കൊച്ചി: അഞ്ചുമിനിറ്റിൽ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചവർ കാത്തിരുന്നത് പത്തുദിവസം. ഈ ദിവസങ്ങളത്രയും കേരളത്തിലും ഡൽഹിയിലുമായി ചർച്ചയോട് ചർച്ച. ഒടുവിൽ പതിനൊന്നാം ദിവസം ഹൈക്കമാൻഡ് 'തേങ്ങ ഉടച്ചു'. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശമുന്നയിച്ച കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ സമവായത്തിലെത്തിച്ചാണ് കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിച്ചത്. യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടും പൊതുജന അഭിപ്രായവും ഈ തീരുമാനത്തിൽ നിർണായകമായി. To advertise here, പത്തുവർഷത്തെ പിണറായി സർക്കാരിന്റെ ഭരണത്തിന് അന്ത്യംകുറിച്ച് മിന്നൽപ്പിണറായാണ് യുഡിഎഫ് ഇത്തവണ കേരളത്തിൽ അധികാരം പിടിച്ചെടുത്തത്. 102 സീറ്റുകളുമായി സെഞ്ചുറിക്കും മേലെ സ്കോർ ചെയ്ത യുഡിഎഫിന് ചരിത്രവിജയമാണ് വോട്ടർമാർ സമ്മാനിച്ചത്. കോൺഗ്രസ് ഒറ്റയ്ക്ക് 63 സീറ്റുകളും നേടി. പക്ഷേ, ആ വിജയത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള മുഖ്യമന്ത്രി ചർച്ച. ഗ്രൂപ്പുകളിയിൽ പേരുകേട്ട കോൺഗ്രസിന് ഇപ്പോഴും മാറ്റമൊന്നുമില്ല എന്നതിന് അടിവരയിടുന്ന സംഭവവികാസങ്ങൾക്ക് കൂടിയാണ് പോയദിവസങ്ങളിൽ കേരളരാഷ്ട്രീയം സാക്ഷ്യംവഹിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വെല്ലുവിളികൾ ഏറ്റെടുത്ത് യുഡിഎഫിനെ മുന്നിൽനിന്ന് നയിച്ച വി.ഡി. സതീശനെ തന്നെ അതിവേഗത്തിൽ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നായിരുന്നു പൊതുസമൂഹത്തിന്റെയും പ്രതീക്ഷ. പക്ഷേ, കോൺഗ്രസിലെ 'ചാണക്യന്മാർ' അതിനോടകം ഉണർന്നുകഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും അനുകൂലിക്കൂന്നവർ ഒരുപോലെ രംഗത്തെത്തി. തങ്ങളുടെ നേതാക്കൾക്കായി ഫ്ളക്സ് ബോർഡുകളും മറ്റും സ്ഥാപിച്ചായിരുന്നു ഇത്തരം നീക്കങ്ങളുടെ തുടക്കം. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിറ്റേദിവസം തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് എഐസിസി തുടക്കമിട്ടിരുന്നു. ഇതിനായി നിരീക്ഷകരെയും ചുമതലപ്പെടുത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരെയാണ് കേരളത്തിലേക്ക് നിരീക്ഷകരായി അയച്ചത്. മുഖ്യമന്ത്രി ആരാകണമെന്നതിൽ നിയുക്ത എംഎൽഎമാരുടെയും കേരളത്തിലെ എംപിമാരുടെയും അഭിപ്രായം തേടുകയെന്നതായിരുന്നു നിരീക്ഷകരുടെ പ്രധാന ചുമതല. പക്ഷേ, ഇതിനകം തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് നീങ്ങിയിരുന്നു. പലയിടത്തും പ്രവർത്തകർ തങ്ങളുടെ നേതാവിനായി തെരുവിലിറങ്ങി. പന്തംകൊളുത്തി പ്രകടനങ്ങളും പാലഭിഷേകങ്ങളും ബാനർ യുദ്ധങ്ങളും ആത്മഹത്യാശ്രമവുമെല്ലാം മുറപോലെ അരങ്ങേറി. മേയ് ഏഴിനാണ് എഐസിസിയുടെ നിരീക്ഷകർ തിരുവനന്തപുരം ഇന്ദിരാഭവനിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഓരോ എംഎൽഎമാരെയും കണ്ട് ഇവർ അഭിപ്രായം തേടി. ഇതിനുപിന്നാലെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇതിൽ പ്രമേയവും പാസാക്കി. അതേസമയം, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നു. കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗംപേരും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നായിരുന്നു വിവരം. ഏകദേശം 45-ലധികം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നായിരുന്നു കെസി പക്ഷത്തിന്റെ അവകാശവാദം. 