കൊണ്ടോട്ടി : ആളനക്കം കുറഞ്ഞ്, ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ ഹജ്ജ് ക്യാമ്പാണ് ഇത്തവണ കരിപ്പൂരിൽ നടക്കുന്നത്. വെറും 969 തീർഥാടകർ മാത്രമാണ് കരിപ്പൂർ വഴി യാത്രയാകുന്നത്. To advertise here, ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. വ്യാഴാഴ്ച മുതൽ 17 വരെയാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വർഷത്തിൽ ഹജ്ജ് ക്യാമ്പ് നടക്കുമ്പോൾ മാത്രമാണ് ഹജ്ജ് ഹൗസിൽ ആളുകൾ ഒത്തുകൂടാറുള്ളത്. തീർഥാടകരും യാത്രയാക്കാനെത്തുന്ന ബന്ധുക്കളും ഹജ്ജ് വൊളന്റിയർമാരും ഉദ്യോഗസ്ഥരുമെല്ലാമായി വലിയ ആഘോഷമായാണ് ക്യാമ്പ് നടക്കാറുള്ളത്. 2020-ൽ വിമാനദുരന്തമുണ്ടായതിനെത്തുടർന്ന് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്കേർപ്പെടുത്തിയതാണ് ഹജ്ജ് സർവീസിനെ ബാധിച്ചത്. ഹജ്ജ് സർവീസ് പുനഃസ്ഥാപിച്ചെങ്കിലും ചെറിയ വിമാനങ്ങളായതിനാൽ മറ്റു വിമാനത്താവളങ്ങളേക്കാൾ ചെലവ് കൂടും. ഇത്തവണ 20000 രൂപയാണ് ഓരോ തീർഥാടകനും അധികം നൽകേണ്ടിവരുന്നത്. ഇതോടെ തീർഥാടകർ കരിപ്പൂർ വിട്ട് കൊച്ചിയിലേക്കും കണ്ണൂരിലേക്കും മാറി. വനിതാ തീർഥാടകർക്ക് പ്രത്യേക താമസസ്ഥലമുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഹജ്ജ് ഹൗസിലുണ്ട്. ഇത്തവണയും തീർഥാടകർക്ക് താമസം, ഭക്ഷണം, പ്രാഥമിക ആരോഗ്യസൗകര്യങ്ങൾ എന്നിവ ഹജ്ജ് ഹൗസിലും വിമാനത്താവളത്തിലും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരായുമുണ്ട്. ഇത്തവണ ആകെ 13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നത്. ഇതിൽ 4326 പുരുഷൻമാരും 8868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴി 969 പേർ, കൊച്ചിയിൽനിന്ന് 7931 പേർ, കണ്ണൂരിൽനിന്ന് 4270 എന്നിങ്ങനെയാണ് തീർഥാടകരുടെ കണക്കുകൾ. ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള 657 തീർഥാടകരുമുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി ആകെ 13,851 തീർത്ഥാടകരാണ് കേരളത്തിലെ എംബാർക്കേഷൻ കേന്ദ്രങ്ങൾ വഴി യാത്രയാകുന്നത്. സംസ്ഥാനത്തുനിന്നുള്ള 28 പേർ കേരളത്തിനുപുറത്തുള്ള എംബാർക്കേഷൻ വഴിയും യാത്രയാകുന്നുണ്ട്.
