Last Updated: 22 June 2026, 10:21 PM IST കേരളപ്രതിനിധിയോടുള്ള വിയോജിപ്പുകാരണം തമിഴ്‌നാട് ചെലുത്തിയ സമ്മർദമാണ് ഇതിനു കാരണമെന്നാണു സൂചന. പുതിയ ഉത്തരവു വന്നതിനുപിന്നാലെ സമിതിയുടെ നീക്കങ്ങൾ വേഗത്തിലാക്കാനും തമിഴ്‌നാട് ശ്രമമാരംഭിച്ചു. To advertise here, നൂറ്റിമുപ്പതുവർഷത്തെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഏറെക്കാലമായി കേരളത്തിന്റെ ആശങ്കയാണ്. കേരളത്തിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഇതിന്റെ നടത്തിപ്പും പരിപാലനവുമെല്ലാം തമിഴ്‌നാടിന്റെ ചുമതലയിലാണ്. അണക്കെട്ടിന്റെ ബലവും സുരക്ഷയുമായിബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുസംസ്ഥാനവും ഏറെ നിയമയുദ്ധം നടത്തിയിട്ടുണ്ട്. നൂറുവർഷത്തിനുമേൽ പഴക്കമുള്ള അണക്കെട്ടുകളിൽ പത്തുവർഷത്തിലൊരിക്കൽ സുരക്ഷാപരിശോധന വേണമെന്ന ദേശീയ ജലകമ്മിഷന്റെ നിബന്ധന കേരളം ചൂണ്ടിക്കാട്ടിയതു പരിഗണിച്ച് സുപ്രീംകോടതി മുല്ലപ്പെരിയാറിൽ സമഗ്രസുരക്ഷാപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. 2022-ലെ സുപ്രീംകോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബറിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ടസമിതി, സമഗ്രസുരക്ഷാപരിശോധനയ്ക്ക് തമിഴ്‌നാടും കേരളവും നിർദേശിച്ച അണക്കെട്ടുവിദഗ്ധരെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്രസമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ജനുവരിയിൽ സമിതി രൂപവത്കരിച്ച് ഉത്തരവിറക്കി. എന്നാൽ, ഈ സമിതിയിലേക്ക് കേരളം നിർദേശിച്ച വിദഗ്ധനെ ഏകപക്ഷീയമായി നീക്കിയിരിക്കുകയാണ് ഇപ്പോൾ. കേരളപ്രതിനിധി ടി.കെ. ശിവരാജനെയാണ് വിദഗ്ധസമിതിയിൽനിന്ന് കേന്ദ്ര അണക്കെട്ടുസുരക്ഷാ അതോറിറ്റി നീക്കിയത്. കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ് എൻജിനിയറാണ് ശിവരാജൻ. ഇദ്ദേഹത്തിനുപകരം ഐ.ഐ.ടി. റൂർക്കിയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡാംസ് മേധാവി പ്രൊഫ. എം.എൽ. ശർമയെ ഉൾപ്പെടുത്തി ഈമാസം 16-ന് പുതിയ ഉത്തരവിറക്കി. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ, ശിവരാജനെ മാറ്റിയത് കേരളത്തെ അറിയിച്ചിട്ടില്ലെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ജനുവരിയിലെ ഉത്തരവിൽ ടി.കെ. ശിവരാജന്റെ പേരുണ്ടായിരുന്നു. സമിതി നേരിട്ട് അണക്കെട്ടും പരിസരപ്രദേശങ്ങളും സമഗ്രമായി പരിശോധിച്ച് നാലുമാസത്തിനകം കേന്ദ്ര അണക്കെട്ടുസുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് നൽകാനായിരുന്നു ആ ഉത്തരവിലെ നിർദേശം. എന്നാൽ, ഇന്നേവരെ സമിതിയുടെ ഭാഗത്തുനിന്ന് അതിനുള്ള നീക്കമുണ്ടായില്ല. കേരളപ്രതിനിധിയോടുള്ള വിയോജിപ്പുകാരണം തമിഴ്‌നാട് ചെലുത്തിയ സമ്മർദമാണ് ഇതിനു കാരണമെന്നാണു സൂചന. പുതിയ ഉത്തരവു വന്നതിനുപിന്നാലെ സമിതിയുടെ നീക്കങ്ങൾ വേഗത്തിലാക്കാനും തമിഴ്‌നാട് ശ്രമമാരംഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക നിരന്തരം ഉയർത്തുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് സമഗ്രപരിശോധന. അതുകൊണ്ടുതന്നെ ടി.കെ. ശിവരാജനെ നീക്കിയ നടപടി ശ്രദ്ധയിൽപ്പെട്ടയുടനെ കേരളം പ്രതിഷേധം രേഖപ്പെടുത്തുകയും നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവമന്ത്രാലയത്തിനു കത്തയക്കുകയുംചെയ്തിട്ടുണ്ട്. നടപടി പിൻവലിക്കാൻ കേന്ദ്ര അണക്കെട്ടുസുരക്ഷാ അതോറിറ്റിയോട് നിർദേശിക്കണമെന്നാണ് കത്തിൽ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാഭാവികനീതി, സഹകരണം, പൊതുജനസുരക്ഷ എന്നിവ ഉൾക്കൊണ്ടുള്ള തിരുത്തൽനടപടിയാണു പ്രതീക്ഷിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കി. അനുകൂലനടപടിയുണ്ടായില്ലെങ്കിൽ കേന്ദ്ര ജലവിഭവമന്ത്രിയെ സമീപിക്കുമെന്നും എന്നിട്ടും പരിഹാരമായില്ലെങ്കിൽ സുപ്രീംകോടതിയിൽ പോകുമെന്നും സംസ്ഥാന ജലവിഭവമന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിന് അനുകൂലമായ അടിയന്തരതീരുമാനം കേന്ദ്രത്തിന്റെഭാഗത്തുനിന്ന് ഉണ്ടാകണം. Published: 22 Jun 2026, 10:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