23 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും വാദിച്ചു. എംഎൽഎമാരുടെ പിന്തുണയിലുള്ള എണ്ണത്തിൽ ഏറ്റവും പിറകിലായിരുന്നു വി.ഡി. സതീശൻ. അതിനിടെ, കേരളത്തിലെ നിരീക്ഷകരെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നേരിട്ടുകണ്ട് കൂടിക്കാഴ്ച നടത്തി. സീനിയോറിറ്റിയും മുന്നണിക്കകത്തും പുറത്തുമുള്ള സാമൂഹികബന്ധങ്ങളുമാണ് രമേശ് ചെന്നിത്തല കേന്ദ്രനിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞതവണ ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് പ്രതിപക്ഷ നേതാവിന്റെ പദവി വിട്ടുനൽകിയത്. അന്ന് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും ഒരു എതിർപ്പും പ്രകടിപ്പിക്കാതെ മാറിനിന്നതായും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ, രണ്ടുവട്ടവും തുടർച്ചയായി തോറ്റിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് മുന്നണിയെ തിരഞ്ഞെടുപ്പിൽ നയിച്ചതായിരുന്നു വി.ഡി. സതീശന്റെ പ്രധാനവാദം. തന്റെ നിലപാടുകൾക്ക് പൊതുസമൂഹത്തിൽ ലഭിച്ച അംഗീകാരവും പൊതുവികാരവും അദ്ദേഹം അറിയിച്ചിരുന്നു. ഘടകകക്ഷികളുടെ പിന്തുണ കണക്കിലെടുക്കണമെന്ന വാദവും അദ്ദേഹം ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ, മണിക്കൂറുകളും ദിവസങ്ങളും കടന്നുപോയെങ്കിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി മാത്രം തീരുമാനമായില്ല. ഇതിനിടെ നേതാക്കൾ പലരും പലതവണ ഡൽഹിയിലേക്കും തിരിച്ചും പറന്നു. പലയിടത്തും ഗ്രൂപ്പ് യോഗങ്ങളും അരങ്ങേറി. മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കിടയിലും മുറുമുറപ്പ് തുടങ്ങി. മുസ്ലിം ലീഗിലെ ചില നേതാക്കൾ പരസ്യമായി തന്നെ ഇതിനെതിരേ രംഗത്തെത്തി. വിജയത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീണ്ടതിന് പിന്നാലെയാണ് മേയ് ഒൻപതിന് ഡൽഹിയിൽ സുപ്രധാന ചർച്ച നടന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും പങ്കെടുത്തു. രാഹുൽഗാന്ധിയും ഇവിടേക്കെത്തി.എന്നാൽ, അന്നേദിവസം മുഖ്യമന്ത്രി പ്രഖ്യാപനം പ്രതീക്ഷിച്ച രാഷ്ട്രീയകേരളത്തിന് നിരാശ മാത്രമാണുണ്ടായത്. മൂന്നുമണിക്കൂർ നീണ്ട ചർച്ചയിലും അന്ന് തീരുമാനമായില്ല. പകരം തെരുവിലെ പ്രകടനങ്ങൾ ഒഴിവാക്കാനും ബോർഡുകൾ നീക്കംചെയ്യാനും നേതാക്കൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഖാർഗെയും രാഹുൽഗാന്ധിയും ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. നേരത്തേ യുഡിഎഫിന് അധികാരം കിട്ടിയാൽ അഞ്ചുമിനിറ്റിനുള്ളിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ അരമണിക്കൂർ പോലും ചർച്ച നടത്താനുള്ള അവസരം മാധ്യമങ്ങൾക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, കാര്യത്തോടടുത്തപ്പോൾ ഇതെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി. അഞ്ചുമിനിറ്റ് മണിക്കൂറുകളും ദിവസങ്ങളുമായി. ഒടുവിൽ മേയ് 9-ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി മേയ് 23 വരെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സമയമുണ്ടെന്ന് പറഞ്ഞതോടെ തീരുമാനം നീളുമെന്നും ഉറപ്പായി. ഇതേസമയം, വി.ഡി. സതീശനായി സാമൂഹികമാധ്യമങ്ങളിലടക്കം വൻ ക്യാമ്പയിനുകളാണ് നടന്നത്. മുസ്ലിം ലീഗിന്റെ പിന്തുണയും അദ്ദേഹത്തിനായിരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിച്ചു. