുകളഞ്ഞു. - അദ്ദേഹം പറഞ്ഞു. എന്തിനാണ് അവർ ഞങ്ങളെ തിരികെ അയയ്ക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾക്ക് അറിയില്ല. എനിക്ക് ഇത് വളരെ വിചിത്രമായി തോന്നുന്നു. മറ്റാരോ ആണ് ഇത് ആസൂത്രണം ചെയ്യുന്നത് എന്ന് തോന്നുന്നു. ഞങ്ങളെ ബാധിക്കുന്ന ഈ തീരുമാനങ്ങൾ മറ്റെവിടെയോ എടുക്കുന്നു. മത്സരത്തിന് രണ്ട് രാത്രി മുമ്പ് ഞങ്ങൾ വരാൻ നിശ്ചയിച്ചിരുന്നു. വിശ്രമിക്കാനായി ഇന്ന് രാത്രി ഇവിടെ താമസിക്കാനും നാളെ ഉച്ചയ്ക്ക് ശേഷം മടങ്ങാനും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം നീക്കം നടത്തുന്നതെന്ന് ഞങ്ങൾക്കറിയില്ല. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീം ഞങ്ങളായിരിക്കും. - ഇറാൻ കോച്ച് ആഞ്ഞടിച്ചു. ഇപ്പോൾ തന്നെ ലോസ് ആഞ്ജലീസ് വിടേണ്ടതുണ്ടെന്നും അത് തങ്ങളെ സംബന്ധിച്ച് നല്ലതല്ലെന്ന് ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമിയും പറഞ്ഞു. എനിക്ക് തോന്നുന്നത് ഫിഫ ഞങ്ങളെ സഹായിക്കേണ്ടതുണ്ട് എന്നാണ്. യഥാർത്ഥത്തിൽ, ഞങ്ങളെ സംബന്ധിച്ച് ഇതൊരു ദുരന്തം പോലെയാണ്. - ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ടീമിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. മത്സരത്തിനിടെ ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോൾ ഒരുവിഭാഗം കാണികൾ അതിനെ കൂകിവിളിച്ചും വിസിലടിച്ചുമാണ് എതിരേറ്റത്. റാമിൻ റെസയാൻ ഇറാന്റെ ആദ്യ ഗോൾ നേടിയപ്പോൾ ഒരുകൂട്ടർ അതിനെ കൂവലുകൾ കൊണ്ടാണ് നേരിട്ടത്. മത്സരത്തിനു മുന്നേ ഇറാന്റെ ദേശീയഗാനം ആലപിക്കുമ്പോഴും ഈ കൂവലുണ്ടായിരുന്നു. മറ്റൊരു വിഭാഗം ഒപ്പം പാടി പിന്തുണച്ചു. ന്യൂസീലൻഡിന്റെ ഓരോ ഗോളിലും ഇക്കൂട്ടർ ആർത്തുവിളിച്ചു. സ്റ്റേഡിയത്തിന് പുറത്ത് മുന്നൂറിലധികം വരുന്ന ഇറാൻ വിരുദ്ധ പ്രക്ഷോഭകർ ഭരണകൂടത്തിനെതിരേ പ്രതിഷേധ സൂചകമായി പതാകകളേന്തി നിലയുറപ്പിച്ചിരുന്നു. Content Highlights: Iran's World Cup team was forced to leave the US unexpectedly., The order came shortly after a 2-2 draw against New Zealand., Coach Amir Ghalenoei confirmed the team returned to their Tijuana base., The sudden travel disrupted the team's planned recovery process in California. Published: 16 Jun 2026, 12:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
