കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ഒരു കഥകളി അനുഭവം ഉണർത്തിയ ചിന്തകളാണ് ഈ ലേഖനത്തിന് കാരണമായത് . കോട്ടയത്തെ കഥകളി ക്ലബ്ബായ 'കളിയരങ്ങി' ന്റെ അൻപത്തിരണ്ടാം വാർഷികസന്ധ്യയിൽ 'ഉത്തരാസ്വയംവരം' കളിയുണ്ടായിരുന്നു. സദസ്സു നിറഞ്ഞ് ആസ്വാദകരുണ്ടായിരുന്നു. കേരളത്തിലെ കഥകളി കലാകാരിലെ ചെറുപ്പക്കാർ രൂപം കൊടുത്തിട്ടുള്ള കൂട്ടായ്മയായ 'യുവം' ആയിരുന്നു കഥകളി അവതരിപ്പിച്ചത്. യുവരക്തത്തിന്റെ ആർജ്ജവവും തെളിച്ചവും അന്നത്തെ 'ഉത്തരാസ്വയംവര'ത്തിനുണ്ടായിരുന്നു. എന്നാൽ, സദസ്സ് നിറഞ്ഞിരുന്ന ആസ്വാദകരിൽ എൺപതുശതമാനം പേരും അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. വേദിയിൽ യൗവനം, സദസ്സിൽ വാർദ്ധക്യം- ഈ വൈരുധ്യമാണ് ചില ചോദ്യങ്ങളിലേക്ക് എന്നെ നയിച്ചത്. കഥകളിയുടെ ചരിത്രത്തിൽ ഇത് പുതിയ കാര്യമാണോ? ലോകത്തിലെ മറ്റു സമാന കലാരൂപങ്ങളിലും ഇവ്വിധമാണോ കാര്യങ്ങൾ? To advertise here, 2014 മുതൽ 2016 വരെ ഇംഗ്ലണ്ടിൽ നടന്ന പാശ്ചാത്യ ശാസ്ത്രീയ സംഗീതകച്ചേരികളുടെ പ്രേക്ഷകരെക്കുറിച്ച് നടത്തിയ ഒരു ശ്രദ്ധേയമായ പഠനറിപ്പോർട്ടുണ്ട്- National Classical Music Audiences: An Analysis of Audience Finder Box Office Data for Classical Music Events 2014–2016. 113 വേദികളിലായി നടന്ന 6,989 കച്ചേരികളിലെ ടിക്കറ്റ് വിവരങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. അതനുസരിച്ച്, പ്രേക്ഷകരിൽ 42 ശതമാനം പേർ 41 മുതൽ 60 വരെ പ്രായമുള്ളവരാണ്; 37 ശതമാനം പേർ 61 വയസ്സിനു മുകളിലുള്ളവരും. 31 വയസ്സിൽ താഴെയുള്ളവർ വെറും ഏഴ് ശതമാനം മാത്രമാണ്. കോട്ടയത്ത് ഞാൻ കണ്ട ‘ഉത്തരാസ്വയംവരം’ കഥകളിയുടെ സദസ്സും ഈ കണക്കുകളിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നില്ല. ചെറുപ്പക്കാരുടെ സാന്നിധ്യം അവിടെയും താരതമ്യേന കുറവായിരുന്നു. എന്നാൽ, ചെന്നൈയിലെ ഡിസംബർ സംഗീതസീസണിൽ കർണാടകസംഗീത കച്ചേരികൾ കേൾക്കാനെത്തുന്ന ആസ്വാദകരിൽ യുവജനങ്ങളുടെ പങ്കാളിത്തം ഇതിനേക്കാൾ പ്രകടമാണ്. കർണാടക സംഗീതലോകത്തിന്റെ പൊതുചിത്രമാണോ അതോ ചെന്നൈ എന്ന നഗരത്തിന്റെ സവിശേഷ സാംസ്കാരിക സാഹചര്യത്തിന്റെ ഫലമാണോ എന്ന ചോദ്യം തുറന്നുകിടക്കുന്നു. കഥകളി പോലെയുള്ള കലാരൂപങ്ങളിൽ മഹാന്മാരായ നടന്മാരുടെ, മിക്കവാറും എഴുപത് വയസ്സിനും അതിനുമപ്പുറവും പ്രായമുള്ള കലാകാരന്മാരുടെ, അവതരണങ്ങളിൽ കാലം