കേരളത്തിൽ സർക്കാർമേഖലയിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളിലെ എട്ടാംക്ലാസ് പ്രവേശനത്തിന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വിഷയങ്ങളുടെ പഠനങ്ങൾക്കൊപ്പം, സാങ്കേതികവും ഉത്പാദനോത്മുഖവുമായ വിവിധ തൊഴിലുകൾക്ക് വിദ്യാർഥികളെ പ്രോഗ്രാം സജ്ജമാക്കുന്നു. To advertise here, പാഠ്യപദ്ധതി പൊതുവിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയിൽക്കൂടി വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽമേഖലയിൽ വൈദഗ്ധ്യം നേടാൻ പ്രോഗ്രാം സഹായിക്കും. എൻജിനിയറിങ് മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും ഉപരിപഠനത്തിന് ടെക്നിക്കൽ ഹൈസ്കൂൾ പഠനം ശക്തമായ അടിത്തറ നൽകുന്നു. കോഴ്സ് കാലാവധി എട്ട്, ഒൻപത്, 10 ക്ലാസുകളിലായി മൂന്നുവർഷമാണ്. മൂന്നുവർഷങ്ങളിലും പൊതുവിദ്യാഭ്യാസവകുപ്പിലെ ബാധകമായ ക്ലാസിലെ (8/9/10) ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു. കൂടാതെ, എട്ടാംക്ലാസിൽ, അടിസ്ഥാന സാങ്കേതികപരിജ്ഞാനവും പരിശീലനവും നൽകുന്നു. ഒൻപതാംക്ലാസിലും പത്താംക്ലാസിലും എൻജിനിയറിങ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം തിരഞ്ഞെടുത്ത തൊഴിൽമേഖലയിൽ/ട്രേഡിൽ പരിശീലനവും നൽകുന്നു. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിന് എട്ട്, ഒൻപത് ക്ലാസുകളിൽ എൻറിച്ച് യുവർ ഇംഗ്ലീഷ് എന്ന കോഴ്സും പാഠ്യപദ്ധതിയിലുണ്ട്. സ്ഥാപനങ്ങൾ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള മൊത്തം 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കാണ് പ്രവേശനം. നെടുമങ്ങാട്, ഉച്ചക്കട (നെയ്യാറ്റിൻകര), ശ്രീകാര്യം (തിരുവനന്തപുരം), കുളത്തൂപ്പുഴ, എഴുകോൺ (കൊല്ലം), ഹരിപ്പാട്, കാവാലം, കൃഷ്ണപുരം (ആലപ്പുഴ), പാമ്പാടി, കുറിച്ചി, പാല, തീക്കോയി, പകലമറ്റം, കാഞ്ഞിരപ്പള്ളി (കോട്ടയം), ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി (എറണാകുളം), തൊടുപുഴ, വണ്ണപ്പുറം, അടിമാലി (ഇടുക്കി), ചെമ്പൂക്കാവ്, കൊടുങ്ങല്ലൂർ (തൃശ്ശൂർ), ഷൊർണൂർ, പാലക്കാട്, ചിറ്റൂർ (പാലക്കാട്), കൊക്കൂർ, കുറ്റിപ്പുറം, മഞ്ചേരി (മലപ്പുറം), വെസ്റ്റ്ഹിൽ, വടകര, പയ്യോളി (കോഴിക്കോട്), മാനന്തവാടി, സുൽത്താൻബത്തേരി (വയനാട്), നടുവിൽ, തോട്ടട, നെരുവമ്പ്രം (കണ്ണൂർ), മൊഗ്രൽപത്തൂർ, ചെറുവത്തൂർ (കാസർകോട്) എന്നിവിടങ്ങളിലാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ പ്രവർത്തിക്കുന്നത്. ട്രേഡുകൾ ലഭ്യമായ ട്രേഡുകളിൽ ഇവയും ഉൾപ്പെടുന്നു: വെൽഡിങ്, ടർണിങ്, ഇലക്ട്രോപ്ലേറ്റിങ്, ഫിറ്റിങ്, സർവേയിങ്, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, പ്രിൻറിങ്, പ്ലംബിങ്, അഗ്രിക്കൾച്ചർ, ഇലക്ട്രിക്കൽ വയറിങ് ആൻഡ് മെയിൻറനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലയൻസസ്. ഓരോ ടെക്നിക്കൽ ഹൈസ്കൂളിലും ലഭ്യമായ പ്രത്യേക ട്രേഡുകളിലായിരിക്കും ഒൻപത്, 10 ക്ലാസുകളിൽ പരിശീലനം നൽകുന്നത്. സ്കൂളുകളുടെ പട്ടിക (ജില്ല തിരിച്ച്), മേൽവിലാസം, മൊബൈൽനമ്പർ, ഇ-മെയിൽ വിലാസം, ഓരോ സ്കൂളിലും ലഭ്യമായ ട്രേഡുകൾ എന്നിവ സഹിതം polyadmission.org -യിലെ അനക്സ്ചറിൽ ലഭ്യമാണ് (ടി.എച്ച്.എസ്. അഡ്മിഷൻ 2026-27 ലിങ്കിൽ). പ്രോസ്പെക്ടസും ഇവിടെ ലഭിക്കും. പത്താംക്ലാസ് ജയിക്കുന്നവർക്ക് ട്രേഡ് രേഖപ്പെടുത്തിയ ടെക്നിക്കൽ ഹൈസ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് (ടി.