മോസ്‌കോ: ഇന്ത്യയ്ക്ക് തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 നൽകാമെന്ന് വാഗ്ദാനവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. എസ്.യു-57 യുദ്ധവിമാനം ഇന്ത്യയുമായി ചേർന്ന് സംയുക്തമായി നിർമ്മിക്കാനും അതിന്റെ നിർണ്ണായകമായ സാങ്കേതികവിദ്യകൾ പങ്കുവെക്കാനും തയ്യാറാണെന്ന് പുതിൻ അറിയിച്ചു. വ്യാഴാഴ്ച വാർത്താ ഏജൻസികളോട് സംസാരിക്കവെയാണ് പുതിൻ ഇക്കാര്യം മുന്നോട്ടുവെച്ചത്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഇല്ല. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രവർത്തനസജ്ജമാകാൻ 2030-കളുടെ പകുതി വരെ സമയമെടുക്കും. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ കുറവ് നികത്താനായി യുഎസിന്റെ എഫ്-35, റഷ്യയുടെ എസ്.യു-57 എന്നിവ പരിഗണിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയ്ക്ക് വാഗ്ദാനവുമായി പുതിൻ മുന്നോട്ടുവന്നിരിക്കുന്നത്. To advertise here, 'ഈ വിമാനം ഇന്ത്യക്ക് നൽകാനും ഒരുമിച്ച് വികസിപ്പിക്കാനും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് യാതൊരു പ്രശ്‌നങ്ങളോ പരിമിതികളോ ഇല്ല. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തിലും ഇത് അങ്ങനെ തന്നെ- പുതിൻ പറഞ്ഞു. 2018-ൽ റഷ്യയുമായി ചേർന്നുള്ള അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. വിമാനത്തിന്റെ സ്റ്റെൽത്ത് സവിശേഷതകളിലും സാങ്കേതികവിദ്യ കൈമാറുന്നതിലുമുള്ള വിയോജിപ്പുകളായിരുന്നു അന്ന് പിന്മാറ്റത്തിന് കാരണമായത്. എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളോ നിയന്ത്രണങ്ങളോ റഷ്യയുടെ ഭാഗത്തുനിന്നില്ലെന്നാണ് പുതിൻ വ്യക്തമാക്കിയിരിക്കുന്നത്. അയൽരാജ്യമായ പാകിസ്താൻ ചൈനയുടെ ജെ-35എഇ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത് ഇന്ത്യയ്ക്ക് പ്രതിരോധപരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇത് മറികടക്കാൻ റഷ്യയുടെ ഓഫർ ഇന്ത്യയ്ക്ക് മുന്നിലുള്ള ഒരു മാർഗ്ഗമാണ്. എന്നാൽ ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും റഷ്യൻ ഓഫർ ഇന്ത്യ കാര്യമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. ഏകദേശം 40 എസ്.യു-57 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരങ്ങൾ. യുഎസിന്റെ എഫ്-35 യുദ്ധവിമാനവും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യ കൈമാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ ഇതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യൻ വിമാനം വാങ്ങുന്നത് അമേരിക്കൻ ഉപരോധം ക്ഷണിച്ചുവരുത്തിയേക്കാമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്. Content Highlights: Vladimir Putin offers joint production of Su-57 stealth jets with India., IAF currently lacks 5th-generation fighters to bridge the capability gap., Historical context of the 2018 FGFA project withdrawal by India., Comparison with China's J-35 and potential strategic shift from Western options., Focus on stealth, avionics, and technology transfer capabilities. Published: 05 Jun 2026, 02:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