ആടിപ്പതിപ്പിച്ച ഒരു അപൂർവമേന്മ കാണാൻ കഴിയും. മുദ്രകളിലും ചുവടുകളിലും കണ്ണുകളിലും ഭാവരസപ്രകടനങ്ങളിലും മനോധർമ്മത്തിലും കഥയുടെ അന്തർധാരകളെ ആഴത്തിൽ ഗ്രഹിച്ചിരിക്കുന്ന ബോധ്യത്തിലും അവർ നിരന്തരം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ, നന്നായി ആടുന്ന യുവകലാകാരന്മാർ അരങ്ങിലെത്തുമ്പോൾ പ്രേക്ഷകരിൽ ഉണരുന്നത് മറ്റൊരു വികാരമാണ് — ഭാവിയിലേക്കുള്ള പ്രത്യാശ. കഥകളിയിൽ മാത്രമല്ല, എല്ലാ കലാരൂപങ്ങളിലും യുവത്വം കൊണ്ടുവരുന്നത് ഈ പ്രത്യാശയുടെ വെളിച്ചമാണ്. കോട്ടയത്ത് ‘യുവം’ അവതരിപ്പിച്ച ‘ഉത്തരാസ്വയംവരം’ അത്തരമൊരു അനുഭവമായിരുന്നു. എന്റെ വിശ്വാസം, ഇത്തരത്തിലുള്ള ഉയർന്ന നിലവാരമുള്ള യുവാവതരണങ്ങൾ സദസ്സിലേക്കും കൂടുതൽ യുവാക്കളെ ആകർഷിക്കുമെന്നതാണ്. ഇത് വെറും ശുഭാപ്തിവിശ്വാസമല്ല. മുമ്പ് പരാമർശിച്ച ഇംഗ്ലണ്ടിലെ പഠനറിപ്പോർട്ടും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്: മികച്ച നിലവാരമുള്ള യുവകലാകാരന്മാർ വേദിയിലെത്തുമ്പോൾ, അവരെ കേൾക്കാനും കാണാനും കൂടുതൽ യുവപ്രേക്ഷകർ എത്തുന്ന പ്രവണത കാണപ്പെടുന്നുണ്ടത്രേ. കോട്ടയത്തെ ‘ഉത്തരാസ്വയംവരം’ കഥകളിക്കുശേഷം ‘യുവം’ കൂട്ടായ്മയുടെ പ്രധാന പ്രവർത്തകരിലൊരാളായ നിഷ മേനോൻ സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിലെ ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിക്കാതെ വയ്യ. ഈ ലേഖനം മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ അത്രയും വ്യക്തമായി ആ കുറിപ്പ് സംഗ്രഹിക്കുന്നു. “കഥകളിയെ ജീവിതമായി സ്വീകരിച്ച പ്രയോക്താക്കളാണ് ‘യുവം’ കൂട്ടായ്മയിലുള്ളത്. അത് അവർക്ക് കുട്ടിക്കളിയോ നേരംപോക്കോ അല്ല. സ്വന്തം പ്രകടനങ്ങളെ നിരന്തരം വിലയിരുത്തിയും കുറവുകൾ തിരുത്തിയും മുന്നേറാനുള്ള ആത്മാർഥശ്രമമാണ് അവരുടെത്. അധ്വാനത്തിനും അർപ്പണബോധത്തിനും പകരം വെയ്ക്കാൻ കുറുക്കുവഴികൾ ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം കഥകളി അവർക്ക് ഒരു കലാരൂപം മാത്രമല്ല; ജീവിതം തന്നെയാണ്.” നിഷയുടെ കുറിപ്പിന്റെ പ്രസക്തി ‘യുവം’ എന്ന കൂട്ടായ്മയെ പ്രശംസിക്കുന്നതിൽ മാത്രമല്ല. കഥകളി പോലുള്ള കലാരൂപങ്ങളുടെ ഭാവി ഉറപ്പാക്കുന്നത് അവയെ ജീവിതധർമമായി കാണുന്ന കലാകാരന്മാരുടെയും അവരെ തിരിച്ചറിയുന്ന ആസ്വാദകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന വലിയ സത്യം കൂടിയാണ് അത് നമ്മെ ഓർമ്മിപ്പിക്കുന്നത്. കാവാലം നാരായണപ്പണിക്കരും ജി. അരവിന്ദനും തിരക്കഥ എഴുതി അരവിന്ദൻ സംവിധാനം ചെയ്ത മാറാട്ടം എന്ന സിനിമ ഒരു കൊലപാതകത്തെത്തുടർന്നുള്ള പോലീസ് അന്വേഷണമാണല്ലോ. നാട്ടിൻപുറത്തെ കീചകവധം കളിയരങ്ങിൽ കീചകനായി ആടിയ കഥകളിയാശാൻ കളികഴിഞ്ഞപ്പോൾ കൊല്ലപ്പെടുന്നു. പലയാളുകൾ പല കാരണങ്ങളാൽ കൊലപാതകക്കുറ്റം ഏറ്റുപറയുന്നുണ്ട്. അതിൽ ഒരാൾ ആശാന്റെ ശിഷ്യനാണ്. ആശാനെ കൊല്ലാനായുള്ള കാരണമായി ശിഷ്യൻ പറയുന്നത്, ' ഗുരു ജീവിച്ചിരിക്കുമ്പോൾ തനിയ്ക്ക് വലിയ വേഷങ്ങൾ കെട്ടാനുള്ള അവസരങ്ങൾ കിട്ടില്ല' എന്നാണ്. കലാരംഗങ്ങളിൽ തലമുറകൾക്കിടയിലുള്ള ഒരു അടിസ്ഥാന സംഘർഷം ഈ വാചകത്തിൽ ഒളിഞ്ഞിരിക്കുന്നു. മുൻതലമുറയുടെ മഹത്വത്തെ ആദരിക്കുമ്പോഴും പുതുതലമുറയ്ക്ക് വളരാൻ വേണ്ട ഇടം ലഭിക്കണം. ‘യുവം’ പോലുള്ള സംരംഭങ്ങളുടെയും അവരെ പിന്തുണയ്ക്കുന്ന കോട്ടയത്തെ ‘കളിയരങ്ങു’ പോലുള്ള സംഘടനകളുടെയും പ്രാധാന്യം അവിടെയാണ്. ഗുരുവിന്റെ നിഴൽ ശിഷ്യന്റെ മാർഗ്ഗതടസ്സമാകാതെ, അതേ നിഴൽ ശിഷ്യന് തണലാകുന്ന ഇടത്താണ് ഒരു കലാരൂപത്തിന്റെ ഭാവി സുരക്ഷിതമാകുന്നത്. ഈ ലേഖനം എഴുതുന്നതിനിടയിൽ കഥകളി സംഘാടനരംഗത്ത് സജീവമായ ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. സംഭാഷണത്തിനിടെ അദ്ദേഹം കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവകാല കഥകളിയുടെ ശുഷ്കമായ സദസ്സിന്റെ ഒരു ചിത്രം അയച്ചുതന്നു. ആ ചിത്രം ഈ വിഷയത്തെക്കുറിച്ച് രണ്ട് ചോദ്യങ്ങൾ ഉയർത്തി. ഒന്നാമതായി, ഇന്നത്തെ കഥകളി ആസ്വാദകർ കൂടുതൽ താൽപര്യപ്പെടുന്നത് ക്ഷേത്രോത്സവപ്പറമ്പുകളിലെ അനൗപചാരിക വേദികളേക്കാൾ കഥകളി ക്ലബ്ബുകൾ ഓഡിറ്റോറിയങ്ങളിൽ സംഘടിപ്പിക്കുന്ന അവതരണങ്ങളിലാണോ? രണ്ടാമതായി, കഥകളി പോലെയുള്ള ശാസ്ത്രീയ കലാരൂപങ്ങൾക്ക് ലോകത്തിന്റെ ഏതുഭാഗത്തും ഒരിക്കലും വലിയ ജനക്കൂട്ടങ്ങളെ ആകർഷിക്കുന്ന ജനപ്രിയകലാരൂപങ്ങളുടെ സ്വഭാവം ഉണ്ടായിരുന്നിട്ടില്ല. അങ്ങനെ നോക്കുമ്പോൾ, കേരളത്തിൽ അടച്ചിട്ട ഓഡിറ്റോറിയങ്ങളിൽ കൂടുതൽ ശ്രദ്ധയോടെയും സൗകര്യത്തോടെയും അവതരിപ്പിക്കുന്ന കഥകളികൾക്ക് ആസ്വാദകർ മുൻഗണന നൽകുന്നത് സ്വാഭാവികമല്ലേ? അതിനാൽ, ചില വേദികളിലെ ഒഴിഞ്ഞയിടങ്ങൾ കഥകളിയുടെ ക്ഷയത്തിന്റെ അടയാളമല്ല; ആസ്വാദനരീതിയിലെ മാറ്റത്തിന്റെ സൂചനയായിരിക്കാം. ചെന്നൈയിലെ മ്യൂസിക് സീസൺ പോലെ കേരളത്തിൽ ഏതെങ്കിലും ഒരു നഗരത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു കഥകളി സീസണ് സാധ്യതയില്ലേ? കേരള കലാമണ്ഡലം അതിനനുയോജ്യമായ ഒരു കേന്ദ്രമായിക്കൂടെ ? ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പാശ്ചാത്യ ശാസ്ത്രീയ സംഗീതലോകത്തെക്കുറിച്ച് പരാമർശിച്ചതിനാൽ ഒന്നു കൂടി ആ രംഗത്തിലേക്ക് പോകുകയാണ്. യൂറോപ്പിലും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന് ശക്തമായ പാരമ്പര്യമുള്ള മറ്റു പ്രദേശങ്ങളിലുമുള്ള കച്ചേരികളുടെ സദസ്സിൽ പ്രായമേറിയവരുടെ സാന്നിധ്യമാണ് സാധാരണയായി കൂടുതലായി കാണപ്പെടുന്നത്. അതേസമയം, പല ഓർക്കസ്ട്രകളും കടുത്ത സാമ്പത്തിക സമ്മർദങ്ങൾ നേരിടുന്നു. യുവപ്രേക്ഷകരുടെ പങ്കാളിത്തവും എല്ലായ്പ്പോഴും മുൻകൂട്ടി പ്രവചിക്കാവുന്ന വിധം സ്ഥിരതയുള്ളതല്ല. എന്നിരുന്നാലും, ഈ സംഗീതപരമ്പര ഇന്നും ശക്തമായി നിലനിൽക്കുന്നു. അതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്. ഒന്നാമത്, സംഗീതവിദ്യാലയങ്ങൾ ഇന്നും അസാധാരണ പ്രതിഭയുള്ള കലാകാരന്മാരെ തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്, ഓർക്കസ്ട്രകൾക്ക് സർവകലാശാലകൾ, സാംസ്കാരികസ്ഥാപനങ്ങൾ, സർക്കാരുകൾ, സ്വകാര്യദാതാക്കൾ എന്നിവയുടെ സ്ഥാപനപരമായ പിന്തുണ ലഭിക്കുന്നു. മൂന്നാമത്, റെക്കോർഡിംഗുകളും ഡിജിറ്റൽ സ്ട്രീമിംഗ് സംവിധാനങ്ങളും ഈ സംഗീതത്തെ ലോകമെമ്പാടുമുള്ള പുതിയ ശ്രോതാക്കളിലേക്ക് എത്തിക്കുന്നു. നാലാമത്, കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി രൂപപ്പെടുത്തിയ പാഠ്യപദ്ധതി അടിസ്ഥാനമായ വിദ്യാഭ്യാസപരമായ സംരംഭങ്ങൾ പുതിയ ആസ്വാദകരെ സൃഷ്ടിക്കുന്നു. Yo-Yo Ma, Gustavo Dudamel തുടങ്ങിയ കലാകാരന്മാർ ശാസ്ത്രീയ സംഗീതത്തെ സാധാരണ ശ്രോതാക്കൾക്ക് കൂടുതൽ പ്രാപ്യവും സാമൂഹികമായി കൂടുതൽ പ്രസക്തവുമാക്കിക്കൊണ്ട് അതിന്റെ സ്വീകാര്യത വിപുലീകരിച്ചിട്ടുണ്ട്. ഉദാഹരണമായി, യോ-യോ മാ നേതൃത്വം നൽകിയ The Bach Project, Silkroad Ensemble, ‘Our Common Nature’ പോലുള്ള സംരംഭങ്ങൾ ഓർക്കാവുന്നതാണ്. അതിനാൽ അവിടെയും കാണുന്ന ചിത്രം ഏകദേശമായി ഇതുതന്നെയാണ്: സദസ്സിൽ പ്രായമേറിയവരുടെ സാന്നിധ്യം കൂടുതലായിരിക്കാം; പക്ഷേ, ശക്തമായ സ്ഥാപനപിന്തുണയും (Institutional support) തുടർച്ചയായി വളരുന്ന കലാപ്രതിഭയും ഉള്ളിടത്ത് കലാപരമ്പരയുടെ ജീവശക്തി ക്ഷയിക്കുന്നില്ല. കലാരൂപങ്ങളുടെ നിലനിൽപ്പ് സദസ്സിന്റെ പ്രായസ്വഭാവത്താൽ മാത്രം തീരുമാനിക്കപ്പെടുന്നില്ല; സമൂഹം അതിന് നൽകുന്ന സ്ഥാപനപിന്തുണ, സാമ്പത്തിക പിന്തുണ, വിദ്യാഭ്യാസപരമായ ഇടപെടലുകൾ, പുതിയ തലമുറയിലെ കലാകാരന്മാരുടെ സമർപ്പണം എന്നിവയാലാണ് അത് എവിടേയും നിർണയിക്കപ്പെടുന്നത്. ഞാനോർത്തുപോകുകയാണ് കലാമണ്ഡലം കൃഷ്ണൻ നായർക്കോ രാമൻകുട്ടി നായർക്കോ ഗോപിയ്‌ക്കോ അവരുടെ ചെറുപ്പത്തിൽ ഇപ്പോൾ 'യുവം' പോലെയുള്ള സംഘാടനങ്ങൾ നൽകുന്ന പിന്തുണ ഏതെങ്കിലും ഇടങ്ങളിൽനിന്നു കിട്ടിയിരുന്നോ? അവരുടെ പ്രതിഭ ഏതൊക്കെ കത്തുന്ന വനശിഖി മദ്ധ്യഗരായി നിന്നാണ് ദീപഗോപുരങ്ങളായി പിന്നീട് അതിജീവിച്ചത്? ഈ ലേഖനം എഴുതുന്നതിന്റെ ഭാഗമായി കോട്ടയത്തെ കളിയരങ്ങിന്റെ സെക്രട്ടറി എം.ഡി. സുരേഷ് ബാബുവുമായി സംസാരിച്ചിരുന്നു. ഉത്തരാസ്വയംവരം പോലെ നിരവധി വേഷങ്ങളുള്ള, ദൈർഘ്യമേറിയ ഒരു കഥകളി സംഘടിപ്പിക്കുന്നതിലെ സാമ്പത്തിക പരാധീനതകൾ അദ്ദേഹം പങ്കുവെച്ചു. ചെറുപ്പക്കാർ കളി കാണാൻ വരുന്നത് കുറവാണല്ലോ എന്ന എൻ്റെ അഭിപ്രായത്തോട് അദ്ദേഹം യോജിക്കുകയും ചെയ്തു. എന്നാൽ, കഥകളി നടക്കുമ്പോൾ ഗതിയ്ക്കനുസരിച്ച് കഥാസാരവും പദസാരവും മുദ്രാസാരവും വ്യക്തമാക്കുന്ന ഡിജിറ്റൽ സ്ക്രീൻ പുതിയ അനുവാചകരെ സദസ്സിലേക്ക് എത്തിക്കുന്നുവെന്നും കളികൾ മുഴുവനായി ഇരുന്ന് കാണുന്നതിന് അവരെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഥകളിയുടെ ഭാവിയെക്കുറിച്ച് ഈ ലേഖനത്തിൽ പങ്കുവെച്ച ചിന്തകൾ ഒടുവിൽ എന്നെ എത്തിക്കുന്നത് ഒരു ലളിതമായ നിഗമനത്തിലേക്കാണ്. വേദിയിൽ സമർപ്പണബോധത്തോടെ പരിശീലിക്കുന്ന യുവകലാകാരന്മാർ ഉണ്ടെങ്കിൽ, അവരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും തയ്യാറായ സംഘടനകളും ആസ്വാദകരും ഉണ്ടെങ്കിൽ, പുതിയ തലമുറയെ കലാരൂപത്തോട് അടുപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവും വിദ്യാഭ്യാസപരവുമായ ഇടപെടലുകൾ ഉണ്ടെങ്കിൽ, കഥകളിയുടെ ഭാവിയെക്കുറിച്ച് നിരാശപ്പെടേണ്ട കാര്യമില്ല. സദസ്സിലെ ശരാശരി പ്രായം ഉയരുന്നതുകൊണ്ട് മാത്രം ഒരു കലാരൂപം വൃദ്ധമാകുന്നില്ല. പുതുതലമുറയുടെ സ്വപ്നങ്ങളിലും പരിശ്രമങ്ങളിലും അത് തുടർന്നും ജീവിക്കുന്നുണ്ടെങ്കിൽ, കഥകളി ഇന്നും യുവമാണ്. കോട്ടയത്ത് ‘ഉത്തരാസ്വയംവരം’ കണ്ടിറങ്ങിയപ്പോൾ എന്റെ മനസ്സിൽ ശേഷിച്ചത് ആശങ്കയല്ല, പ്രത്യാശയാണ്. വേദിയിൽ കണ്ട ആ യൗവനം കഥകളിയുടെ ഭാവിയിലേക്കുള്ള ഏറ്റവും വിശ്വസനീയമായ വാഗ്ദാനമായി എനിക്ക് തോന്നി.