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നേതാക്കളുടെ സാമൂഹികമാധ്യമങ്ങളിൽ വി.ഡി. സതീശനായി മുറവിളി തുടങ്ങി. കെ.സി.യെ പിന്തുണച്ചെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾക്കും സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം നേരിടേണ്ടിവന്നു. ഷാഫി പറമ്പിലടക്കമുള്ളവർ ഇത്തരം വിമർശനങ്ങൾക്കിരയായി. ഇതിനിടെ, പല കോൺഗ്രസ് നേതാക്കളും പരോക്ഷമായ അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തി. മോദിയുടെ കണ്ണിൽനോക്കി സംസാരിക്കുന്ന നേതാവാണ് കെസിയെന്നായിരുന്നു ടി. സിദ്ദിഖിന്റെ പ്രതികരണം. അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണമെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനന്തമായി നീളുന്നതിനിടെ മേയ് 12-ന് മുൻ കെപിസിസി അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡന്റുമാരെയും ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. വി.എം. സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി കാര്യങ്ങൾ അറിയിച്ചു. ജനവികാരം രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സുധീരന്റെ പ്രതികരണം. പക്ഷേ, മേയ് 12-നും കോൺഗ്രസ് ഹൈക്കമാൻഡ് 'തേങ്ങ ഉടച്ചില്ല'. മേയ് 13-നും രാജ്യതലസ്ഥാനത്ത് അതിനിർണായകമായ ചർച്ചകൾ അരങ്ങേറി. മേയ് 13-ന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന് ഏകദേശം തീർച്ചയായി. വൈകിട്ടോടെ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കെ.സി. വേണുഗോപാലിനെയും ഇവിടേക്ക് വിളിപ്പിച്ചു. കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടിക്കാഴ്ചയിലുണ്ടായതെന്നാണ് വിവരം. കേരളത്തിലെ പൊതുജനവികാരവും കെസിയെ മുഖ്യമന്ത്രിയാക്കിയാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യങ്ങളും ധരിപ്പിച്ചെന്നും സൂചനകളുണ്ട്. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമവായത്തിന് കെ.സി. വേണുഗോപാൽ തയ്യാറായതോടെ മുഖ്യമന്ത്രിയായി സതീശനെ പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചേർന്നെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ രാഹുൽഗാന്ധി കെ.സി. വേണുഗോപാലുമായി ഒരുമണിക്കൂർ സംസാരിച്ചു. രമേശ് ചെന്നിത്തലയുമായി അരമണിക്കൂറോളവും സംസാരിച്ചു. ഇതോടെ കാര്യങ്ങൾക്കും തീരുമാനത്തിനും വ്യക്തത വന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ വിധത്തിലായിരുന്നു കാര്യങ്ങൾ. ഡൽഹിയിൽ തന്നെ പന്ത്രണ്ട് മണിയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്നും അറിയിപ്പെത്തി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ് തേങ്ങ ഉടച്ചു, മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ! Content Highlights: VD Satheesan appointed as Kerala Chief Minister after a 10-day consensus process., UDF achieved a historic victory in the 2026 assembly elections with 102 seats., Internal leadership struggle between KC Venugopal, Ramesh Chennithala, and VD Satheesan resolved by AICC., Public sentiment and coalition partner support played a crucial role in the final decision., The decision process involved extensive discussions with Mallikarjun Kharge and Rahul Gandhi. Published: 14 May 2026, 12:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
