രാമപുരം : രാമപുരത്തും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കോടികളുടെ നഷ്ടം. 20-ൽപരം വീടുകൾക്ക് ഭാഗികമായി നാശവും പ്രദേശത്ത് വ്യാപകമായി കൃഷിനാശവുമുണ്ടായിട്ടുണ്ട്. ഏഴാച്ചേരി മാരൂര്‍ ദേവസ്യാ, വെള്ളിലാപ്പള്ളി കതിരോലിൽ സിന്ധു വാസുദേവൻ, താഴാനിയിൽ മോളി രാജു എന്നിവരുടെ വീടുകളുടെ മേൽക്കൂര തകർന്നു. മരം മറിഞ്ഞുവീണ് വെള്ളിലാപ്പള്ളി പായനാൽ ഷാജികുമാർ, പനച്ചേപ്പള്ളിൽ സോണി ബേബി എന്നിവരുടെ വീടുകൾ ഭാഗമായി തകർന്നു. To advertise here, തറപ്പിൽ ടി.ഡി. രാമകൃഷ്ണൻ, രാഗം ബാലമുരളി, ശ്രൂലംകുളത്ത് രാമകൃഷ്ണൻ നായർ, മുണ്ടപ്പള്ളിൽ അശോകൻ, മണിയാംപാറ ഡെസി രാജു, മണിയാംപാറ ജോൺസൺ, മുതലശ്ശേരിൽ എം.ജെ. തോമസ്, ശൗര്യംകുഴിയിൽ അശോകൻ, മനോജ് തടത്തിൽ, മുതുവല്ലൂർ ഏലിക്കുട്ടി, സെബാസ്റ്റ്യൻ മുതുവല്ലൂർ, കുര്യൻ മുതുവല്ലൂർ എന്നിവരുടെ വീടുകൾക്കും മരംവീണ് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്. കൂടപ്പുലം മഴുവണ്ണൂർ ഓമന മോഹനന്റെ വീടിന് ഇടിമിന്നലേറ്റ് ഭിത്തി തകരുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. മരംവീണ് ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതിക്കമ്പികൾ പൊട്ടിയ നിലയിലാണ്. പഞ്ചായത്തിന്റെ പലഭാഗത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളിലാപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മേൽനടപടി സ്വീകരിക്കാൻ മീനച്ചിൽ തഹസീൽദാർക്കും രാമപുരം പഞ്ചായത്ത് സെക്രട്ടറിക്കും മാണി സി.കാപ്പൻ എം.എൽ.എ. നിർദേശം നൽകി.