എച്ച്.എസ്.എൽ.സി.) ലഭിക്കും. ഈ സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സി.ക്ക് തുല്യമാണ്. എസ്.എസ്.എൽ.സി. പാസാകുന്ന കുട്ടികൾക്കു ലഭ്യമാകുന്ന ഉപരിപഠനസാധ്യതകൾക്ക് ടി.എച്ച്.എസ്.എൽ.സി. പാസാകുന്നവർക്കും അർഹതയുണ്ട്. ടി.എച്ച്.എസ്.എൽ.സി. ലഭിക്കുന്നവർക്ക് പോളിടെക്നിക് കോഴ്സിന് അപേക്ഷിക്കാം. ഈ പ്രവേശനത്തിൽ ഇവർക്ക് 10 ശതമാനം സീറ്റ് സംവരണവും ഉണ്ട്. യോഗ്യത ഏഴാംക്ലാസ് പൂർത്തിയാക്കി എട്ടാംക്ലാസ് പ്രവേശനത്തിന് യോഗ്യത നേടിയിരിക്കണം. 2026 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാത്തവരായിരിക്കണം. തുടർച്ചയായ വർക്ക്ഷോപ്പ് പരിശീലനത്തിന്, മതിയായ ശാരീരികക്ഷമതയുള്ളവരും സാങ്കേതിക തൊഴിലിനോട് അഭിരുചിയുള്ളവരും ആയിരിക്കണം. അപേക്ഷ ths.polyadmission.org വഴി ഏപ്രിൽ ആറുവരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് അപേക്ഷ നൽകാൻ താത്പര്യമുള്ളവർ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ ഓൺലൈനായി നൽകണം. പ്രവേശനരീതി പ്രവേശനപ്രക്രിയയുടെ ഭാഗമായി അഭിരുചിപരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഉണ്ടാകും. അനുവദിക്കപ്പെട്ട സീറ്റിനെക്കാൾ കൂടുതൽ അപേക്ഷകളുണ്ടെങ്കിൽമാത്രമേ അഭിരുചിപരീക്ഷ നടത്തുകയുള്ളൂ. ഏപ്രിൽ ഒൻപതിന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തുന്ന അഭിരുചിപരീക്ഷയ്ക്ക് കേരള സിലബസ് ഏഴാംക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. അഭിരുചി പരീക്ഷാഫലം ഏപ്രിൽ ഒൻപതിന് വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ അത് 10-ന് ഉച്ചയ്ക്ക് ഒരുമണിക്കകം ബന്ധപ്പെട്ട ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ടിന് നൽകണം. അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണതത്ത്വങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക, അതത് സ്കൂളുകളിൽ 17-ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. പ്രവേശനനടപടികൾ 24-നും മേയ് എട്ടിനുമിടയ്ക്ക് നടത്തും. ക്ലാസുകൾ ജൂൺ ഒന്നിന് തുടങ്ങും. സ്കോളർഷിപ്പുകൾ വർഷാവസാനപരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികളിൽ, രക്ഷിതാക്കളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപവരെയുള്ള പത്തുശതമാനംപേർക്ക്, മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് അനുവദിക്കും. ആനുകൂല്യങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളിൽ പട്ടികജാതി/പട്ടികവർഗ/പിന്നാക്ക സമുദായങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ടെക്നിക്കൽ ഹൈസ്കൂളുകളിൽ പഠിക്കുന്ന ഈ വിഭാഗം വിദ്യാർഥികൾക്കും ലഭിക്കും. അപേക്ഷ ഏപ്രിൽ ആറുവരെ മറ്റു വ്യവസ്ഥകൾ • ട്യൂഷൻ ഫീ ഇല്ല. എന്നാൽ, മറ്റ് ചില ഫീസുകൾ അടയ്ക്കണം. വിശദാംശങ്ങൾ പ്രോസ്പക്ടസിലുണ്ട് • പ്രവേശനം ലഭിക്കുന്നവർക്ക് അതേ വർഷം മറ്റൊരു ടെക്നിക്കൽ സ്കൂളിലേക്ക് മാറ്റം അനുവദിക്കില്ല • ഒൻപത്, 10 ക്ലാസുകളിൽ വ്യവസ്ഥകൾ പ്രകാരമുള്ള സ്ഥാപനമാറ്റം അനുവദനീയമാണ് • ക്ലാസുകൾ രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെയായിരിക്കും • യൂണിഫോം നിർബന്ധമാണ് കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പക്ടസ് കാണണം.
